
തൊടുവക്കാട് ജനകീയാരോഗ്യകേന്ദ്രത്തിന്റെ കെട്ടിടം നിർമാണ നടപടികൾ വൈകുന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തൊടുവക്കാട് ∙ സൗജന്യമായി സ്ഥലം ലഭ്യമായിട്ടും തൊടുവക്കാട് ജനകീയാരോഗ്യകേന്ദ്രത്തിന്റെ കെട്ടിടം നിർമാണത്തിനുള്ള നടപടികൾ വൈകുന്നു. തൊടുവക്കാട് സ്വദേശി അമേഷ് മാത്യു 6 സെന്റ് സ്ഥലം സൗജന്യമായി ഏഴംകുളം പഞ്ചായത്തിന് എഴുതി നൽകിയിട്ട് ഒന്നര വർഷമായിട്ടും ഇതുവരെ ഒരു നടപടിയുമായിട്ടില്ല.
കെട്ടിടം നിർമാണത്തിനുള്ള പദ്ധതി തയാറാക്കി സർക്കാരിലേക്ക് അയച്ചെങ്കിലും ഫണ്ട് അനുവദിച്ച് സർക്കാർ ഉത്തരവിറക്കിയിട്ടില്ല. ഇതിനുള്ള കാലതാമസമാണ് നിർമാണം നീളുന്നത്. ഏഴംകുളം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കീഴിലുള്ള ജനകീയാരോഗ്യകേന്ദ്രമാണിത്. ഏഴംകുളം പഞ്ചായത്തിലെ 1 മുതൽ 4 വരെ വാർഡുകളിലുള്ളവർക്ക് പ്രയോജനപ്പെടുന്ന ജനകീയാരോഗ്യകേന്ദ്രം ഇപ്പോൾ 3–ാം വാർഡിലാണ് പ്രവർത്തിക്കുന്നത്. ഈ വാർഡിൽ തന്നെയാണ് കെട്ടിടം നിർമിക്കാനുള്ള സ്ഥലം ലഭ്യമായതും.
സൗജന്യമായി സ്ഥലം നൽകിയ അമേഷ് മാത്യുവിന്റെ കെട്ടിടത്തിലാണ് ജനകീയാരോഗ്യകേന്ദ്രം ഇപ്പോൾ പ്രവർത്തിക്കുന്നത്. ഈ കെട്ടിടത്തിൽ നിന്ന് സ്വന്തമായ കെട്ടിടത്തിലേക്ക് ജനകീയാരോഗ്യ കേന്ദ്രം മാറ്റണമെന്നാണാവശ്യം. ഇതിനായി ഫണ്ട് അനുവദിക്കാൻ സർക്കാർ തയാറാകണമെന്നാവശ്യവും ഉയർന്നിട്ടുണ്ട്. സ്വന്തമായി കെട്ടിടമില്ലാത്ത ജനകീയാരോഗ്യകേന്ദ്രങ്ങൾക്ക് കെട്ടിടം നിർമിക്കാൻ 2023 നവംബറിൽ പദ്ധതി വരികയും ആ പദ്ധതിയിൽ തൊടുവക്കാട് ജനകീയാരോഗ്യകേന്ദ്രവും ഉൾപ്പെടുകയും ചെയ്തിരുന്നതാണ്.
അന്ന് കെട്ടിടം നിർമിക്കാൻ സ്ഥലമില്ലാത്തതിനാൽ ഫണ്ട് അനുവദിച്ചിരുന്നില്ല. പിന്നീട് 3 വാർഡിൽ നിന്ന് ജനകീയാരോഗ്യകേന്ദ്രം മാറ്റാനുള്ള ശ്രമങ്ങൾ നടന്നു. ഇതറിഞ്ഞ് തൊടുവക്കാട് നിവാസികൾ ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് ആരോഗ്യകേന്ദ്രം തൊടുവക്കാട്ട് തന്നെ നിലനിർത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടർന്നാണ് അമേഷ് മാത്യു കെട്ടിടം നിർമിക്കാൻ സ്ഥലം സൗജന്യമായി നൽകിയത്. ഇപ്പോൾ സ്ഥലം നൽകിയിട്ട് ഒന്നര വർഷം പിന്നിട്ടിട്ടും കേന്ദ്ര സർക്കാരിന്റെ ആരോഗ്യ ഗ്രാൻഡ് ഉപയോഗപ്പെടുത്തി കെട്ടിടം നിർമിക്കാനുള്ള അനുമതി നൽകി സംസ്ഥാന സർക്കാർ ഉത്തരവിറക്കാത്തതു കാരണമാണ് നിർമാണം വൈകുന്നത്.