
ആദ്യം ഭാര്യ, പിന്നെ ഭർത്താവും മകനും; 3 മരണങ്ങളും ഒരേ സമയത്ത്: ഒന്നര മാസത്തിനിടെ ഒരു കുടുംബം ഓർമയായി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഒറ്റപ്പാലം ∙ ആദ്യം ഭാര്യ, പിന്നെ ഭർത്താവും മകനും. ഒന്നര മാസത്തിനിടെ കുടുംബം മുഴുവൻ ഓർമയായതു മനിശ്ശേരിയിലെ വീട്ടിൽ ഒരേ മുറിയിൽ. മേയ് 14നു വൈകിട്ടാണു കിരണിന്റെ ഭാര്യ അഖീനയെ വീടിന്റെ ഒന്നാം നിലയിൽ കിടപ്പുമുറിയിലെ മേൽക്കൂരയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഖീന മരിച്ച 51–ാം നാളിൽ അതേ മുറിയിൽ അതേ ഭാഗത്താണു ഭർത്താവ് കിരണും മകൻ കിഷനും മരിച്ചത്. 3 മരണങ്ങളും സംഭവിച്ചത് ഏകദേശം ഒരേ സമയത്ത്. മരണകാരണവും അന്വേഷണഭാഗമാകും. മനിശ്ശേരി കണ്ണമ്മ നിലയത്തിൽ കിരൺ (38), മകൻ കിഷൻ (9) എന്നിവരാണു കഴിഞ്ഞ ദിവസം മരിച്ചത്. മകനു കുരുക്കൊരുക്കി കൊലപ്പെടുത്തിയ ശേഷം അച്ഛൻ തൂങ്ങിമരിച്ചതാണെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. മനിശ്ശേരിയിലെ വീട്ടിൽ വൈകിട്ട് അഞ്ചോടെയാണ് ഇരുവരെയും മരിച്ച നിലയിൽ ബന്ധുക്കൾ കണ്ടെത്തിയത്. കിരണിന്റെ ഭാര്യ അഖീന ഇതേ വീട്ടിൽ കഴിഞ്ഞ മേയ് 14നു തൂങ്ങിമരിച്ചിരുന്നു.
വിദേശത്ത് ജോലിചെയ്തിരുന്ന കിരൺ ഭാര്യയുടെ സംസ്കാരച്ചടങ്ങുകൾക്കു ശേഷം ജൂൺ 8നു മടങ്ങിയെങ്കിലും വ്യാഴാഴ്ച രാത്രി വീണ്ടും നാട്ടിലെത്തുകയായിരുന്നു. മായന്നൂർ പാറമേൽപടിയിൽ സഹോദരിയുടെ വീട്ടിലായിരുന്ന മകനെ കൂട്ടി വെള്ളിയാഴ്ച രാവിലെ പതിനൊന്നോടെയാണു മനിശ്ശേരിയിലെത്തിയത്. സമീപത്തെ ബന്ധുവീട്ടിൽ പോയശേഷം സ്വന്തം വീട്ടിലേക്കു കയറി. പിന്നീടു മൂന്നരയോടെ വീടിന്റെ മുന്നിലെ വാതിൽ മാത്രം പൂട്ടി താക്കോൽ ബന്ധുവീട്ടിൽ ഏൽപിച്ച ശേഷം യാത്രപറഞ്ഞു മടങ്ങി.
പിന്നീടു വീണ്ടും ഇരുവരും തിരിച്ചെത്തുകയായിരുന്നു. വൈകിട്ട് അഞ്ചോടെ കിരണിന്റെ സ്കൂട്ടർ പുറത്തു നിർത്തിയിട്ടതു കണ്ട ബന്ധുക്കൾ പിൻവാതിലിലൂടെ കയറി പരിശോധിച്ചപ്പോഴാണു വീടിന്റെ ഒന്നാം നിലയിൽ ഇരുവരെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്കു മാറ്റി. കിഷൻ പാറമേൽപടിയിലെ സ്കൂളിൽ നാലാം ക്ലാസ് വിദ്യാർഥിയാണ്. ഷൊർണൂർ ഡിവൈഎസ്പി ആർ.മനോജ്കുമാർ, ഒറ്റപ്പാലം ഇൻസ്പെക്ടർ എ.അജീഷ്, എസ്ഐ എം.സുനിൽ എന്നിവർ വീട്ടിൽ പരിശോധന നടത്തി.
സഹപാഠികളെക്കണ്ട് മടക്കം മരണത്തിലേക്ക്
ഒറ്റപ്പാലം ∙ മൂന്നു വർഷം ഒപ്പം പഠിച്ച പ്രിയസഹപാഠികളെ കണ്ടു യാത്ര പറഞ്ഞു മനിശ്ശേരി എയുപി സ്കൂളിന്റെ പടിയിറങ്ങുമ്പോൾ കുഞ്ഞു മനസ്സ് ഓർത്തുകാണില്ല ഇത് അവസാന കൂടിക്കാഴ്ചയാകുമെന്ന്. മരിച്ച കിഷൻ അമ്മയുടെ മരണത്തിനു പിന്നാലെ പാറമേൽപടിയിലെ സ്കൂളിലേക്കു മാറുന്നതു വരെ മനിശ്ശേരി എയുപി സ്കൂളിലായിരുന്നു പഠനം. വ്യാഴാഴ്ച വിദേശത്തു നിന്നെത്തിയ അച്ഛൻ കിരൺ ആണു മകനെ മരണത്തിനു തൊട്ടുമുൻപു മനിശ്ശേരിയിലെ പഴയ സഹപാഠികളെ കാണാൻ കൊണ്ടുപോയത്. കൂട്ടുകാരെയും അധ്യാപകരെയും കണ്ട് ഏറെ സന്തോഷത്തോടെ സൗഹൃദം പങ്കിട്ടു. എല്ലാവരോടും യാത്ര പറഞ്ഞായിരുന്നു മടക്കം. മണിക്കൂറുകൾക്കകം നാടു കേട്ടത് അച്ഛന്റെയും മകന്റെയും മരണവാർത്തയാണ്. അമ്മ മരിച്ചതിനു പിന്നാലെയാണു കിഷനെ പിതൃസഹോദരിയുടെ മായന്നൂരിലെ വീട്ടിലേക്കു കൊണ്ടുപോയത്. ഇതോടെ കുട്ടിയെ പാറമേൽപടിയിലെ സ്കൂളിൽ ചേർത്തു.