
വാഹനത്തിലെത്തിയവർ വിവരങ്ങൾ ആരാഞ്ഞു: ഭയന്ന് കുട്ടികൾ; തട്ടിക്കൊണ്ടുപോകൽ ശ്രമമോ? ആശങ്കയിൽ രക്ഷിതാക്കൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പെരുമ്പെട്ടി ∙ ട്യൂഷന് പോയ വിദ്യാർഥികളെ അടുത്തേക്ക് വിളിച്ച് വാഹനത്തിലെത്തിയവർ വിവരങ്ങൾ തിരക്കിയത് തട്ടിക്കൊണ്ടുപോകൽ ശ്രമമാണോയെന്നെ ആശങ്കയിൽ രക്ഷിതാക്കൾ. 2 ഇടങ്ങളിൽ സമാന സംഭവമുണ്ടായതിനാൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാവിലെ 6.10ന് ചുങ്കപ്പാറ – ചാലാപ്പള്ളി റോഡിൽ കുളത്തിങ്കലിന് സമീപമായിരുന്നു ആദ്യസംഭവം. സൈക്കിളിൽ പോകുകയായിരുന്ന എട്ടാം ക്ലാസുകാരിയോടാണ് വിവരങ്ങൾ തിരക്കിയത്.
ഭയന്നുപോയ കുട്ടി സൈക്കിൾ ഉപേക്ഷിച്ച് കരഞ്ഞുകൊണ്ട് പിന്നോട്ടോടി. ഒപ്പമുണ്ടായിരുന്ന 5–ാം ക്ലാസുകാരനായ സഹോദരൻ അടുത്ത വീട്ടിലേക്ക് സൈക്കിൾ ഓടിച്ചുകയറ്റി. സമീപവാസി വാനിലെത്തിയവരോട് കാര്യം തിരക്കിയപ്പോൾ അതിരാവിലെ എവിടേക്കാണ് പോകുന്നതെന്നാണ് അന്വേഷിക്കുകയായിരുന്നു എന്ന് പറഞ്ഞ് വാഹനം പോയി. ഇവിടെ നിന്ന് 300 മീറ്റർ അകലെയാണ് സൈക്കിളിലെത്തിയ 9 ക്ലാസ് വിദ്യാർഥിയോടു വാഹനം നിർത്തി ഇതേ വിവരങ്ങൾ ആരാഞ്ഞത്. ഇറങ്ങിവരാൻ ആവശ്യപ്പെട്ടതോടെ കുട്ടി വേഗത്തിൽ സൈക്കിളുമായി പോകുകയായിരുന്നു.
പെരുമ്പെട്ടി – ചാലാപ്പള്ളി റോഡിൽ അത്യാലിൽ സമീപം രാവിലെ 6.06നും പൂവനക്കടവ് – ചെറുകോൽപുഴ റോഡിൽ മഠത്തുംചാലിന് സമീപം 6.12നും ഈ വാഹനം കടന്നുപോകുന്ന ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. വാഹനത്തിൽ ദമ്പതികളെന്നു തോന്നിക്കുന്നവരും 2 കുട്ടികളുമുണ്ടായിരുന്നതായാണ് വിവരം. പഞ്ചായത്തംഗം കെ.ജി. സനൽകുമാറാണ് പൊലീസിൽ വിവരമറിയിച്ചത്.
പൊലീസും പഞ്ചായത്തംഗങ്ങളും മേഖലയിലെ റോഡുകൾക്ക് അഭിമുഖമായുള്ള നിരീക്ഷണ ക്യാമറകൾ പരിശോധിച്ചു. എന്നാൽ സൂചനയിലുള്ള വാഹനം കാണാനായെങ്കിലും വ്യക്തമായ നമ്പർ ലഭ്യമായില്ല. കഴിഞ്ഞ ജൂൺ 24ന് ചാലാപ്പള്ളി – അറിഞ്ഞിക്കൽ റോഡിൽ സമാന സംഭവമുണ്ടായ വാർത്ത പരന്നെങ്കിലും പിന്നീട് അന്വേഷണത്തിൽ കാൽനട യാത്രപോലും ദുസ്സഹമായ പാതയിൽ വാഹനയാത്രികർ കുട്ടിയെ നോക്കി കടന്നു പോകുകയായിരുന്നെന്നാണ് കണ്ടെത്തിയത്.