
തിരു. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രശ്നങ്ങളേറെ; ക്രമക്കേടുകളുടെ കൂടാരം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ നഴ്സുമാർക്ക് ക്ഷാമം. ആവശ്യത്തിന് ജീവനക്കാരില്ലാതെ വീർപ്പുമുട്ടുന്ന ആശുപത്രിയിലാണ് നഴ്സുമാരുടെ അഭാവവും കടുത്ത പ്രതിസന്ധിയാകുന്നത് 120 രോഗികൾക്ക് 2 നഴ്സുമാരാണ് നിലവിലുള്ളത്. രോഗികൾ ഏറ്റവും കൂടുതൽ തറയിലും വരാന്തയിലും കിടക്കുന്ന വാർഡുകളിൽ ഒന്നായ 28 ാം വാർഡിൽ 250 രോഗികളാണ് ചികിത്സയിൽ ഉള്ളത്. 80 കിടക്കകളാണ് ഇവിടെയുള്ളത്. 250 ൽ അധികം രോഗികളുടെ ചികിത്സ കാര്യങ്ങൾ നോക്കാനായി രണ്ടോ മൂന്നോ പേർ മാത്രമാണ് ഉണ്ടാകാറുള്ളത്.
കടുത്ത ജോലി ഭാരവും സമ്മർദവുമാണ് ഇവിടെയുള്ള നഴ്സുമാർ നേരിടുന്നത്. 250 നഴ്സുമാരെയെങ്കിലും പുതുതായി നിയമിച്ചാൽ മാത്രമേ ആശുപത്രിയിലെ നഴ്സുമാരുടെ ക്ഷാമത്തിന് കുറച്ചെങ്കിലും പരിഹാരമാകുകയുള്ളൂ. 81ലെ സ്റ്റാഫ് പാറ്റേണാണ് ഇപ്പോഴും നഴ്സുമാരുടെ കാര്യത്തിൽ തുടരുന്നത്. 15 വർഷങ്ങൾക്ക് മുൻപ് 1000 പേരാണ് ചികിത്സയ്ക്കായി എത്തിയിരുന്നതെങ്കിൽ ഇപ്പോൾ 5000 ത്തിലേറെ പേരാണ് എത്തുന്നത്. പുതിയ നഴ്സുമാരെ നിയമിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും നടപടികൾ ഇപ്പോഴും അകലെയാണ്.
കമ്മിഷൻ കൊള്ള
അഞ്ചരക്കോടി രൂപ മുടക്കി ഒരു മെഷീൻ വാങ്ങിയാൽ ആശുപത്രി വികസന സമിതിയിലെയും ആശുപത്രിയിലെ ചില ഉന്നതർക്കും കമ്മിഷനായി ലഭിക്കുന്നത് ലക്ഷങ്ങളാണ്. ഓരോ വകുപ്പ് മേധാവികൾക്കും കേടാകുന്ന മെഷീൻ എത്രയും പെട്ടെന്ന് അറ്റകുറ്റപ്പണി നടത്തി രോഗികൾക്ക് ചികിത്സ ഉറപ്പാക്കാനാണ് താൽപര്യം. എന്നാൽ വികസന സമിതിയിലെ അംഗങ്ങൾക്ക് മുഴുവൻ പുതിയ ഉപകരണങ്ങൾ വലിയ വിലയ്ക്ക് വാങ്ങാനാണ് ഇപ്പോഴും താൽപര്യം. ഇക്കാര്യത്തിൽ വികസന സമിതിയിലെ അംഗങ്ങൾ മുഴുവൻ ഒറ്റക്കെട്ടാണ്.
സമിതി യോഗം ചേരുമ്പോൾ പുതിയ മെഷീനുകൾ വാങ്ങാനായി ചില അംഗങ്ങൾ ആവശ്യം ഉന്നയിക്കുകയും മറ്റുള്ളവർ ഇത് അംഗീകരിക്കുന്നതുമാണു പതിവ്. ഡോക്ടർമാർ അറ്റകുറ്റപ്പണി നടത്തണമെന്ന് അപേക്ഷ നൽകിയാലും ഇവർ നിരാകരിക്കും. കാരണം കോടികൾ വിലയുള്ള മെഷീനുകൾ വാങ്ങിയാൽ മാത്രമേ കമ്മിഷൻ ലഭിക്കൂ. തങ്ങൾക്ക് വേണ്ടവർക്ക് ആശുപത്രിയിലെ അറ്റകുറ്റപ്പണികളുടെ കരാർ എടുത്ത് നൽകാനും ശ്രമിക്കുന്നവരുണ്ട്. . ഇവർക്ക് സഹായം ചെയ്ത് നൽകുന്നവരിൽ ജീവനക്കാരും രാഷ്ട്രീയ പാർട്ടിക്കാരും ഉൾപ്പെടുന്നു.
ഡിജിറ്റൽ ഇടപാടുകളില്ല
ആശുപത്രി മോർച്ചറിയിൽ മൃതദേഹം കൊണ്ടു പോകാൻ എത്തുന്നവരുടെ കയ്യിൽ പണമില്ലെങ്കിൽ ബുദ്ധിമുട്ടിലാകും. ഗൂഗിൾ പേ, സ്വൈപ്പ് മെഷീൻ തുടങ്ങിയ സംവിധാനങ്ങളൊന്നും ഇവിടെയില്ല. ആളുകൾ പൈസ അടയ്ക്കാനായി നോക്കുമ്പോഴാണ് ഡിജിറ്റൽ ഇടപാടുകൾ ഇല്ല എന്നറിയുന്നത്. പിന്നെ പൈസ എടുക്കാനായി എടിഎമ്മുകൾ തേടിയുള്ള ഓട്ടമാണ്.
നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ മണിക്കൂറുകൾ നീണ്ട കാത്തിരിപ്പാണ്. മൃതദേഹം കൊണ്ടു പോകാൻ ആശുപത്രി ആംബുലൻസുകൾ ഒന്നും ലഭ്യമല്ല. സ്വകാര്യ ആംബുലൻസുകളിലാണ് മൃതദേഹങ്ങൾ കൊണ്ടു പോകുന്നത്. ഇതിനായി ബന്ധുക്കളെ സമീപിക്കുന്ന ഇടനിലക്കാരും ഉണ്ട്. ചില ജീവനക്കാർ തന്നെ ഇടനിലക്കാരായി പ്രവർത്തിക്കുന്ന സാഹചര്യമുണ്ട്. ഇവർ തന്നെ ആംബുലൻസുകളെ ഏർപ്പാടാക്കി തരും.
സുരക്ഷാ ജീവനക്കാരിൽ പ്രശ്നക്കാരും
രോഗികളെയും കൂട്ടിരിപ്പുകാരെയും മർദിക്കുകയും ഇതിന്റെ പേരിൽ പുറത്താക്കുകയും ചെയ്തവരെ ഇത് തണുത്ത് കഴിയുമ്പോൾ തിരിച്ചെടുക്കുകയാണ് സ്ഥിരം രീതി. ഇത്തരത്തിൽ പൊലീസ് കേസുകളിൽപെട്ടവരടക്കം ആശുപത്രിയിൽ സുരക്ഷാ ജീവനക്കാരായി ജോലി ചെയ്യുന്നുണ്ട്. ഇവർക്ക് എല്ലാ ഒത്താശയും ചെയ്ത് നൽകുന്ന രാഷ്ട്രീയക്കാരാണ്. താൽക്കാലിക നിയമനങ്ങൾ വഴി എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും ആളുകളെ ഇവിടെ തിരുകിക്കയറ്റിയിട്ടുണ്ട്. ഈ ധൈര്യത്തിലാണ് ഇവർ രോഗികളെയും കൂട്ടിരിപ്പുകാരെയും ഉപദ്രവിക്കുന്നത്.
ഇവരെ പിടികൂടാനായി ക്യാമറകൾ സ്ഥാപിച്ചെങ്കിലും ഇതില്ലാത്ത സ്ഥലങ്ങൾ വച്ചാണ് ഇപ്പോൾ സുരക്ഷാ ജീവനക്കാർ അതിക്രമം നടത്തുന്നത്. സംഭവം പുറത്ത് അറിയുന്നതോടെ ആശുപത്രി അധികൃതർ അടിയന്തരമായി ഇവരെ പുറത്താക്കും. വിഷയം തണുത്ത് കഴിയുന്നതോടെ പതിയെ വീണ്ടും തിരികെ എടുക്കും. കുറച്ച് കാലം മുൻപ് ശ്രീകുമാർ എന്നയാളിനെ മർദിച്ച അവശനാക്കിയ സുരക്ഷാ ജീവനക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി ഉൾപ്പെടെ പറഞ്ഞുവെങ്കിലും പിന്നീട് ഒന്നുമുണ്ടായില്ല. സുരക്ഷാ ജീവനക്കാരിൽ ഭൂരിപക്ഷം പേരും നന്നായി ഇടപെടുമ്പോൾ ഇത്തരക്കാർ ആശുപത്രിയിൽ എത്തുന്നവർക്ക് തന്നെ ഭീഷണിയാണ്.