
ആശുപത്രിവാസം ജീവൻ കയ്യിൽ പിടിച്ച്; ചിറ്റൂരിൽ കിടത്തിച്ചികിത്സ ഇടിഞ്ഞുവീഴാറായ കെട്ടിടത്തിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചിറ്റൂർ ∙ താലൂക്ക് ആശുപത്രിയിൽ 70 കോടിയിലേറെ രൂപ മുടക്കി നിർമിച്ച ഏഴുനിലക്കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത് ഒന്നരമാസം കഴിഞ്ഞിട്ടും കിടത്തിച്ചികിത്സ ഇപ്പോഴും പഴയ കെട്ടിടത്തിൽ. കാലപ്പഴക്കം മൂലം പൊളിച്ചു കളയാൻ തീരുമാനിച്ച ഓടിട്ട കെട്ടിടത്തിനു ചുറ്റും പാഴ്ച്ചെടികൾ വളർന്നിട്ടുണ്ട്. ചോർച്ചയും കൊതുകുശല്യവും ഉണ്ട്. ഇവിടെ ചികിത്സയിലായിരുന്നയാൾക്കു പാമ്പു കടിയേറ്റതു മാസങ്ങൾക്കു മുൻപാണ്.
ജീവനക്കാരുടെ കുറവും ഫർണിച്ചർ ഉൾപ്പെടെ ഉപകരണങ്ങൾ സ്ഥാപിക്കാത്തതുമാണു പുതിയ കെട്ടിടത്തിലേക്കു മാറ്റാതിരിക്കാനുള്ള കാരണമായി പറയുന്നത്.നേരത്തെ സ്ത്രീകളുടെ വാർഡ് മാത്രമായിരുന്നു ഇവിടെ. ഇപ്പോൾ പുരുഷവാർഡും പഴയ കെട്ടിടത്തിൽ തന്നെയാണ്. സ്ഥലം എംഎൽഎ കൂടിയായ മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ ഇടപെടലോടെയാണു കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 2020ൽ കെട്ടിടത്തിന്റെ പണി തുടങ്ങിയത്. ഇക്കഴിഞ്ഞ മേയ് 18നു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
നിലവിൽ 15 ഡോക്ടർമാരടക്കം 93 ജീവനക്കാരാണു താലൂക്ക് ആശുപത്രിയിലുള്ളത്. എന്നാൽ, പുതിയ കെട്ടിടത്തിലേക്കു മാറ്റുമ്പോൾ ഇരട്ടിയിലേറെ വേണം. 183 പേരെ പുതിയതായി നിയമിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇത്രപേരെ നിയമിക്കാനാകില്ലെന്നാണു സർക്കാർ അറിയിപ്പ്. 111 പേരുടെ മറ്റൊരു പട്ടിക നൽകിയെങ്കിലും നിയമനം സംബന്ധിച്ചു തുടർനടപടിയില്ല.
പുതിയ കെട്ടിടം ആശുപത്രി അധികൃതർക്കു കൈമാറിയെന്നു പറയുന്നുണ്ടെങ്കിലും സാധനസാമഗ്രികൾ മാറ്റി സ്ഥാപിക്കാനുള്ള അനുമതി മാത്രമാണു നൽകിയിട്ടുള്ളത്. ഫർണിച്ചർ പ്രവൃത്തികൾ ബാക്കിയുണ്ട്. ഇരിപ്പിടം അടക്കമുള്ള ഒരു സംവിധാനവും ഇല്ല. നിലവിൽ പ്രവർത്തിക്കുന്ന കെട്ടിടത്തിലെ കസേരയും മേശയും ഇരിപ്പിടങ്ങളും ഉൾപ്പെടെ പുതിയ കെട്ടിടത്തിലേക്കു മാറ്റിയെങ്കിൽ മാത്രമേ അവിടെ പരിശോധന ആരംഭിക്കാനാകൂ. മാത്രമല്ല ജനറേറ്റർ അടക്കമുള്ള ഉപകരണങ്ങൾ പ്രവർത്തിപ്പിച്ചിട്ടില്ല. പുതിയ കെട്ടിടത്തിൽ ശുചീകരണ തൊഴിലാളികളുടെ ആവശ്യമുണ്ട്.
ചരിത്രസ്മാരകമായാലും ഇടിഞ്ഞു വീഴാതിരിക്കുമോ
പാലക്കാട് ∙ ചരിത്രസ്മാരകം എന്നൊക്കെ വിളിക്കാമെങ്കിലും ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള കെട്ടിടം നവീകരണം പോലും നടത്താതെ നിൽക്കുന്നതു ഗവ.നഴ്സിങ് സ്കൂളിലെ വിദ്യാർഥികൾക്കു ഭീഷണിയാണ്. ജില്ലാ ആശുപത്രിയോടു ചേർന്നുള്ള പഴയ കെട്ടിടങ്ങൾ ഇടിഞ്ഞാൽ വിദ്യാർഥികൾക്കു മാത്രമല്ല ജില്ലാ ആശുപത്രിയിലെ ലാബിനുൾപ്പെടെ ഭീഷണിയാകും.
ബ്രിട്ടിഷ് ഭരണകാലത്തു കോടതിയായി പ്രവർത്തിച്ചിരുന്ന കെട്ടിടങ്ങളാണിത്. ഗവ.നഴ്സിങ് സ്കൂളിന്റെ ഹോസ്റ്റലാണ് ഇവിടെ പ്രവർത്തിച്ചിരുന്നത്. കെട്ടിടത്തെ കാലപ്പഴക്കം ബാധിച്ചതോടെ ഹോസ്റ്റൽ പുതിയ കെട്ടിടത്തിലേക്കു മാറ്റി. പഴയ കെട്ടിടത്തിന്റെ സ്ഥാനത്തു പുതിയ കെട്ടിടം നിർമിക്കാൻ പദ്ധതി ഉണ്ടായിരുന്നെങ്കിലും ചരിത്രസ്മാരകം എന്ന നിലയിൽ പൊളിക്കാൻ കഴിയില്ലെന്നായി.
അറ്റകുറ്റപ്പണിക്കു പോലും അനുമതി ലഭിച്ചില്ല. കേന്ദ്ര പുരാവസ്തു വകുപ്പിന്റെ കൈവശമുള്ള കോട്ടയുടെ സമീപത്താണെന്നതിനാൽ പുതിയ കെട്ടിടം നിർമിക്കാൻ ദൂരപരിധി പ്രശ്നവും വരും. പഴയതു പൊളിച്ചു പുതിയ കെട്ടിടം നിർമിച്ചാൽ മാത്രമേ നഴ്സിങ് സ്കൂളിന്റെ പ്രവർത്തനം സുഗമമാക്കാൻ കഴിയൂ. പഴയ കെട്ടിടം പൊളിച്ചുമാറ്റിയില്ലെങ്കിൽ കനത്ത മഴയിൽ ഇടിഞ്ഞുവീഴാനും സാധ്യതയുണ്ട്.