
മാനാഞ്ചിറ – മലാപ്പറമ്പ് റോഡ് വികസനം: ഉടമസ്ഥതയിൽ തർക്കം; സ്ഥലം പൊലീസ് സഹായത്തോടെ ഏറ്റെടുത്തു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോഴിക്കോട് ∙ മാനാഞ്ചിറ – മലാപ്പറമ്പ് റോഡ് വികസനവുമായി ബന്ധപ്പെട്ടു സർക്കാർ ഏറ്റെടുക്കുന്ന ഭൂമിയിലെ നിർമിതികൾ പൊളിച്ചു നീക്കാൻ എത്തിയ റവന്യു സംഘത്തെ തടഞ്ഞു.തുടർന്നു പൊലീസ് സുരക്ഷയിൽ റവന്യു ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നിർമാണം പൊളിച്ചു നീക്കി സ്ഥലം ഏറ്റെടുത്തു. ഇന്നലെ രാവിലെ 10ന് സിവിൽ സ്റ്റേഷനു സമീപം ഹോമിയോ കോളജ് – സിവിൽ സ്റ്റേഷൻ റോഡ് ജംക്ഷനിലാണ് സംഭവം.റോഡ് നാലുവരിയായി വികസിപ്പിക്കാൻ 2017ൽ സർക്കാർ ഭൂമി ഏറ്റെടുത്തിരുന്നു. തുടർന്നു ഭൂഉടമകൾക്ക് നഷ്ടപരിഹാരം നൽകി. എന്നാൽ മലാപ്പറമ്പ് – മാനാഞ്ചിറ പരിധിയിൽ സിവിൽ സ്റ്റേഷനു സമീപത്തും എരഞ്ഞിപ്പാലത്തും ഏറ്റെടുത്ത ഭൂമിയുമായി ബന്ധപ്പെട്ടു 2 പേരുമായി കോടതി നടപടി തുടരുന്ന സാഹചര്യത്തിൽ തുടർനടപടി വൈകി. സിവിൽ സ്റ്റേഷൻ റോഡ് ജംക്ഷനിലെ അബുൽ ഹസന്റെ ഉടമസ്ഥതയിലുള്ള വീടിനു മുൻവശത്തെ 1.73 സെന്റ് സ്ഥലമാണ് ഏറ്റെടുത്തത്. എന്നാൽ, ഈ ഭൂമിയിൽ മറ്റൊരാൾ അവകാശവാദം ഉന്നയിച്ചതോടെ പണം നൽകുന്നത് റവന്യു വിഭാഗം തടഞ്ഞു വച്ചു. ഭൂമി വിട്ടുകൊടുക്കാൻ സമ്മതമാണെങ്കിലും പണം ലഭിച്ച ശേഷമേ ഭൂമി ഏറ്റെടുക്കാവൂ എന്നായിരുന്നു ഉടമയുടെ നിലപാട്.
ഈ സ്ഥലത്തിനു സമീപം ഏറ്റെടുത്ത മറ്റൊരു സ്ഥലത്തെ കെട്ടിടം റോഡിനു വേണ്ടി പൊളിച്ചു മാറ്റിയിരുന്നു. തർക്കം നിലനിന്ന സ്ഥലത്ത് കഴിഞ്ഞ ദിവസം മണ്ണുമാന്തി യന്ത്രവുമായി കരാറുകാർ എത്തിയെങ്കിലും പൊളിച്ചു മാറ്റാനുള്ള ശ്രമം ഉടമ തടഞ്ഞു. തുടർന്നു പ്രോജക്ട് മാനേജർ, റവന്യു അധികൃതർ എന്നിവരുമായി ചർച്ച ചെയ്തു. രേഖകളുമായി ഇന്നലെ കലക്ടറോടു സംസാരിക്കാമെന്ന് അറിയിച്ചാണ് ഉദ്യോഗസ്ഥർ മടങ്ങിയതെന്നു സ്ഥലം ഉടമ പറയുന്നു. എന്നാൽ, റവന്യു വിഭാഗം ഭൂ രേഖ പരിശോധിച്ച് ഇന്നലെ കലക്ടറുടെ ഉത്തരവുമായാണ് സ്ഥലം ഏറ്റെടുക്കാൻ എത്തിയത്. മണ്ണുമാന്തിയുമായി വീടിനു മുന്നിലെ മതിലും ഗേറ്റും പൊളിക്കാൻ ശ്രമിച്ചപ്പോൾ വീട്ടുകാർ തടഞ്ഞു.തഹസിൽദാർ എ.എം.പ്രേംലാൽ, നഗരപാത വികസന പദ്ധതി പ്രോജക്ട് ഡയറക്ടർ വിനയ രാജ്, മറ്റു റവന്യു ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി. നടക്കാവ് ഇൻസ്പെക്ടർ എൻ.പ്രജീഷിന്റെ നേതൃത്വത്തിൽ പൊലീസ് എത്തി സുരക്ഷ നൽകി. റോഡിനു വേണ്ടി ഏറ്റെടുത്ത സ്ഥലത്തെ മതിലും ഗേറ്റും മാറ്റി. ഇതിനിടയിൽ, ഏറ്റെടുക്കാത്ത സ്ഥലത്തെ മതിൽ പൊളിച്ചതുമായി ബന്ധപ്പെട്ട് സ്ഥലം ഉടമയുമായി വീണ്ടും തർക്കമായി. പൊളിഞ്ഞ മതിലും അനുബന്ധ വഴിയും അറ്റകുറ്റപ്പണി നടത്താമെന്ന് ഒടുവിൽ തഹസിൽദാർ ഉറപ്പു നൽകി.മതിൽ പൊളിച്ചതോടെ തൊട്ടടുത്ത ഇടവഴിയിൽ ഉണ്ടായ തടസ്സം ഉടനെ മാറ്റി ഗതാഗത യോഗ്യമാക്കുമെന്നും അധികൃതർ അറിയിച്ചു.