
‘ഈ വീട് അവളായിരുന്നു, അതാണ് ഇല്ലാതായത്; അവളാണ് രണ്ടു മക്കളെയും പഠിപ്പിച്ചത്’; നോവായി ബിന്ദു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തലയോലപ്പറമ്പ് ∙ ‘ഈ വീട് അവളായിരുന്നു. അതാണ് ഇല്ലാതായത്’ – കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കെട്ടിടം തകർന്ന്, അവശിഷ്ടങ്ങൾക്കിടയിൽ ഞെരിഞ്ഞമർന്നു മരിച്ച ഡി.ബിന്ദുവിന്റെ (52) ശരീരം വീട്ടിലെത്തിച്ചപ്പോൾ ഭർത്താവ് വിശ്രുതന്റെ വാക്കുകൾ പലവട്ടം ഇടറി. ‘അവളാണ് രണ്ടു മക്കളെയും പഠിപ്പിച്ചത്. അവളാണ് വീട്ടിലെ ചെലവെല്ലാം നോക്കിയിരുന്നത്. മക്കളുടെ പഠനം കഴിഞ്ഞിട്ടുമതി, ഈ വീടിന്റെ ബാക്കി പണിയെന്ന് പറഞ്ഞതും അവളാണ്. ഈ വീട് പൂർത്തിയാകാതെ കിടക്കുന്നത് അതുകൊണ്ടാണ്. അവളായിരുന്നു ഞങ്ങൾക്ക് എല്ലാം’: ഇത്രയും പറഞ്ഞതിനു തൊട്ടു പിന്നാലെ വിശ്രുതൻ ഉറച്ച ശബ്ദത്തിൽ പറഞ്ഞു: ‘ഞങ്ങളായിട്ട് സർക്കാരിനോട് ഒന്നും ചോദിക്കില്ല. അവർക്കു തോന്നുന്നത് തരട്ടെ.’
ആശുപത്രിയിൽ കൂട്ടിരിക്കാൻ തന്റെയൊപ്പം എത്തിയ അമ്മയുടെ ചേതനയറ്റ ശരീരത്തിനരികിലിരുന്ന് മകൾ നവമി കരഞ്ഞുകൊണ്ടേയിരുന്നു. ‘വ്യാഴാഴ്ച രാവിലെ അമ്മ ആശുപത്രിയിലെ കുളിമുറിയിലേക്കു പോകുന്നതു കണ്ടതാണ്. പിന്നെ മോർച്ചറിയിൽ മരവിച്ചു കിടക്കുന്ന അമ്മയുടെ ചിതറിയ മുഖമാണു കണ്ടത്’ – മകൾ പറയുന്നു. തന്റെ ആദ്യ ശമ്പളം അമ്മയുടെ കാൽക്കൽവച്ച് അനുഗ്രഹം വാങ്ങാനെത്തിയ മകൻ നവനീത് ചിതയിലെ ആ ശരീരത്തിലേക്ക് മാവിന്റെ ചെറുകമ്പുകൾ അടുക്കിവച്ചു. വിശ്രുതനും ബിന്ദുവിന്റെ അമ്മ സീതാലക്ഷമിയും നേർത്ത തേങ്ങലോടെ അരികിൽ നിന്നു.
കണ്ണീരോടെ ഭർത്താവ് വിശ്രുതനും മകൾ നവമിയും. ചിത്രം: അരുൺ ജോൺ / മനോരമ
തലയോലപ്പറമ്പ് താലൂക്കിലെ ഏറ്റവും ഉയർന്ന പ്രദേശമായ ഉമാംകുന്നിനു മുകളിൽ മേപ്പാട്ടുകുന്നേൽ തറവാട്ടിലെ നാലര സെന്റിൽ ലൈഫ് മിഷൻ പദ്ധതിയുടെ സഹായത്തോടെയും തങ്ങളുടെ സമ്പാദ്യങ്ങൾ ചേർത്തുവച്ചും ബിന്ദുവും വിശ്രുതനും പണിതുണ്ടാക്കിയ വീട്ടിലേക്ക് ഇന്നലെ രാവിലെ 8.30ന് ആണ് ബിന്ദുവിനെ കൊണ്ടുവന്നത്. സ്വന്തം പുരയിടത്തിൽ പൊതുദർശനത്തിനുള്ള സൗകര്യം ഇല്ലാത്തതിനാൽ അയൽവീട്ടിലാണ് അന്തിമോപചാരത്തിനും പൊതുദർശനത്തിനുമായി പന്തലൊരുക്കിയത്. ചിതയൊരുക്കിയതാവട്ടെ ബിന്ദുവിന്റെ സഹോദരി രേണുകയുടെ വീടിനരികിൽ.
ചിത്രം:മനോരമ
നൂറുകണക്കിന് ആളുകളാണ് ഇന്നലെ രാവിലെ മുതൽ ബിന്ദുവിനെ കാണാനെത്തിയത്. നിറയെ തുന്നിക്കൂട്ടലുകളും ആകൃതിയും മാറിപ്പോയ ബിന്ദുവിന്റെ മുഖം കണ്ട് സ്ത്രീകളിൽ പലരും പൊട്ടിക്കരഞ്ഞു. ഉച്ചയ്ക്ക് 12.30ന് പൊതുദർശന പന്തലിൽ നിന്ന് മൃതദേഹം വീട്ടിലേക്കെത്തിച്ചു.
പൊതുദർശനത്തിനു വച്ചപ്പോൾ അന്ത്യാേപചാരം അർപ്പിക്കാൻ എത്തിയവർ. ചിത്രം: മനോരമ
മകൻ നവനീത് അന്ത്യകർമങ്ങൾ ചെയ്തു. 1.05ന് ചിതയ്ക്ക് തീ കൊളുത്തി. നാടിന്റെ മനസ്സിൽ പ്രതിഷേധാഗ്നിയായി ബിന്ദു. മന്ത്രി വീണാ ജോർജ് ബിന്ദുവിന്റെ കുടുംബാംഗങ്ങളെ ഫോണിൽ വിളിച്ചും മന്ത്രി വി.എൻ. വാസവൻ നേരിട്ടെത്തിയും ആശ്വസിപ്പിച്ചു.