
പാലാ ജനറൽ ആശുപത്രി; കെട്ടിട നിർമാണങ്ങളിൽ വൻ അപാകത
പാലാ ∙ ജനറൽ ആശുപത്രിയിൽ മുൻകൂർ അനുമതിയില്ലാതെയും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയുമാണ് പല കെട്ടിടങ്ങളും നിർമിച്ചിരിക്കുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് കെട്ടിട
നിർമാണ വിഭാഗവും ഇലക്ട്രിക് വിഭാഗവും നടത്തിയ പരിശോധനയിൽ കണ്ടെത്തി. ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വിഭാഗവും അഗ്നിരക്ഷാ സേനയും നഗരസഭയും ചേർന്നു നടത്തിയ സംയുക്ത പരിശോധനയിലും ഗുരുതരമായ സുരക്ഷാ വീഴ്ച കണ്ടെത്തിയിട്ടുണ്ട്.
ഇതു സംബന്ധിച്ച റിപ്പോർട്ട് മാണി സി.കാപ്പൻ എംഎൽഎ, ആർഡിഒ കെ.പി.ദീപ, തഹസിൽദാർ ലിറ്റി ജോസഫ് എന്നിവർ പങ്കെടുത്ത താലൂക്ക് വികസന സമിതി യോഗത്തിൽ പൊതുമരാമത്ത് കെട്ടിട നിർമാണ വിഭാഗം അസി.
എക്സിക്യൂട്ടീവ് എൻജിനീയർ കൈമാറി. കെട്ടിട
നിർമാണത്തിലെ അപാകം മൂലം അഗ്നിരക്ഷാ സേനയിൽ നിന്ന് ലഭിക്കേണ്ട നിരാക്ഷേപപത്രം (നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്) ഇല്ലാതെയാണ് ആശുപത്രി കെട്ടിടങ്ങൾ പ്രവർത്തിക്കുന്നത്.
ആശുപത്രി അധികൃതർക്ക് രേഖാമൂലം അറിയിപ്പ് നൽകിയെങ്കിലും പരിഹാര നടപടികൾ ഉണ്ടായില്ലെന്നു റിപ്പോർട്ടിൽ പറയുന്നു. ഇതുൾപ്പെടെ പൊതുമരാമത്ത് വകുപ്പ് ഗൗരവതരമായ 10 അപാകതകൾ കണ്ടെത്തി.
നഗരസഭയുടെ പദ്ധതി വിഹിതമായി എല്ലാ വർഷവും ആശുപത്രി നടത്തിപ്പിനും വികസനത്തിനുമായി കോടിക്കണക്കിനു രൂപ അനുവദിക്കുന്നുണ്ടെങ്കിലും യാതൊന്നും നടക്കുന്നില്ല. ആവശ്യത്തിനു ഡോക്ടർമാരും നഴ്സുമാരും മറ്റു ജീവനക്കാരും വേണ്ടത്ര മരുന്നുകളും ഉപകരണങ്ങളും ഇല്ലാത്ത സ്ഥിതിയാണ്.
കെട്ടിട നിർമാണത്തിലെ അപാകതകൾ ഉൾപ്പെടെ പരിഹരിച്ച് നിർധനരായ രോഗികളുടെ ആശ്രയമായ ജനറൽ ആശുപത്രി പ്രവർത്തനങ്ങൾ കുറ്റമറ്റതാക്കണം.
ജോബി കുറ്റിക്കാട്ട്, ജനറൽ ആശുപത്രി വികസന സമിതി അംഗം നഗരസഭയുടെ നിയന്ത്രണത്തിലുള്ള ആശുപത്രിയിൽ അഗ്നിരക്ഷാ സേന നടത്തിയ സുരക്ഷാ പരിശോധനയിൽ അടിയന്തരമായി പരിഹരിക്കേണ്ട 33 പോരായ്മകൾ കണ്ടെത്തിയിട്ടുണ്ട്.
ഏതാനും വർഷം മുൻപ് നിർമിച്ച 3 കെട്ടിടങ്ങളാണ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ നിർമിച്ചിരിക്കുന്നത്. ബഹുനില മന്ദിരമായ ഡയഗ്നോസ്റ്റിക് സെന്ററിന്റെ അടിഭാഗം ഇടിഞ്ഞിരിക്കുകയാണ്.
ഇവിടെ അടിയന്തരമായി സംരക്ഷണ ഭിത്തി നിർമിക്കണമെന്ന ആർഡിഒയുടെ നിർദേശം നടപ്പായിട്ടില്ല. നവകേരള സദസ്സുമായി ബന്ധപ്പെട്ട് നിയോജക മണ്ഡലത്തിന് അനുവദിച്ച 7 കോടി രൂപയിൽ മൂന്നര കോടി രൂപ മാണി സി.കാപ്പൻ എംഎൽഎ ജനറൽ ആശുപത്രി വികസന പ്രവർത്തനങ്ങൾക്കായി മാറ്റിയിട്ടുണ്ട്.
സംസ്ഥാന ബജറ്റിൽ ചുറ്റുമതിൽ നിർമാണത്തിനും കെട്ടിട നവീകരണത്തിനുമായി ഒന്നര കോടി രൂപ അനുവദിച്ചിട്ടുണ്ട്.
ഇതിനു പുറമേ 2 കോടി രൂപയാണ് ചുറ്റുമതിലിനായി വീണ്ടും അനുവദിച്ചിരിക്കുന്നത്. 4.65 ഏക്കർ സ്ഥലമാണ് രേഖകളിൽ ആശുപത്രിക്കുള്ളത്.
എന്നാൽ താലൂക്ക് സർവേ വിഭാഗം നടത്തിയ അളവിൽ ഇത്രയും സ്ഥലം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അനധികൃതമായി സ്ഥലം കയ്യേറി കെട്ടിടങ്ങൾ നിർമിച്ചതായി റവന്യു അധികാരികൾ കണ്ടെത്തിയെങ്കിലും തുടർനടപടി ഉണ്ടായില്ല.
ആശുപത്രിയുടെ അതിരുകൾ കണ്ടെത്തി അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിച്ചില്ലെങ്കിൽ അനുവദിച്ച തുക നഷ്ടമാകാനുള്ള സാധ്യതയുമുണ്ട്. പാർക്കിങ് സൗകര്യങ്ങളില്ലാതെ നിർമിച്ച കെട്ടിടങ്ങൾക്കു പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയാണ് സൗകര്യങ്ങൾ ഒരുക്കിയത്.
വലിയ റേഡിയേഷൻ സാധ്യതയുള്ള ഓങ്കോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥലപരിമിതി മൂലം വീർപ്പുമുട്ടുന്ന പാർക്കിങ് സ്ഥലത്ത് നിർമിക്കാനുള്ള ശ്രമം ഉപേക്ഷിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]