
‘സേഫ്റ്റി ഓഡിറ്റും ഫയര്‍ ഓഡിറ്റും നടത്തിയിരുന്നു; സുരക്ഷ ഉറപ്പാക്കാൻ പദ്ധതിയുണ്ട്’: ആരോഗ്യവകുപ്പിന്റെ ചരിത്രത്തിൽ ആദ്യമെന്ന് വിശദീകരണം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം∙ സംസ്ഥാനത്തെ ആശുപത്രികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ആശുപത്രി സുരക്ഷാ പദ്ധതി നിലവിലുണ്ടെന്ന് ആരോഗ്യമന്ത്രിയുടെ ഓഫിസ്. ആരോഗ്യ വകുപ്പില്‍ ചരിത്രത്തിലാദ്യമായി ആശുപത്രികളില്‍ സേഫ്റ്റി ഓഡിറ്റും ഫയര്‍ ഓഡിറ്റും നടത്തിയിരുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി. കെട്ടിടം തകര്‍ന്ന് വീട്ടമ്മ മരിച്ചതിനു പിന്നാലെയാണ് ആരോഗ്യമന്ത്രിയുടെ ഓഫിസ് വിശദീകരണക്കുറിപ്പ് പുറത്തിറക്കിയത്.
സംസ്ഥാനത്തെ എല്ലാ പൊതുമേഖലാ ആരോഗ്യ സംവിധാനങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനും അപകടങ്ങള്‍ തടയുന്നതിനും ദുരന്ത ആഘാതം ഒഴിവാക്കുന്നതിനുമായി ആശുപത്രി സുരക്ഷാ പദ്ധതി തയാറാക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ മേയ് 21നു ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. ആരോഗ്യവകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുമാണു യോഗം ചേര്‍ന്നത്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നേത്യത്വത്തില്‍ വിദഗ്ധരെ ഉള്‍പ്പെടുത്തി നടത്തിയ ശില്പശാലകളില് നിന്നായി ആശുപത്രി സുരക്ഷാ പദ്ധതിക്ക് ആവശ്യമായ രൂപരേഖയും മാര്‍ഗനിര്‍ദേശങ്ങളും തയാറാക്കപ്പെട്ടിട്ടുണ്ട്.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഭാഗമായി ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ജൂണ്‍ 26 ന് ചേര്‍ന്ന സ്റ്റേറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ പരിശീലനങ്ങള്‍ക്കായി തുക അനുവദിച്ചിട്ടുമുണ്ട്. ഓഗസ്റ്റോടു കൂടി എല്ലാ പൊതു ആരോഗ്യ സ്ഥാപനങ്ങളിലും ഈ പദ്ധതി തയ്യാറാക്കപ്പെടും. ഈ സുരക്ഷാ പദ്ധതി മുഖേന കേരളത്തിലെ ആരോഗ്യ സ്ഥാപനങ്ങളും ആശുപത്രികളും നേരിട്ടേക്കാവുന്ന ഏറ്റവും പ്രധാനപ്പെട്ട ദുരന്ത സാധ്യതാ പ്രശ്നങ്ങളെ മനസിലാക്കുകയും അവയെ തരംതിരിച്ചു അതിനുള്ള പരിഹാരമാര്‍ഗങ്ങള്‍ തീരുമാനിക്കാവുന്നതുമാണ്.
അതത് സ്ഥലങ്ങളില്‍ അടിയന്തരമായി ഇടപെടാന്‍ കഴിയുന്ന കാര്യങ്ങള്‍ അവിടെ തന്നെയും അതിനപ്പുറമുള്ളവ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കൂടി സഹായത്തോടെയും പരിഹരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതിനപ്പുറം വലിയ ദുരന്ത ആഘാത സാധ്യതയുള്ള പ്രശ്നങ്ങളെ തടയുവാന്‍ സംസ്ഥാന ദുരന്ത ലഘൂകരണ ഫണ്ടില്‍ നിന്നും ധനസഹായം ലഭ്യമാക്കാനുള്ള വിശദമായ പദ്ധതി തയാറാക്കി സമര്‍പ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ആരോഗ്യവകുപ്പില്‍ ചരിത്രത്തിലാദ്യമായി ആശുപത്രികളില്‍ സേഫ്റ്റി ഓഡിറ്റും ഫയര്‍ ഓഡിറ്റും നടത്തി. പൊലീസും, ഫയര്‍ഫോഴ്സുമായി ചേര്‍ന്ന് സേഫ്റ്റി ഓഡിറ്റും മോക് ഡ്രില്ലും സംഘടിപ്പിച്ചു. ആശുപത്രി സുരക്ഷയ്ക്കായി പ്രത്യേക ഗൈഡ് ലൈനും പ്രഖ്യാപിച്ചു. രാജ്യത്ത് ആദ്യമായി കോഡ് ഗ്രേ പ്രോട്ടോകോള്‍ നടപ്പിലാക്കിയ സംസ്ഥാനം കൂടിയാണു കേരളമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.