
ഋതുവനം നട്ട ചെമ്പകസുഗന്ധത്തിന് കൃതജ്ഞതയുടെ ‘വേരൊപ്പ്’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മുൻവശത്ത് തീവണ്ടികൾ ചൂളമടിച്ചു പായുന്ന പാത, പിന്നിൽ ശാന്തമായി ഒഴുകുന്ന ഭാരതപ്പുഴ. കാറ്റിലിത്തിരി നനവ് കൊടുത്തുവിടുന്നുണ്ടത് സ്കൂളിലെ മഹാവനത്തെ നനയ്ക്കാൻ. വലുപ്പം കൊണ്ടല്ല, അധ്വാനം കൊണ്ടും ചേർന്നുചേർന്നു നിന്ന കുഞ്ഞുകരങ്ങളുടെ കരുതൽകൊണ്ടും മഹത്തായി മാറിയ വനമാണത്. ‘ഋതുവനം’ എന്നാണതിനു പേര്. കുറ്റിപ്പുറം ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിന്റെ മുറ്റത്ത് പൂക്കളും ഫലങ്ങളുമായി തലയുയർത്തി നിൽക്കുന്ന മരങ്ങളുടെ കൂട്ടമാണ് ഋതുവനം. മുൻ അധ്യാപകനായ എം.ദിലീപ് കുമാറിന്റെ നേതൃത്വത്തിൽ സഹ അധ്യാപകരും കുട്ടികളും ചേർന്ന് നട്ടുവളർത്തിയത്. മാഷിനെക്കുറിച്ചും ഋതുവനത്തിലെ മരങ്ങളെക്കുറിച്ചുമാണ് ഈ ലക്കം മനോരമ ആഴ്ചപ്പതിപ്പിൽ കവി പി.രാമൻ എഴുതിയ വേരൊപ്പ് എന്ന കവിത. സ്കൂളിലെ അധ്യാപകനാണ് രാമനും. വിദ്യ പഠിക്കാനെത്തുന്ന തലമുറകൾക്കായി തണൽ വിരിച്ചിട്ടയാൾക്ക് കവിതകൊണ്ടുള്ള ആദരമാണ് ‘വേരൊപ്പ്’
ജൂണിലെ മഴയോടൊപ്പം ഋതുവനത്തിൽ നിന്നെത്തുന്ന ചെമ്പകത്തിന്റെ ഗന്ധമാണ് പി.രാമനെ ഈ കവിതയിലേക്കു നയിച്ചത്. എഴുത്തിനവസാനം അത് ഋതുവനത്തിന്റെ നാഥനായ ദിലീപ് മാഷിനോടുള്ള കൃതജ്ഞതയുടെ കവിതയായും മാറി. നട്ടും നനച്ചുമൊരു വനത്തെയുണ്ടാക്കി എവിടെയും പേരൊന്നുമെഴുതിയിടാതെ പടിയിറങ്ങിപ്പോയ ദിലീപ് മാഷിനെ, ഇലകൾക്കിടയിലൊളിച്ചിരുന്ന് പരിമളം പരത്തുന്ന ചെമ്പകത്തോടുപമിക്കുന്നുണ്ട് കവി. ഓർമകളിൽ മാത്രമടയാളപ്പെടുത്തപ്പെട്ട ഈ വനത്തിന്റെ നാഥനെ അക്ഷരങ്ങൾ കൊണ്ട് അടയാളപ്പെടുത്തുകയാണ് കവി.
ഒരു വർഷം മുൻപാണു പി.രാമൻ സ്കൂളിൽ അധ്യാപകനായെത്തിയത്. 2007 മുതൽ 17 വരെയാണ് ദിലീപ് കുമാർ ഇവിടെ പഠിപ്പിച്ചിരുന്നത്. ഹയർസെക്കൻഡറി കെട്ടിടത്തിനു പരിസരത്തായി കായ്ഫലങ്ങൾ തരുന്ന മരങ്ങളും ചെടികളും വച്ചുപിടിപ്പിക്കുകയെന്ന, ദിലീപ് മാഷിന്റെ മനസ്സിൽ തോന്നിയ ചിന്തയിൽനിന്നാണ് ഋതുവനം പിറവിയെടുത്തത്. പക്ഷിമൃഗാദികളും പ്രകൃതിയുമെല്ലാം കവിതയുടെ ഭാഗമാക്കുന്ന കവിക്ക് ഈ വിദ്യാലയം കവിതകളുടെ വിളവിറക്കിന് ഏറ്റവും യോജിച്ച ഇടമായിരുന്നു. കവിത മണക്കുകയും പൂക്കുകയും ചെയ്യുന്ന അന്തരീക്ഷമൊരുക്കിയയാൾക്ക് കവിതകൊണ്ടു തന്നെ ആദരമൊരുക്കുകയായിരുന്നു കവി. നിലവിൽ താനൂർ ദേവധാർ ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകനാണു ദിലീപ് കുമാർ. എങ്കിലും, ചെമ്പകം പൂക്കും സുഗന്ധമായി കുറ്റിപ്പുറം ഹയർ സെക്കൻഡറി സ്കൂളിലും അദ്ദേഹത്തിന്റെ സാന്നിധ്യം മായാതെയുണ്ട്.