
ഓണക്കാല കൃഷിയുമായി തൊഴിലുറപ്പു സംഘം; ചിറയിൻകീഴിലെ കടകത്ത് തൈ നടീൽ യജ്ഞം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചിറയിൻകീഴ്∙ ഓണക്കാലത്തു അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള പച്ചക്കറി വർഗത്തിനു തടയിടാനും ജൈവകൃഷിയിൽ വിളയിച്ചെടുത്ത തനിനാടൻ പച്ചക്കറികൊണ്ട് ഓണസദ്യ ഒരുക്കാനും ചിറയിൻകീഴിലെ തൊഴിലുറപ്പുസംഘം കൃഷിയിടങ്ങളിലേക്ക്. ഗ്രാമ പഞ്ചായത്തിലെ കടകത്തു നടന്ന ഞാറ്റോണ തൈനടീൽ യജ്ഞത്തിൽ പങ്കെടുത്തത് 100ൽ പരം വീട്ടമ്മമാർ. കടകം സ്വദേശി കാമിൽഷായുടെ ഉടമസ്ഥതയിലുള്ള ഒന്നര ഏക്കറോളം തരിശു ഭൂമിയാണു തൊഴിലുറപ്പു തൊഴിലാളികൾ കൃഷിയോഗ്യമാക്കിയത്.
ഓണ നാളുകളിൽ വിളവെടുക്കാൻ പാകത്തിലുള്ള പച്ചക്കറിത്തൈകളാണ് ചിറയിൻകീഴ് കൃഷി ഓഫിസർ എസ്.ജയകുമാറിന്റെ മാർഗ നിർദേശമനുസരിച്ചു നട്ടത്. ഓണ നാളുകളിലേക്കു അത്തപ്പൂക്കളമൊരുക്കാനായി ജണ്ടുമല്ലിയടക്കമുള്ള പുഷ്പത്തൈകളുടെ ശേഖരവും കൃഷിയിടങ്ങളിൽ സ്ഥാനം കണ്ടെത്തിയിട്ടുണ്ട്. ഓണപ്പൂവിളിയോടെ ഗതകാല സ്മരണകൾ അയവിറക്കിയുള്ള കൃഷിയിറക്കൽ നേരിൽ കാണാൻ നാട്ടുകാരും പഞ്ചായത്തുതല ജനപ്രതിനിധികളുമെത്തിയിരുന്നു.
ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരസമിതി ചെയർമാൻ പി.മണികണ്ഠൻ നിർവഹിച്ചു. കടകം വാർഡംഗം അനീഷ്കുമാർ അധ്യക്ഷനായി. കർമശ്രീ പ്രസിഡന്റ് സിന്ധു, കോഓർഡിനേറ്റർ ജീവ, പെസ്റ്റ് സ്കൗട്ട് രാജി, കൃഷി പ്രമോട്ടർ അനിതകുമാരി എന്നിവർ നേതൃത്വം നൽകി. വരുംദിവസങ്ങളിൽ ഗ്രാമ പഞ്ചായത്തിലെ മറ്റു വാർഡുകളിൽ ഓണക്കൃഷിയിടം ഒരുക്കുന്നതിനു കൃഷിക്കൂട്ടങ്ങൾക്കുള്ള പച്ചക്കറി–ഓണപ്പൂത്തൈകളുമായുള്ള കൃഷിവണ്ടി ഇക്കോഷോപ്പിൽ നിന്ന് എല്ലാ ദിവസവും പുറപ്പെടുമെന്ന് കൃഷി ഓഫിസർ എസ്.ജയകുമാർ അറിയിച്ചു.