
ഇരുട്ടിന്റെ മറവിൽ തള്ളിയതു കിലോക്കണക്കിന് മാലിന്യം; അവരെക്കൊണ്ടു തന്നെ തിരിച്ചെടുപ്പിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊല്ലം∙ ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയ്ക്ക് ആസ്ഥാനമന്ദിരം നിർമിക്കാൻ തെക്കേവിള ഡിവിഷനിലെ കച്ചിക്കടവിൽ ഏറ്റെടുത്ത സ്ഥലത്ത് ഇരുട്ടിന്റെ മറവിൽ തള്ളിയതു കിലോക്കണക്കിന് മാലിന്യം. ഒടുവിൽ അവരെക്കൊണ്ടു തന്നെ അവ തിരിച്ചെടുപ്പിച്ചു. കോർപറേഷൻ ആരോഗ്യ വിഭാഗം 5000 രൂപ പിഴയും ‘സമ്മാന’മായി നൽകി. വല്ലയിലെ പ്രമുഖ കാർ ഡീറ്റെയിലിങ് സെന്ററിലെ മാലിന്യമാണ് ഇവിടെ തള്ളിയത്. പ്ലാസ്റ്റിക് കവറുകൾ, പ്ലാസ്റ്റിക് കുപ്പികൾ, പഴയ വാഹന ആക്സസറികൾ (ഡാമേജ്ഡ് ഫ്ലോർ മാറ്റ്സ് ഉൾപ്പെടെ), കടലാസുകൾ എന്നിങ്ങനെ പലതരത്തിലുളള മാലിന്യമാണ് വലിച്ചെറിഞ്ഞിരുന്നത്.
കൗൺസിലറും സർവകലാശാല അധികൃതരും പ്രദേശവാസികളും നടത്തിയ പരിശോധനയിൽ മാലിന്യത്തിൽ നിന്നു കിട്ടിയ കുറിയർ പാക്കറ്റിലെ ഫോൺ നമ്പറിൽ ബന്ധപ്പെട്ടപ്പോഴാണ് മാലിന്യം വലിച്ചെറിഞ്ഞവരെ തിരിച്ചറിയാൻ സാധിച്ചത്. എത്രയും വേഗം മാലിന്യം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടപ്പോൾ വണ്ടി വിടാമെന്നായിരുന്നു കാർ ഡീറ്റെയിലിങ് സെന്ററിന്റെ മറുപടി. ഉച്ചയ്ക്ക് 12 മണിയോടെ കാർ കെയർ സെന്റർ അയച്ച വാഹനത്തിൽ തന്നെ മാലിന്യം തിരിച്ചയച്ചു.
എന്നാൽ സമാനമായ കാർ ആക്സസറി വേസ്റ്റുകളുൾപ്പെടെ ചാക്കുകെട്ടിലാക്കി കൊണ്ടേത്തു പാലത്തിനു സമീപം തള്ളിയിട്ടുണ്ട്. ആളൊഴിഞ്ഞ സ്ഥലങ്ങളിൽ പ്രത്യേകിച്ച് കൊല്ലം തോടിന്റെ വശങ്ങളിലും തോട്ടിലേക്കും വളരെയധികം ഖരമാലിന്യം വലിച്ചെറിയുന്നുണ്ട്. ക്യാമറയില്ലാത്ത സ്ഥലങ്ങൾ തേടിപ്പിടിച്ച് അവിടം മാലിന്യനിക്ഷേപ കേന്ദ്രമാക്കി മാറ്റാനാണ് ഇത്തരക്കാർ ശ്രമിക്കുന്നതെന്ന് വാർഡ് കൗൺസലർ ടി.പി.അഭിമന്യു വ്യക്തമാക്കി.
മറക്കരുതേ…..
തെക്കേവിളയിലും മുണ്ടയ്ക്കലിലുമെല്ലാം കുമിഞ്ഞു കൂടിക്കിടക്കുന്ന മാലിന്യങ്ങളിൽ ഒട്ടേറെ ഡയപ്പറുകളുമുണ്ട്. ക്ലോത്ത് ഡയപ്പറുകൾ വിപണിയിൽ വീണ്ടും സ്ഥാനം പിടിച്ചിട്ടുണ്ടെങ്കിലും ഡിസ്പോസബിൾ ഡയപ്പറുകളോടാണ് ആളുകൾക്ക് പ്രിയം. എന്നാൽ ഉപയോഗശേഷം ഡയപ്പറുകൾ കൃത്യമായി നിർമാർജനം ചെയ്യാനറിയാത്തതിനാൽ വഴിയരികിലേക്ക് വലിച്ചെറിയുന്ന പ്രവണത കൂടുതലായുണ്ട്. ഉപയോഗിച്ച ഡയപ്പറിലെ മാലിന്യം ആദ്യം നീക്കം ചെയ്യുക. ശേഷം പുറത്തെ പാളി തുറന്ന് ഡയപ്പറിനുള്ളിലെ ജെൽ ഉപയോഗശൂന്യമായ ബക്കറ്റിൽ നിക്ഷേപിക്കുക. ജെല്ലിന്റെ അളവിന് അനുസരിച്ച് ഉപ്പ് ചേർക്കുക. അൽപസമയം കഴിഞ്ഞാൽ ഇതു വെള്ളമായി മാറും. ഈ വെള്ളം ഒഴിച്ചുകളയാവുന്നതാണ്. ജെൽ പൂർണമായി മാറ്റിയ ശേഷം സ്റ്റാൻഡേർഡ് സാനിറ്ററി ഇൻസിനറേറ്ററുകൾ ഉപയോഗിച്ച് ഡയപ്പറുകൾ നിർമാർജനം ചെയ്യാം.
⏩ ബയോഡീഗ്രേഡബിൾ ഡയപ്പറുകൾ ഉപയോഗിക്കാവുന്നതാണ്.
⏩ ഭക്ഷണാവശിഷ്ടങ്ങൾ വഴിയരികിൽ വലിച്ചെറിയുന്ന പ്രവണത അവസാനിപ്പിക്കുക. എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തമാണെന്ന് മനസ്സിലാക്കുക.
⏩ ഹരിതകർമസേനയ്ക്ക് തുച്ഛമായ തുക കൊടുക്കാൻ മടിക്കുന്നവർ പ്ലാസ്റ്റിക് കത്തിക്കുന്നു. പ്ലാസ്റ്റിക് കത്തിക്കുന്നത് അന്തരീക്ഷമലിനീകരണത്തിന് കാരണമാകുമെന്നത് ഓർക്കുക. ഹരിതകർമസേനാംഗങ്ങളുടെ സേവനം പരമാവധി പ്രയോജനപ്പെടുത്തുക.
സമാനമായ കാർ ആക്സസറി വേസ്റ്റുകൾ തള്ളിയിരിക്കുന്നു.
ഇറച്ചി വേസ്റ്റുംറോഡിൽ
ഇരവിപുരം – താന്നി റോഡിൽ പനമൂട് ഭാഗത്ത് ഇറച്ചിക്കടയിലെ മാലിന്യങ്ങൾ പതിവായി തള്ളുന്നെന്ന് പരാതി. ‘വെളുപ്പിനെ വാഹനങ്ങളിലെത്തി മാലിന്യം തള്ളുന്നതിനാൽ ആരാണു കൊണ്ടിടുന്നതെന്ന് അറിയില്ല. കോഴിയുടെ വേസ്റ്റ് ആയതിനാൽ വലിയ ദുർഗന്ധമാണ്. മൂക്കുപൊത്തി മാത്രമേ ഈ വഴി പോകാൻ കഴിയുള്ളൂ’– നാട്ടുകാർ പറയുന്നു. പ്രദേശത്ത് ക്യാമറകൾ സ്ഥാപിക്കണമെന്ന് പല തവണ ആവശ്യപ്പെട്ടിട്ടും നടപടിയില്ലെന്ന ആരോപണവുമുണ്ട്. മുണ്ടയ്ക്കൽ പ്രദേശത്തും മാലിന്യമല ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുകയാണ്.