
ബജറ്റിൽ തുക വകയിരുത്തിയ റോഡിന്റെ എസ്റ്റിമേറ്റിൽ അപാകത; വിജിലൻസ് കേസ് കാരണം നവീകരണം മുടങ്ങി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചെർപ്പുളശ്ശേരി ∙ ബജറ്റിൽ തുക വകയിരുത്തിയ റോഡിനു പൊതുമരാമത്ത് വകുപ്പ് സമർപ്പിച്ച എസ്റ്റിമേറ്റിൽ അപാകതയെന്നു പൊതുമരാമത്ത് തന്നെ കണ്ടെത്തിയതിനെ തുടർന്ന് വിജിലൻസ് കേസും അന്വേഷണവും നിലനിൽക്കുന്നതിനാൽ കുളപ്പുള്ളി–എലിയപ്പറ്റ റോഡിലെ ചളവറ മുതൽ എലിയപ്പറ്റ വരെയുള്ള 9.14 കിലോമീറ്റർ ദൈർഘ്യം വരുന്ന റോഡ് നവീകരണ പ്രവൃത്തി നടത്താൻ കഴിയാത്ത നിലയിൽ.
റോഡ് പ്രവൃത്തി നടത്താൻ 5 കോടി രൂപ ബജറ്റിൽ വകയിരുത്തി ഈ വർഷം ഫെബ്രുവരിയിലും മാർച്ചിലുമായി ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചെങ്കിലും കേസ് നിലനിൽക്കുന്നതിനാൽ ഏപ്രിൽ മാസത്തിൽ ടെൻഡർ നടത്താൻ കഴിഞ്ഞില്ല. കേസിന്റെ നടപടിക്രമങ്ങൾ പൂർത്തീകരിച്ചു കഴിഞ്ഞാൽ മാത്രമേ ടെൻഡർ വയ്ക്കാനാവൂ എന്ന നിലയാണ്. ഇതു മാത്രവുമല്ല, കയിലിയാട് മുതൽ എലിയപ്പറ്റ വരെയുള്ള ഭാഗങ്ങളിൽ ജലവിതരണത്തിനുള്ള പൈപ്പിടൽ പ്രവൃത്തിയും പൂർത്തീകരിക്കേണ്ടതുണ്ട്. ഇതിന് ഏറെ മാസങ്ങൾ കഴിയേണ്ടിവരുമെന്നാണ് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന.
യഥാസമയം റോഡ് നവീകരണ പ്രവൃത്തി നടത്താൻ കഴിയാത്തതിനാൽ ചളവറ മുതൽ എലിയപ്പറ്റ വരെയുള്ള റോഡ് കുഴികൾ രൂപപ്പെട്ട് ഗതാഗതയോഗ്യമല്ലാത്ത നിലയിലാണ്. റോഡിലെ കാരാട്ടുകുർശ്ശി, ചെമ്പരത്തിമാട്, കണ്ണംതൊടി, പാലാട്ടുപടി എന്നിവിടങ്ങളിൽ രൂപപ്പെട്ട വലിയ കുഴികളിൽ ചെളിവെള്ളം തളംകെട്ടി റോഡ് തന്നെ കാണാൻ കഴിയാത്ത നിലയിലാണ്. ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ റോഡിലെ കുഴികളിൽ വീണ് അപകടങ്ങൾ സംഭവിക്കുന്നത് നിത്യകാഴ്ചയായി മാറി. ആഴ്ചകൾക്കു മുൻപെ നാട്ടുകാർ പണം സമാഹരിച്ച് റോഡിലെ കുഴികൾ പാറപ്പൊടിയിട്ട് നികത്തിയെങ്കിലും അതെല്ലാം ചിന്നിച്ചിതറി വീണ്ടും പഴയപടിയായിട്ടുണ്ട്.
2017–18 വർഷത്തെ ബജറ്റിൽ ആണ് കയിലിയാട് മുതൽ എലിയപ്പറ്റ വരെയുള്ള റോഡിനായി ടോക്കൺ മണി വച്ചത്. പിന്നീട് റോഡ് യാഥാർഥ്യത്തിലേക്ക് എന്ന ഘട്ടമെത്തിയപ്പോൾ എസ്റ്റിമേറ്റ് നിശ്ചയിച്ചു. 2020ൽ നിരത്ത് വിഭാഗം ചീഫ് എൻജിനീയർ പഴയ എസ്റ്റിമേറ്റ് മാറ്റി പുതുക്കിയത് സമർപ്പിച്ചെങ്കിലും വകുപ്പ് നോർത്ത് സർക്കിൾ സൂപ്രണ്ടിങ് എൻജിനീയർ ഈ എസ്റ്റിമേറ്റിൽ അപാകത കണ്ടെത്തി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. റിപ്പോർട്ട് പരിഗണിച്ച ധനവകുപ്പ് റോഡിനു സാധുതയില്ലെന്നു പറഞ്ഞു കയ്യൊഴിഞ്ഞു. ഇതോടെ പൊതുമരാമത്ത് വകുപ്പ് വിജിലൻസ് വിഭാഗം അന്വേഷണം നടത്തി.
2022ൽ വിജിലൻസ് വിഭാഗം ഡപ്യൂട്ടി ചീഫ് എൻജിനീയർ വകുപ്പിന് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. സർവീസിലുള്ള അസി എക്സിക്യൂട്ടീവ് എൻജിനീയർമാരും എഇമാരും വിരമിച്ച അസി. എക്സിക്യൂട്ടീവ് എൻജിനീയർമാരും എഇമാരും കുറ്റക്കാരെന്നു കണ്ടെത്തിയിരുന്നു. തുടർന്ന് 2024ൽ ഇവർക്കു കാരണം കാണിക്കൽ നോട്ടിസ് നൽകി. ഇവരുടെ മറുപടി സഹിതം കഴിഞ്ഞ മാർച്ചിൽ ചീഫ് എൻജിനീയർ സർക്കാരിനു കത്തു നൽകിയിരുന്നു. റിപ്പോർട്ട് ഇപ്പോൾ പരിശോധിച്ച വിരമിച്ച ഉദ്യോഗസ്ഥർക്ക് എതിരെ അന്വേഷണം നടത്തി 45 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ വകുപ്പ് സൂപ്രണ്ടിങ് എൻജിനീയറെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്. കേസ് തീർന്നു കഴിഞ്ഞാൽ മാത്രമേ ചളവറയിൽ നിന്ന് കയിലിയാട് വരെയുള്ള റോഡ് പ്രവൃത്തിയുടെ നടപടിക്രമങ്ങൾ ആരംഭിക്കാനാവൂ. ചളവറയിൽ നിന്ന് കയിലിയാട് വരെയുള്ള റോഡും തകർച്ചയുടെ വക്കിലാണ്.