
മുക്കുപണ്ടം പണയം വച്ച് 1.5 കോടിയുടെ തട്ടിപ്പ്; ബാങ്ക് ഉദ്യോഗസ്ഥരടക്കം 5 പേർ പിടിയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആലപ്പുഴ ∙ പുതുതലമുറ ബാങ്കിൽ മുക്കുപണ്ടം പണയം വച്ച് 1.5 കോടിയിലേറെ രൂപയുടെ തട്ടിപ്പു നടത്തിയ കേസിൽ ബാങ്ക് ഉദ്യോഗസ്ഥർ ഉൾപ്പെടെ അഞ്ചുപേരെ ജില്ലാ ക്രൈം ബ്രാഞ്ച് പിടികൂടി. ബെംഗളൂരു, പെരുമ്പാവൂർ, മാന്നാർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് ഇവർ പിടിയിലായത്. അറസ്റ്റിലായ പുന്നപ്ര തെക്ക് പഞ്ചായത്ത് എട്ടാം വാർഡ് കല്ലൂപ്പാറയിൽ ജെ.സുഹാസ് (33), ആലപ്പുഴ അവലൂക്കുന്ന് കാളാത്ത് വാർഡ് വെളിയിൽ വി.എസ്.അജിത്ത് (30) എന്നിവരെ അമ്പലപ്പുഴ കോടതി റിമാൻഡ് ചെയ്തു. ബാങ്ക് മാനേജർ മാവേലിക്കര സ്വദേശി ശ്രീകുമാർ, റിലേഷൻഷിപ് മാനേജർ അഖിൽ, പെരുമ്പാവൂർ വെങ്ങോല സ്വദേശി പരീതുകുഞ്ഞ് എന്നിവർ ക്രൈം ബ്രാഞ്ചിന്റെ കസ്റ്റഡിയിലുണ്ട്.
ഇവരുടെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തും. ഇവരെ ഇന്നലെ രാത്രി ആലപ്പുഴയിലെത്തിച്ചു.ബാങ്കിന്റെ അമ്പലപ്പുഴ ശാഖയിൽ കഴിഞ്ഞ വർഷം ജൂലൈ 16 മുതൽ നവംബർ 18 വരെ 23 ഇടപാടുകളിലൂടെയാണു തട്ടിപ്പു നടത്തിയത്. ബാങ്കിന്റെ പരാതിയിൽ ജനുവരിയിൽ അമ്പലപ്പുഴ പൊലീസ് കേസെടുത്തു. ഒരു കോടി രൂപയിലേറെ നഷ്ടപ്പെട്ട സംഭവമായതിനാൽ അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. 16 പേരെക്കൊണ്ടു ബാങ്ക് ജീവനക്കാരുടെ സഹായത്തോടെ മുക്കുപണ്ടം പണയം വയ്പിച്ച് 1,52,78,505 രൂപ സുഹാസിന്റെ അക്കൗണ്ടിലേക്ക് അയച്ചുകൊടുത്തെന്നാണു കേസ്.
ഒരേസമയം വലവീശി പൊലീസ്; പ്രതികളെല്ലാം പിടിയിൽ
ആലപ്പുഴ ∙ ബാങ്കിൽ മുക്കുപണ്ടം പണയം വച്ച് 1.5 കോടിയിലേറെ രൂപയുടെ തട്ടിപ്പു നടത്തിയ കേസിലെ പ്രധാന പ്രതി സുഹാസ് മുൻപ് ആലപ്പുഴയിലും പുന്നപ്രയിലും റെഡിമെയ്ഡ് വസ്ത്രക്കട നടത്തിയിരുന്നു. സ്വർണമുണ്ട്, പണയം വച്ചാൽ ബിസിനസിൽ ഉപയോഗിക്കാമെന്നു പറഞ്ഞ് സുഹൃത്ത് അജിത്ത് സുഹാസിനെ സമീപിച്ചതോടെയാണു തട്ടിപ്പിന്റെ തുടക്കം. സുഹാസ് സുഹൃത്തായ അഖിലിനെ ഇക്കാര്യത്തിൽ ബന്ധപ്പെട്ടു. അഖിൽ ഇതു ശ്രീകുമാറിനെ അറിയിക്കുകയും പലരുടെ പേരിൽ പണയം വച്ചു പണം എടുക്കുകയുമായിരുന്നെന്നു ക്രൈം ബ്രാഞ്ച് കണ്ടെത്തി. അജിത്തിനു മുക്കുപണ്ടം നൽകിയതു പരീതുകുഞ്ഞാണ്.
ജനുവരിയിൽ അമ്പലപ്പുഴ പൊലീസ് കേസെടുത്തതോടെ സുഹാസ് കുടുംബത്തെയും കൂട്ടി മുങ്ങി. പിന്നീട് ബെംഗളൂരു കസവനഹള്ളിയിൽ ജ്യൂസുകട നടത്തുകയായിരുന്നു ഇയാൾ. ഇടയ്ക്കു രഹസ്യമായി നാട്ടിൽ വന്നുപോകുന്നുണ്ടായിരുന്നെന്നും ക്രൈം ബ്രാഞ്ച് കണ്ടെത്തി. ദിവസങ്ങളോളം നിരീക്ഷിച്ചാണു സുഹാസിനെ ക്രൈം ബ്രാഞ്ച് സംഘം പിടികൂടിയത്. അജിത്തിനെ ആലപ്പുഴയിൽനിന്നും ശ്രീകുമാറിനെ മാന്നാറിൽനിന്നും പരീതുകുഞ്ഞിനെ പെരുമ്പാവൂരിൽ നിന്നുമാണു പിടികൂടിയത്. പരീതുകുഞ്ഞിനു പണ്ടങ്ങൾ നൽകിയ ആളെ ക്രൈം ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.
ഇയാൾ മറ്റൊരു കേസിൽ ജയിലിലാണ്. പണ്ടങ്ങൾ നിർമിച്ചയാളെ പറ്റി സൂചന ലഭിക്കുകയും ചെയ്തു. പരീതുകുഞ്ഞ് പിടിച്ചുപറി ഉൾപ്പെടെ കേസുകളിൽ പ്രതിയാണ്. കേസിൽ ചിലർ പിടിയിലായെന്നറിഞ്ഞു മുങ്ങാൻ പരീതുകുഞ്ഞ് ശ്രമിച്ചിരുന്നു. ക്രൈം ബ്രാഞ്ച് സംഘം എത്തുന്നതിന് ഒരു മണിക്കൂർ മുൻപു ഫോൺ സ്വിച്ച് ഓഫ് ചെയ്തെങ്കിലും ഇയാളെ പെരുമ്പാവൂർ പ്രദേശത്തുനിന്നു തന്നെ പിടികൂടി.കേസിൽ പ്രതിയായ ശേഷം ശ്രീകുമാർ മാവേലിക്കരയിൽനിന്നു മാറിത്താമസിച്ചിരുന്നു. മാന്നാർ പൊലീസിന്റെ പരിധിയിൽനിന്നാണു പിടിയിലായത്. സ്വന്തമായി പണമിടപാടു സ്ഥാപനം തുടങ്ങാനുള്ള ശ്രമത്തിലായിരുന്നെന്നും ക്രൈം ബ്രാഞ്ച് കണ്ടെത്തി.
കേന്ദ്രം കോതമംഗലം
ആലപ്പുഴ ∙ മുക്കുപണ്ടം പണയം വച്ചു പണം തട്ടുന്ന വൻ ശൃംഖല കോതമംഗലം കേന്ദ്രീകരിച്ചുണ്ടെന്നു പൊലീസ് പറയുന്നു. സംസ്ഥാനത്തിന്റെ പല ഭാഗത്തും ഇവർ ഇത്തരത്തിൽ പണയം വച്ചു പണമെടുത്തിട്ടുണ്ട്. അതിന്റെയെല്ലാം വിവരങ്ങൾ ബന്ധപ്പെട്ടവർക്കു കൈമാറാനും ഈ ചങ്ങല പൊട്ടിക്കാനുമാണു പൊലീസിന്റെ ശ്രമം. ഒരേ സമയത്തുള്ള നീക്കത്തിലൂടെയാണ് എല്ലാവരെയും ക്രൈം ബ്രാഞ്ച് പിടികൂടിയത്.
പല സമയത്തായി ശ്രമിച്ചാൽ എല്ലാവരെയും കിട്ടില്ല എന്നതായിരുന്നു കാരണം. ജില്ലാ പൊലീസ് മേധാവി എം.പി.മോഹനചന്ദ്രൻ, ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എസ്.നുഅ്മാൻ, എസ്ഐമാരായ കെ.എ.സാബു, സജി സാരംഗ്, മോഹൻ കുമാർ, അഗസ്റ്റിൻ വർഗീസ്, എ.സുധീർ, ശർമ കുമാർ, ഹരികുമാർ, സിപിഒമാരായ സിദ്ദീഖ് ഉൽ അക്ബർ, ബൈജു സ്റ്റീഫൻ, ആന്റണി, അർഫാസ് അഷറഫ് എന്നിവരാണു കേസ് അന്വേഷിച്ചത്.