
കേരളത്തിൽ മൂന്നു ദിവസത്തെ മുന്നേറ്റത്തിന് ബ്രേക്കിട്ട് സ്വർണവിലയിൽ ഇന്നു വൻ കുറവ്. ഗ്രാമിന് ഒറ്റയടിക്ക് 55 രൂപ കുറഞ്ഞ് വില 9,050 രൂപയും പവന് 440 രൂപ താഴ്ന്ന് 72,400 രൂപയുമായി. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ ഗ്രാമിന് 190 രൂപയും പവന് 1,520 രൂപയും കൂടിയശേഷമാണ് ഇന്നു പൊടുന്നനെ വില മലക്കംമറിഞ്ഞത്. ഡോളറിന് പകർന്ന കരുത്താണ് സ്വർണത്തിനു തിരിച്ചടിയായത്.
∙ ബിഗ്, ബ്യൂട്ടിഫുൾ നികുതി നിയമം യുഎസിന്റെ അതിവേഗ സാമ്പത്തിക വളർച്ചയാണ് ഉന്നമിടുന്നതെന്ന് പ്രസിഡന്റ് ട്രംപ് വ്യക്തമാക്കിയിരുന്നു. ഇതു ഫലത്തിൽ ഡോളറിനു കരുത്താകും. ഡോളർ ശക്തിപ്പെടുന്നത് സ്വർണത്തിനു തിരിച്ചടിയാകും. സ്വർണം വാങ്ങുക ചെലവേറിയതാകുമെന്നതാണ് കാരണം. ഇതു ഡിമാൻഡിനെ ബാധിക്കുകയും വില കുറയുകയും ചെയ്യും.
∙ യുഎസിൽ കഴിഞ്ഞമാസം പുതിയ തൊഴിലവസരങ്ങൾ പ്രതീക്ഷിച്ചതിനേക്കാൾ കൂടിയെന്നത്, യുഎസ് സമ്പദ്വ്യവസ്ഥ മെച്ചപ്പെടുന്നുവെന്നു സൂചിപ്പിക്കുന്നു. സമ്പദ്വ്യവസ്ഥയിൽ പ്രശ്നങ്ങളുണ്ടെന്ന് വിലയിരുത്തി ഈ മാസം അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാനിരുന്ന കേന്ദ്രബാങ്കായ ഫെഡറൽ റിസർവിനെ മാറിച്ചിന്തിക്കാൻ ഇതു പ്രേരിപ്പിക്കും. പലിശ കുറയുന്നത് സംബന്ധിച്ച അനിശ്ചിതത്വം ഉടലെടുത്തതും സ്വർണത്തിനു തിരിച്ചടിയായി.
ഇന്നലെ ഔൺസിന് 3,360 ഡോളറിനടുത്തായിരുന്ന രാജ്യാന്തര സ്വർണവില ഇന്നൊരുഘട്ടത്തിൽ 3,324 ഡോളറിലേക്കു വീണു. ഇതു കേരളത്തിലും വില കുറയാൻ സഹായിച്ചു.
ഇനി സ്വർണവില കുറയാൻ
തന്നെയാണോ സാധ്യത?
∙ ട്രംപിന്റെ ‘ബിഗ്, ബ്യൂട്ടിഫുൾ’ നികുതി നിയമം ഹ്രസ്വകാലത്തിൽ ഡോളറിനു കരുത്താവുമെങ്കിലും ദീർഘകാലത്തിൽ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. കാരണം, ഈ നിയമം യുഎസിന്റെ കടത്തിൽ മൂന്നര ലക്ഷം കോടി ഡോളറിന്റെ അധികബാധ്യതയ്ക്ക് വഴിയൊരുക്കുന്നതാണ്. അതായത്, ഇനിയും കടംവാങ്ങിക്കൂട്ടാൻ യുഎസ് ഗവൺമെന്റ് നിർബന്ധിതരാകും. ഇത് ഡോളറിന്റെ മൂല്യം, ഗവൺമെന്റ് കടപ്പത്രത്തിന്റെ ആദായനിരക്ക് (ട്രഷറി ബോണ്ട് യീൽഡ്) എന്നിവയെ ബാധിക്കും. ഇവ ദുർബലമാകുകയും സ്വർണ നിക്ഷേപങ്ങൾക്ക് ഡിമാൻഡ് കൂടുകയും ചെയ്യും; സ്വർണവില ഉയരും.
∙ യുഎസിൽ അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാൻ ഫെഡറൽ റിസർവ് വിസമ്മതിക്കുകയാണെങ്കിൽ ഡോളറും ബോണ്ട് യീൽഡും ഉയർന്ന നിലവാരത്തിൽ തുടരും. ഇതു സ്വർണത്തിന് പ്രതികൂലമാണ്. എന്നാൽ, ട്രംപിന്റെ ഭീഷണിക്ക് വഴങ്ങി ഈ മാസം തന്നെ പലിശ കുറച്ചാൽ സ്വർണം തിരിച്ചുകയറും.
കേരളവും സ്വർണവിലയും
രാജ്യാന്തര സ്വർണവില, രൂപ-ഡോളർ വിനിമയനിരക്ക്, സ്വർണത്തിന്റെ മുംബൈ വിപണിവില, ഇന്ത്യയിലേക്ക് സ്വർണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകൾ സ്വർണ വ്യാപാരികളിൽ നിന്ന് ഈടാക്കുന്ന നിരക്ക് (ബാങ്ക് റേറ്റ്) എന്നിവ അടിസ്ഥാനമാക്കിയാണ് ഓരോ ദിവസവും രാവിലെ കേരളത്തിൽ സ്വർണവില നിർണയം.
ഇന്നു ഡോളറിനെതിരെ രൂപ 8 പൈസ താഴ്ന്ന് 85.39ലാണ് വ്യാപാരം ആരംഭിച്ചത്. രൂപ തളർന്നില്ലായിരുന്നെങ്കിൽ സ്വർണവില ഇന്നു കൂടുതൽ കുറയുമായിരുന്നു. മുംബൈയിൽ സ്വർണവില കുറഞ്ഞത് ഗ്രാമിന് 59 രൂപ. ബാങ്ക് റേറ്റ് ഗ്രാമിന് 58 രൂപ കുറഞ്ഞതും കേരളത്തിലെ വിലയെ സ്വാധീനിച്ചു.
18 കാരറ്റും വെള്ളിയും
ഭീമ ഗ്രൂപ്പ് ചെയർമാൻ ഡോ.ബി. ഗോവിന്ദൻ നയിക്കുന്ന ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) വിലനിർണയ പ്രകാരം ഇന്ന് സംസ്ഥാനത്ത് 18 കാരറ്റ് സ്വർണവില ഗ്രാമിന് 45 രൂപ താഴ്ന്ന് 7,470 രൂപയിലെത്തി. വെള്ളി വില ഗ്രാമിന് 119 രൂപയിൽ മാറ്റമില്ലാതെ നിൽക്കുന്നു.
എസ്. അബ്ദുൽ നാസർ വിഭാഗം എകെജിഎസ്എംഎ ഇന്നു 18 കാരറ്റ് സ്വർണത്തിനു നൽകിയ വില ഗ്രാമിന് 45 രൂപ കുറച്ച് 7,425 രൂപ. വെള്ളി വില ഗ്രാമിന് 116 രൂപയിൽ നിലനിർത്തി. കനംകുറഞ്ഞ (ലൈറ്റ്വെയ്റ്റ്) ആഭരണങ്ങളും വജ്രം ഉൾപ്പെടെ കല്ലുകൾ പതിച്ച ആഭരണങ്ങളും നിർമിക്കാൻ ഉപയോഗിക്കുന്നതാണ് 18 കാരറ്റ് സ്വർണം.
പണിക്കൂലിയും ചേർന്നാൽ പൊന്നിനു എന്തുവില?
സ്വർണം ആഭരണമായി വാങ്ങുമ്പോൾ 3% ജിഎസ്ടി, 45 രൂപയും അതിന്റെ 18% ജിഎസ്ടിയും ചേരുന്ന ഹോൾമാർക്ക് ചാർജ് (53.10 രൂപ), പണിക്കൂലി എന്നിവയും ബാധകമാണ്. പണിക്കൂലി ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് ഓരോ ജ്വല്ലറിയിലും വ്യത്യാസപ്പെട്ടിരിക്കും. ഇതു 3 മുതൽ 35 ശതമാനം വരെയൊക്കെയാകാം. 5% പണിക്കൂലി കണക്കാക്കിയാൽത്തന്നെ ഇന്നു കേരളത്തിൽ ഒരു പവൻ ആഭരണം വാങ്ങാൻ 78,000 രൂപയ്ക്ക് മുകളിലാകും. ഒരു ഗ്രാം സ്വർണാഭരണത്തിനു വാങ്ങൽവില 9,800 രൂപയോളവും.
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി/സ്വർണം മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)