
യാത്രക്കാരെ വലച്ച് വെള്ളക്കെട്ട്; ഇരട്ടച്ചിറ, വെള്ളപ്പാലി റോഡുകളിൽ യാത്രക്കാർ വലയുന്നു
ബേപ്പൂർ∙ മഴവെള്ളം പരന്നൊഴുകുന്ന ഇരട്ടച്ചിറ, വെള്ളപ്പാലി റോഡുകളിൽ യാത്രക്കാർ വലയുന്നു. റോഡ് നീളെ വെള്ളം ഒഴുകുന്നതിനാൽ നടന്നു പോകാൻ കഷ്ടപ്പെടുകയാണ് ജനം.
മഴയൊന്നു ചാറിയാൽ മതി വഴിയിൽ വെള്ളം വ്യാപിക്കും. പിന്നെ ദിവസങ്ങളോളം റോഡിലൂടെ ഒഴുകുന്ന സ്ഥിതിയാണ്. മഴക്കാലത്ത് ഉയർന്ന പ്രദേശമായ കയർ ഫാക്ടറി, വെള്ളപ്പാലി റോഡ് ഭാഗങ്ങളിൽ നിന്നുള്ള വെള്ളം ഇരട്ടച്ചിറ റോഡിലേക്കാണ് ഒഴുകി എത്തുന്നത്. ഓട ഇല്ലാത്തതിനാൽ ഇതു പരന്നൊഴുകും. കയർ ഫാക്ടറി മുതൽ പയ്യേരി പറമ്പ് വരെ റോഡിൽ വെള്ളം ഒഴുകുകയാണ്.
ബേപ്പൂർ ഇരട്ടച്ചിറ റോഡിൽ വെള്ളം പരന്നൊഴുകുന്നു.
ഇതിലൂടെയാണു നാട്ടുകാർ നടന്നു പോകുന്നത്. കയർ ഫാക്ടറി, ആർഎം പരിസരം, പഴയ പോസ്റ്റ് ഓഫിസ് എന്നിവിടങ്ങളിൽ നിന്നു ഗോതീശ്വരം ഭാഗത്തേക്ക് എളുപ്പം എത്താവുന്ന ലിങ്ക് റോഡാണ് വെള്ളത്തിൽ മുങ്ങി കിടക്കുന്നത്.
ഓട സംവിധാനം ഇല്ലാത്തതാണ് പ്രതിസന്ധി. മഴക്കാലത്തു പതിവായുള്ള യാത്രാ ദുരിതം പലവട്ടം കോർപറേഷൻ അധികൃതരെ അറിയിച്ചിട്ടും പരിഹാര നടപടി നീളുകയാണ്. അതേസമയം ഇരട്ടച്ചിറ റോഡിൽ വെള്ളപ്പാലി റോഡ് ജംക്ഷൻ പരിസരത്തു നിന്നു 250 മീറ്റർ നീളത്തിൽ ഓട
നിർമിക്കാൻ എംഎൽഎ ഫണ്ടിൽ 25 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും ടെൻഡർ ചെയ്ത പ്രവൃത്തി മഴ മാറിയാൽ തുടങ്ങുമെന്നും കൗൺസിലർ ടി.രജനി പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]