
‘വിവാഹത്തിന് 20 പവന്റെ സ്വർണവും 2 ലക്ഷം രൂപയും, പിന്നീട് 4 ലക്ഷം കൂടി നൽകി’: ജോർലിയുടെ മരണത്തിൽ ഭർത്താവ് അറസ്റ്റിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തൊടുപുഴ∙ ഗാർഹിക പീഡനത്തെത്തുടർന്ന് ജീവനൊടുക്കാൻ ശ്രമിച്ച യുവതി ചികിത്സയിലിരിക്കെ മരിച്ചു. ഭർത്താവ് അറസ്റ്റിൽ. പുറപ്പുഴ ആനിമൂട്ടിൽ ജോർലിയാണ് (34) ഏഴു ദിവസത്തെ ചികിത്സയ്ക്കു ശേഷം മരിച്ചത്. സംഭവത്തിൽ ഭർത്താവ് ടോണി മാത്യുവിനെ (43) കരിങ്കുന്നം പൊലീസ് അറസ്റ്റ് ചെയ്തു. ഭർത്താവിന്റെയും ബന്ധുക്കളുടെയും ഭാഗത്തു നിന്നുണ്ടായ മാനസിക, ശാരീരിക പീഡനങ്ങളെത്തുടർന്നാണു മകൾ വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചതെന്ന് ആരോപിച്ചു ജോർലിയുടെ പിതാവ് കോതമംഗലം പല്ലാരിമംഗലം അടിവാട് കുന്നക്കാട് ജോൺ കരിങ്കുന്നം പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഭർതൃവീട്ടിൽ ജോർലി കടുത്ത പീഡനമേറ്റിരുന്നെന്ന് വ്യക്തമായി. ഇതോടെയാണ് ടോണി മാത്യുവിനെ അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ 26നാണ് ജോർലിയെ വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചതിനെത്തുടർന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തീവ്ര പരിചരണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന ജോർലി ഇന്നലെ (3) വൈകിട്ട് നാലരയോടെയാണ് മരിച്ചത്. ജോർലിയുടെ ഏക മകൾ അലീന ഒൻപതാം ക്ലാസിലാണ്. സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. ജോർലിയുടെ മാതാവ്: പരേതയായ ആനീസ്.
20 പവന്റെ സ്വർണാഭരണങ്ങളും രണ്ടു ലക്ഷം രൂപയും വാങ്ങിയാണ് ടോണി ജോർലിയെ വിവാഹം കഴിച്ചതെന്നും പിന്നീട് ഭർത്താവിന്റെ വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി നാലു ലക്ഷം രൂപ കൂടി നൽകിയതായും ജോൺ നൽകിയ പരാതിയിൽ പറയുന്നു. നൽകിയ പണവും സ്വർണവും ടോണി ചെലവഴിച്ചു. ഇതിനിടെ വീട്ടിൽ വഴക്കുണ്ടായതിനെത്തുടർന്ന് ടോണി ഭാര്യയും മകളുമായി വാടക വീട്ടിലേക്ക് താമസം മാറിയിരുന്നു. ഇവിടെ വച്ചും ഭാര്യയെയും മകളെയും ഇയാൾ ഉപദ്രവിച്ചിരുന്നതായി പിതാവിന്റെ പരാതിയിൽ പറഞ്ഞിരുന്നു. കോടതിയിൽ ഹാജരാക്കിയ ടോണിയെ റിമാൻഡ് ചെയ്തു.