
‘ക്രിസ്മസ് ആഘോഷങ്ങൾക്ക് സെനറ്റ് ഹാൾ നൽകി, ഭാരത മാതാവിന്റെ ചിത്രമാണെന്നു തിരിച്ചറിഞ്ഞില്ല; റജിസ്ട്രാർക്ക് അനുസരണയില്ലായ്മ’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ ഭാരതാംബയുടെ ചിത്രം മതചിഹ്നമാണെന്ന തെളിയിക്കാന്‍ കഴിയുന്ന രേഖകള്‍ ഹാജരാക്കാന്‍ റജിസ്ട്രാര്‍ ഡോ.കെ.എസ്.അനില്‍കുമാറിന് കഴിഞ്ഞില്ലെന്നും അനാദരവ് കാട്ടിയെന്നും ചൂണ്ടിക്കാട്ടി വീഴ്ചകള്‍ അക്കമിട്ടു നിരത്തിയാണ് വൈസ് ചാന്‍സലര്‍ ഡോ. മോഹനന് കുന്നുമ്മല്‍ സിന്‍ഡിക്കറ്റിനു റിപ്പോര്‍ട്ട് കൈമാറിയത്. വേദിയിലുണ്ടായിരുന്ന ചിത്രം സംഘാടകര്‍ അവകാശപ്പെട്ടതു പോലെ ഭാരത മാതാവിന്റെ ചിത്രമാണെന്നു തിരിച്ചറിയാന്‍ റജിസ്ട്രാര്‍ക്കു കഴിഞ്ഞില്ലെന്നും പരിപാടിക്ക് അനുമതി റദ്ദാക്കുന്നതില്‍ ഗുരുതര വീഴ്ചയുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മറ്റ് ഉദ്യോഗസ്ഥരുടെ മൊഴികളുമായി ചേരുന്നതല്ല റജിസ്ട്രാറുടെ മൊഴി. ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് റജിസ്ട്രാര്‍ സെനറ്റ് ഹാള്‍ അനുവദിച്ചിരുന്നുവെന്ന് സമൂഹമാധ്യമങ്ങളില്‍നിന്ന് വ്യക്തമാണെന്നും വിസിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
റജിസ്ട്രാറുടെ നടപടി അനുസരണയില്ലായ്മയും ധിക്കാരവും കൃത്യവിലോപവും ആണെന്നും വിശദമായ അന്വേഷണവും അച്ചടക്ക നടപടിയും വേണമെന്നും സിന്‍ഡിക്കറ്റിനോടു വിസി ശുപാര്‍ശ ചെയ്തിട്ടുണ്ട്. 1974ലെ കേരള സര്‍വകലാശാല നിയമത്തിലെ 10 (13) വകുപ്പ് പ്രകാരമാണ് റജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. സിന്‍ഡിക്കറ്റ് ചേരാത്ത സമയത്ത് സിന്‍ഡിക്കറ്റിന്റെ അധികാരങ്ങള്‍ വിസിക്ക് പ്രയോഗിക്കാന്‍ കഴിയുന്ന വകുപ്പാണിത്. റജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്യാന്‍ വിസിക്ക് അധികാരമില്ലെന്ന് മറുവിഭാഗം വാദിക്കുമ്പോള്‍ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്യുക മാത്രമാണ് ചെയ്തിരിക്കുന്നതെന്നും ശിക്ഷാനടപടി അല്ലെന്നും അച്ചടക്കനടപടി സംബന്ധിച്ച് തീരുമാനമെടുക്കാന്‍ സിന്‍ഡിക്കറ്റിനോട് ശുപാര്‍ശ ചെയ്യുകയാണ് ചെയ്തിരിക്കുന്നതെന്നുമാണ് വിസി വ്യക്തമാക്കുന്നത്.
∙ വിസിയുടെ റിപ്പോര്‍ട്ടിലെ പ്രസക്തഭാഗങ്ങള്‍
ജൂണ്‍ 25ന് പത്മനാഭ സേവാ സമിതിക്ക് സെനറ്റ് ഹാള്‍ അനുവദിക്കാന്‍ തീരുമാനമെടുത്തത് റജിസ്ട്രാറാണ്. മതപരമായ പ്രാര്‍ഥനകളും പ്രസംഗങ്ങളും പാടില്ലെന്നതാണ് സര്‍വകലാശാല ചട്ടം. ഇക്കാര്യം ഉറപ്പുവരുത്തേണ്ടത് റജിസ്ട്രാറുടെ ചുമതലയാണ്. ജൂണ്‍ 25ലെ സ്വകാര്യ പരിപാടി ആയതിനാല്‍ റജിസ്ട്രാറുടെ സാന്നിധ്യം അവിടെ ആവശ്യമായിരുന്നില്ല. എന്നാല്‍ അസി. എന്‍ജിനീയര്‍ (ഹെഡ് ക്വാര്‍ട്ടേഴ്സ്), അസി.എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍), പബ്ലിക് റിലേഷന്‍ ഓഫിസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് പരിശോധനകള്‍ക്കായി എത്താവുന്നതാണ്.
അന്നേദിവസം വൈകിട്ട് 4.35നാണ് റജിസ്ട്രാര്‍ ഫോണില്‍ വിളിച്ച് ഭാരത മാതാവിന്റെ ചിത്രം സ്റ്റേജില്‍ വച്ചിട്ടുണ്ടെന്നും ഇത് ചട്ടലംഘനമാണെന്നുമുള്ള കാര്യം അറിയിക്കുന്നതെന്ന് വിസിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ സ്വകാര്യ ചടങ്ങായതിനാല്‍ കൃത്യമായ ചട്ടലംഘനമില്ലെങ്കില്‍ സര്‍വകലാശാല അതില്‍ ഇടപെടേണ്ടതില്ലെന്ന് റജിസ്ട്രാറോടു പറഞ്ഞുവെന്നും വിസി ചൂണ്ടിക്കാട്ടുന്നു. സംഘാടകരെ ബന്ധപ്പെട്ട ശേഷം അറിയിക്കാമെന്നു പറയുകയും ചെയ്തു. തുടര്‍ന്ന് സംഘാടകരെ വിളിച്ചപ്പോള്‍ ഭാരതമാതാവിന്റെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുക മാത്രമാണ് ചെയ്യുന്നതെന്നും അതിനെ മതപരമായ ചിഹ്നമായി കണക്കാക്കേണ്ടതില്ലെന്ന് അവര്‍ പറയുകയും ചെയ്തു. എന്നാല്‍ ഇതിനിടെ റജിസ്ട്രാര്‍ ഏകപക്ഷീയമായി പരിപാടിക്കുള്ള അനുമതി റദ്ദാക്കാന്‍ തീരുമാനിക്കുകയും ഗവര്‍ണര്‍ വേദിയില്‍ ഉള്ളപ്പോള്‍, ദേശീയഗാനം ആലപിക്കുന്നതിനിടെ സംഘാടകരെ ഇക്കാര്യം അറിയിക്കുകയുമായിരുന്നു.
സുരക്ഷാ പ്രോട്ടോക്കോള്‍ അനുസരിച്ച് വൃത്തിയാക്കിയ സ്റ്റേജില്‍വച്ച് റജിസ്ട്രാര്‍ മാധ്യമങ്ങളോടു സംസാരിച്ചുവെന്നും വിസി കുറ്റപ്പെടുത്തി. തുടര്‍ന്ന് രാജ്ഭവന് നിര്‍ദേശിച്ചത് അനുസരിച്ച് റജിസ്ട്രാറില്‍നിന്ന് റിപ്പോര്‍ട്ട് തേടി. സംഘാടകര്‍ മതചിഹ്നം ഉപയോഗിക്കുന്നുവെന്ന് സെക്യൂരിറ്റി ഓഫിസറാണ് അറിയിച്ചതെന്നാണ് റജിസ്ട്രാര്‍ പറഞ്ഞത്. വിഷയം പരിശോധിക്കാന്‍ റജിസ്ട്രാര്‍ പബ്ലിക് റിലേഷന്‍സ് ഓഫിസറോട് ആവശ്യപ്പെട്ടു. സെക്യൂരിറ്റി ഓഫിസര്‍ ചൂണ്ടിക്കാട്ടിയ കാര്യമാണ് പിആര്‍ഒയും റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന് സെനറ്റ് ഹാളില്‍ പരിപാടി നടത്തുന്നതിനുള്ള അനുമതി റദ്ദാക്കി. അനുമതി ഇല്ലാതെ പരിപാടി നടത്തിയെന്ന് കാട്ടി സംഘാടകര്‍ക്കെതിരെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ റജിസ്ട്രാര്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. മൂന്നു പേരുടെയും റിപ്പോര്‍ട്ടില്‍ മതചിഹ്നമെന്നു പറയുന്നുണ്ടെങ്കിലും ഏതാണ് ആ ചിഹ്നമെന്ന് ആരും വിശദീകരിച്ചിട്ടില്ലെന്ന് വിസി റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ന്ന് റജിസ്ട്രാറോടു മതചിഹ്നത്തെക്കുറിച്ച് കൂടുതല്‍ വിശദീകരണം ആവശ്യപ്പെട്ടെങ്കിലും കൂടുതലൊന്നും പറയാനില്ലെന്നായിരുന്നു മറുപടി.
ലഭ്യമായ ചിത്രങ്ങള്‍ പ്രകാരം സ്റ്റേജില്‍ മതചിഹ്നങ്ങളൊന്നും കാണാന്‍ കഴിയുന്നില്ലെന്നും വിസി വ്യക്തമാക്കുന്നു. മതപരമായ പ്രാര്‍ഥനകളും പ്രസംഗങ്ങളും പാടില്ലെന്നാണ് ചട്ടത്തില്‍ പറയുന്നത്. ഏതെങ്കിലും അടയാളമോ ചിഹ്നമോ വയ്ക്കുന്നതിനു വിലക്കില്ല. അതേസമയം, ദേവിയുടേതെന്നു തോന്നിപ്പിക്കുന്ന ചിത്രത്തില്‍ മാലയിട്ടു വച്ചിരിക്കുന്നതു മതചിഹ്നമായി കരുതിയെന്നാണ് സെക്യൂരിറ്റി ഓഫിസര്‍ മൊഴി നല്‍കിയത്. കാര്യവട്ടം ക്യാംപസിലായിരുന്നപ്പോഴാണ് തനിക്കു സെക്യൂരിറ്റി ഓഫിസറില്‍നിന്നു നോട്ട് ലഭിച്ചതെന്ന് പബ്ലിക് റിലേഷന്‍സ് ഓഫിസര്‍ അറിയിച്ചുവെന്നു വിസി വ്യക്തമാക്കിയിട്ടുണ്ട്. തുടര്‍ന്ന് സര്‍വകലാശാല ആസ്ഥാനത്തേക്കു വരാന്‍ ആവശ്യപ്പെട്ടു. അവിടെ എത്തിയെങ്കിലും സെനറ്റ് ഹാളില്‍ കയറാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് സെക്ഷന്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ ഒപ്പിടുകയായിരുന്നുവെന്നും പിആര്‍ഒ മൊഴി നല്കി. ഉത്തരവ് സംഘാടകര്‍ക്കു കൈമാറാന്‍ കഴിയാതിരുന്നതിനാല്‍ മെയില്‍ അയയ്ക്കുകയായിരുന്നു.
ഗവര്‍ണര്‍ പങ്കെടുക്കുന്ന ചടങ്ങ് കൈകാര്യം ചെയ്യുന്നതില്‍ റജിസ്ട്രാര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചുവെന്നും വിസി ചൂണ്ടിക്കാട്ടുന്നു. സ്റ്റേജില്‍ മതചിഹ്നമുണ്ടെന്നതു സംബന്ധിച്ച് കൃത്യമായ തെളിവോ, റിപ്പോര്‍ട്ടോ ഇല്ലാതെയാണ് നടപടി എടുത്തത്. നേരിട്ട് അവിടെ ഉണ്ടായിരുന്നിട്ടും മറ്റ് ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിച്ചത്. ഏതുതരത്തിലുള്ള മതചിഹ്നമാണ് സ്റ്റേജില്‍ ഉണ്ടായിരുന്നതെന്ന് വിശദീകരിക്കാന്‍ റജിസ്ട്രാര്‍ക്കു കഴിഞ്ഞില്ല. റജിസ്ട്രാറുടെ നടപടി ക്രിമിനല്‍ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുന്ന സാഹചര്യമുള്ളതിനാല്‍ വിശദമായ അന്വേഷണം ആവശ്യമാണ്. സ്റ്റേജില്‍ ഉണ്ടായ ബഹളത്തെക്കുറിച്ചു പരാതി നല്കുന്നതിനു പകരം അനുമതി ഇല്ലാതെ പരിപാടി നടത്തിയെന്ന് ചൂണ്ടിക്കാട്ടി സംഘാടകര്‍ക്കെതിരെയാണ് റജിസ്ട്രാര്‍ പരാതി നല്‍കിയത്. റജിസ്ട്രാറുടെ നടപടി സര്‍വകലാശാലയെ അനാവശ്യ രാഷ്ട്രീയ വിവാദത്തിലേക്കു വലിച്ചിഴച്ചു. ഭാരതമാതാവിന്റെ ചിത്രം വച്ചുവെന്ന കാരണത്താല്‍ സര്‍വകലാശാലയിലെ ചിലര്‍ പരിപാടി അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന ആരോപണമാണ് ഉയരുന്നത്. ഭാരതമാതാവിന്റെ മാല ചാര്‍ത്തിയ ചിത്രം വച്ചുവെന്ന ലളിതമായ കാരണത്താല്‍, ചിലരുടെ നിര്‍ദേശപ്രകാരം ചടങ്ങ് അട്ടിമറിക്കാന്‍ റജിസ്ട്രാര്‍ ശ്രമിച്ചുവെന്ന ആരോപണം അന്വേഷിക്കപ്പെടേണ്ടതാണ്. സര്‍വകലാശാലയുടെ ഖ്യാതി തിരിച്ചെടുക്കാന്‍ ഇത് അനിവാര്യമാണ്. ഈ സാഹചര്യത്തിലാണ് അന്വേഷണവിധേയമായി റജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്യുന്നതെന്നും വിസി പറയുന്നു.
∙ സര്‍വകലാശാല നിയമത്തിലെ 10 (13) വകുപ്പ്
സിന്‍ഡിക്കറ്റോ അക്കാദമിക് കൗണ്‍സിലോ ചേരാത്ത സാഹചര്യത്തില്‍ വൈസ് ചാന്‍സലര്‍ക്കുള്ള അധികാരം വ്യക്തമാക്കുന്നതാണ് നിയമത്തിലെ 10 (13) വകുപ്പ്. സിന്‍ഡിക്കറ്റോ അക്കാദമിക് കൗണ്‍സിലോ ചേരാത്ത ഏതുസമയത്തും അടിയന്തരസാഹചര്യമുണ്ടെന്ന് കൃത്യമായ ബോധ്യമുണ്ടെങ്കില്‍ സിന്‍ഡിക്കറ്റിനും അക്കാദമിക് കൗണ്‍സിലിനുമുള്ള ഏത് അധികാരവും പ്രയോഗിച്ച് ആവശ്യമെന്നു തോന്നുന്ന ഏതു നടപടിയും സ്വീകരിക്കാന്‍ വൈസ് ചാന്‍സലര്‍ക്ക് കഴിയും. അടുത്ത സിന്‍ഡിക്കറ്റ് യോഗത്തില്‍ നടപടിയെക്കുറിച്ച് വിസി അറിയിക്കണമെന്നും നിയമത്തില്‍ പറയുന്നു.