
എറണാകുളത്ത് ബാങ്കിൽ കയറി ജീവനക്കാരിയെ വെട്ടി; ഓടി ശുചിമുറിയിൽ കയറിയ അക്രമി സ്വയം കുത്തി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മഞ്ഞുമ്മൽ (കൊച്ചി) ∙ എറണാകുളം മഞ്ഞുമ്മലിൽ പൊതുമേഖല ബാങ്ക് ജീവനക്കാരിയെ ബാങ്കിനുള്ളിൽ കയറി വെട്ടി പരുക്കേൽപ്പിച്ചു. യൂണിയൻ ബാങ്ക് മഞ്ഞുമ്മൽ ശാഖയിലെ അസിസ്റ്റന്റ് മാനേജർ മാവേലിക്കര വെസ്റ്റ് ഫോർട്ട് ആനന്ദഭവനിൽ എൽ. ഇന്ദു കൃഷ്ണനെ (35) ബാങ്കിലെ ഗോൾഡ് അപ്രൈസറായിരുന്ന കൊടുങ്ങല്ലൂർ ടികെഎസ് പുരം പത്താഴപ്പറമ്പിൽ വീട്ടിൽ സെന്തിൽ കുമാർ (44) ആണ് വെട്ടിയത്. രാത്രി 7 മണിയോടെയായിരുന്നു സംഭവം. വലതു കൈപ്പത്തിക്കു ഗുരുതരമായി പരുക്കേറ്റ ഇന്ദുവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കയ്യിലും കഴുത്തിലും വെട്ടിയെങ്കിലും കഴുത്തിലെ പരുക്കു സാരമുള്ളതല്ലെന്നു പറഞ്ഞു.
ബഹളം കേട്ട് ഓടിയെത്തിയ ബാങ്ക് ജീവനക്കാർ സെന്തിൽകുമാറിന്റെ പക്കൽ നിന്നു കത്തി പിടിച്ചുവാങ്ങി. ബാങ്കിലുണ്ടായിരുന്ന കേക്ക് മുറിക്കാനുപയോഗിക്കുന്ന മറ്റൊരു കത്തി കൈവശപ്പെടുത്തിയ ഇയാൾ ശുചിമുറിയിൽ കയറി സ്വയം കുത്തി മുറിവേൽപ്പിച്ചു. പൊലീസെത്തി വാതിൽ പൊളിച്ച് ഇയാളെ പിടികൂടി എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാങ്കിൽ ഗോൾഡ് അപ്രൈസറായിരുന്ന സെന്തിൽകുമാർ 2024 നവംബർ മുതൽ ജോലിക്കു വരുന്നുണ്ടായിരുന്നില്ല. മറ്റൊരാൾക്കു ഗോൾഡ് അപ്രൈസർക്കു ജോലി കൊടുത്തതാണ് ആക്രമണത്തിനു കാരണമെന്നു പൊലീസ് പറഞ്ഞു.