
ന്യൂഡൽഹി∙ നടപ്പുസാമ്പത്തികവർഷത്തെ പണപ്പെരുപ്പ സൂചിക (കോസ്‌റ്റ് ഇൻഫ്ലേഷൻ ഇൻഡക്‌സ്) കേന്ദ്രം വിജ്ഞാപനം ചെയ്തു. 376 ആണ് ഇത്തവണത്തെ സൂചിക. വസ്തു വിൽപന അടക്കമുള്ളവയുടെ ദീർഘകാല മൂലധനനേട്ട (ലോങ് ടേം ക്യാപ്പിറ്റൽ ഗെയിൻസ്) നികുതി കണക്കാക്കാൻ ഈ സൂചിക അനിവാര്യമാണ്.
കഴിഞ്ഞ വർഷം 363 ആയിരുന്നതാണ് ഇത്തവണ 376 ആയി ഉയർന്നത്. വർധന 3.58%. സൂചിക ഉയർന്നതിനാൽ ദീർഘകാല മൂലധനനേട്ടത്തിൻമേലുള്ള നികുതി ഭാരം അൽപം കൂടി കുറയും. ഭൂമി അടക്കമുള്ള ആസ്‌തികൾ കുറഞ്ഞത് 2 വർഷമെങ്കിലും കൈവശം വച്ചശേഷം വിൽക്കുമ്പോൾ കിട്ടുന്ന ലാഭത്തെയാണ് ദീർഘകാല മൂലധനനേട്ടമായി കണക്കാക്കുന്നത്. ഇതിന്മേലാണ് നികുതി.
മുടക്കുമുതലിന്മേൽ പണപ്പെരുപ്പം തട്ടിക്കിഴിച്ചാണ് (ഇൻഡക്സേഷൻ) ലാഭം നിർണയിക്കുന്നത്. പുതിയ മൂലധനനേട്ട നികുതി ഘടന നിലവിൽ വന്ന 2024 ജൂലൈ 23നു മുൻപായി വാങ്ങിയ വസ്തുവിനു മാത്രമേ ഇൻഡക്സേഷൻ ആനുകൂല്യം ലഭിക്കൂ.
പണപ്പെരുപ്പ സൂചികയുടെ ഉപയോഗം ഉദാഹരണത്തിലൂടെ
∙ 2001–02ൽ പണപ്പെരുപ്പ സൂചിക 100 ആയിരുന്നപ്പോൾ ഒരു ലക്ഷം രൂപ മുടക്കി വസ്തു വാങ്ങിയെന്നു സങ്കൽപിക്കുക. 2025–26ൽ സൂചിക 376 ഉള്ളപ്പോൾ 10 ലക്ഷം രൂപയ്ക്ക് വിൽക്കുന്നു. ലാഭം 9 ലക്ഷമെന്നു ഒറ്റനോട്ടത്തിൽ തോന്നാമെങ്കിലും ഓരോ വർഷവുമുണ്ടായ പണപ്പെരുപ്പം ഇതിൽ കണക്കാക്കിയിട്ടില്ല. പണപ്പെരുപ്പം കൂടി പരിഗണിച്ചാൽ മാത്രമേ യഥാർഥ വില കണക്കാക്കാൻ കഴിയൂ. അതിനു പണപ്പെരുപ്പ സൂചിക ഉപയോഗിച്ചുള്ള കണക്കുകൂട്ടൽ വേണം.
∙ പണപ്പെരുപ്പം കൂടി പരിഗണിച്ചുള്ള മൂല്യം=വാങ്ങിയ വില (വാങ്ങിയ വർഷത്തെ സൂചിക/വിൽക്കുന്ന വർഷത്തെ സൂചിക) അങ്ങനെയെങ്കിൽ ഈ ഉദാഹരണത്തിൽ 1,00,000 (376/100)=3.76 ലക്ഷം രൂപ.
∙ 10 ലക്ഷം രൂപയ്ക്കു വിൽക്കുമ്പോഴുള്ള ലാഭം: 10 ലക്ഷം–3.76 ലക്ഷം=6.24 ലക്ഷം. ഈ 6.2 ലക്ഷം രൂപയ്ക്കാണ് മൂലധന ലാഭ നികുതി ബാധകമാകുന്നത്. ഇൻഡക്സേഷൻ ആനുകൂല്യമില്ലെങ്കിൽ 9 ലക്ഷം രൂപയ്ക്കും നികുതി അടയ്ക്കേണ്ടി വരുമായിരുന്നു. സൂചിക ഉയരുന്നതനുസരിച്ച് പണപ്പെരുപ്പം തട്ടിക്കിഴിച്ചുള്ള മൂല്യവും ഉയരും. ഇതുവഴി നികുതി ബാധ്യത കുറയും. കഴിഞ്ഞ സാമ്പത്തികവർഷം സൂചിക 364 ആയിരിക്കുന്ന സമയത്താണ് ഈ സ്ഥലം വിൽക്കുന്നതെങ്കിൽ ലാഭമായ 6.37 ലക്ഷത്തിന് നികുതി അടയ്ക്കേണ്ടി വരുമായിരുന്നു.
English Summary:
Inflation index is increased to 376. This will help in reducing the long-term capital gains tax on the sale of assets like property by adjusting for inflation.
mo-business-long-term-capital-gain 74at65i9lnnnob9av8n2nocf3j-list mo-business-business-news 7q27nanmp7mo3bduka3suu4a45-list 6em38gapgkkpng2rm1j7hsgd1h mo-business-inflation