
ലക്ഷ്യമിട്ടതു വൻ സിൻഡിക്കേറ്റോ? എഡിസണും അരുണും എൻജിനീയറിങ് കാലം മുതൽ സുഹൃത്തുക്കൾ, പിടിയിലായത് വമ്പൻ സ്രാവുകൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി∙ മൂവാറ്റുപുഴ കേന്ദ്രീകരിച്ച് രാജ്യത്തെ മെട്രോ നഗരങ്ങളിൽ വൻ ലഹരിമരുന്ന് ശൃംഖല നിർമിച്ച എഡിസൺ ബാബുവും കൂട്ടരും ലക്ഷ്യമിട്ടതു വൻ സിൻഡിക്കേറ്റോ? ഈയൊരു അന്വേഷണത്തിലാണ് മറ്റ് അന്വേഷണ ഏജൻസികളും. കാരണം, എൻജിനീയറിങ് കാലം മുതൽ സുഹൃത്തുക്കളായ മൂന്നു ചേർന്ന് രാജ്യാന്തര തലത്തിൽ ലഹരി മരുന്ന് കച്ചവടം ചെയ്യുകയും വർഷങ്ങൾക്കൊണ്ട് അതിലെ നിർണായക കണ്ണികളായി മാറുകയും ചെയ്തത് സൂചിപ്പിക്കുന്നത് പിടിയിലായത് വമ്പൻ സ്രാവുകൾ തന്നെയാണ് എന്നാണ്. എഡിസണിനു പുറമെ മൂവാറ്റുപുഴ സ്വദേശിയായ അരുൺ തോമസ്, പാഞ്ചാലിമേട് റിസോർട്ട് നടത്തുന്ന പറവൂർ സ്വദേശികളായ ദമ്പതികള്‍ എന്നിവരാണു നിലവില്‍ അറസ്റ്റിലായിട്ടുള്ളത്. ഇതിൽ റിസോര്‍ട്ട് ഉടമകൾ പ്രതിയായിട്ടുള്ളത് മറ്റൊരു കേസായാണ് റജിസ്റ്റർ ചെയ്തിട്ടുള്ളത്.
ഞായറാഴ്ച അറസ്റ്റിലായ മൂവാറ്റുപുഴ വള്ളക്കാലിപ്പടി മുളയംകോട്ടിൽ എഡിസൺ, മൂവാറ്റുപുഴ കിഴക്കേക്കര സ്വദേശി അരുൺ തോമസ് എന്നിവരാണ് ഒരു കേസിലെ പ്രതികള്‍. ബിടെക് പഠനകാലം മുതൽ അറിയുന്നവരാണ് ഇവരെന്നാണു വിവരം. അന്നുമുതലുള്ള ഇവരുടെ മറ്റൊരു സുഹൃത്താണ് റിസോർട്ട് ഉടമ. മൂവരും കഴിഞ്ഞ ഏതാനും വർഷങ്ങളായി രാജ്യാന്തര ലഹരി ഇടപാടുകളിലേർപ്പെടുന്നു എന്ന് എൻസിബി വൃത്തങ്ങൾ വെളിപ്പെടുത്തു. ലഹരിമരുന്നായ കെറ്റമിൻ വിദേശത്തു നിന്ന് എത്തിച്ച് ഓസ്ട്രേലിയയിലേക്ക് അയയ്ക്കുന്നതായിരുന്നു റിസോർട്ട് ഉടമകളുടെ ബിസിനസ്. കഴിഞ്ഞ രണ്ടു വർഷമായി ഇവർ ഇത്തരത്തിൽ ലഹരി ഇടപാട് നടത്തുന്നു എന്നാണ് വിവരം. എഡിസണും അരുണും പറവൂർ സ്വദേശിയും ചേർന്ന് കേരളം കേന്ദ്രീകരിച്ച് വലിയ ലഹരിമരുന്ന് സിൻഡിക്കേറ്റ് രൂപീകരിക്കാനുള്ള ശ്രമത്തിലായിരുന്നോ എന്നാണ് അന്വേഷണം നടക്കുന്നത്.
ആറു വർഷം മുൻപ് സ്വന്തം ആവശ്യത്തിനാണ് എഡിസൺ ലഹരി മരുന്നുകൾ വാങ്ങിത്തുടങ്ങുന്നത്. ചെറിയ തോതില്‍ ആരംഭിച്ച ഇതിന്റെ വ്യാപാരം പതുക്കെ ശക്തമായി. രണ്ടു വർഷം മുൻപ് ഡാർക്ക് വെബ്ബിലെ ലോകവും എഡിസണു മുന്നിൽ തുറന്നു. അന്നുമുതൽ ‘കെറ്റാമെലോൺ’ എന്ന ബ്രാൻഡ് ഡാർക്ക്നെറ്റിലെ ലഹരി ലോകത്ത് ഹിറ്റായി. ഡാർക്ക്നെറ്റിൽ ‘ലെവൽ 4’ൽ ഉള്ള, രാജ്യത്തെ തന്നെ ഏറ്റവും പ്രമുഖനായ ലഹരി കടത്തുകാരനായാണ് എഡിസൺ ഈ മേഖലയിൽ അറിയപ്പെടുന്നത്. ഡാർക്ക്നെറ്റിലൂടെ ഓർഡർ ലഭിച്ചു കഴിഞ്ഞാൽ പറഞ്ഞ സമയത്ത് കൃത്യമായി ലഹരി എത്തിച്ചു നൽകിയിരുന്നു എന്നതായിരുന്നു കെറ്റാമെലോണിന്റെ വിശ്വാസ്യതയ്ക്ക് അടിസ്ഥാനം. സാങ്കേതിക കാര്യങ്ങളിൽ അരുൺ എഡിസണെ സഹായിച്ചിരുന്നു എന്നാണ് അന്വേഷണ ഏജൻസികൾ കരുതുന്നത്. അതുകൊണ്ട് ഇവരുൾപ്പെട്ട കേസ് പ്രത്യേകമായി റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരെ കസ്റ്റഡിയിൽ കിട്ടാനുള്ള അപേക്ഷ ഇന്ന് എറണാകുളം സെഷൻസ് കോടതി പരിഗണിക്കുന്നുണ്ട്.
എൻസിബി കൊച്ചി യൂണിറ്റിന്റെ നിരീക്ഷണ പരിധിയിൽ കുറച്ചുനാളായി ഉണ്ടായിരുന്നവരാണ് പറവൂർ സ്വദേശികളെന്നാണു വിവരം. എഡിസണും ഇവരും സുഹൃത്തുക്കളാണെന്നും പിടിച്ചെടുത്ത രേഖകളിൽ ഇവരെക്കുറിച്ചു വിവരങ്ങൾ അന്വേഷണ ഏജൻസികൾക്ക് ലഭിച്ചിരുന്നു എന്നും ഏജൻസി വൃത്തങ്ങൾ പറയുന്നു. ജൂൺ 28ന് ‘കൊച്ചി ഫോറിന് പോസ്റ്റി’ലെത്തിയ പാഴ്സലാണ് എഡിസണിനെയും കൂട്ടരെയും പൂട്ടാനുള്ള അടിയന്തര പിടിവള്ളി എൻസിബിക്ക് നൽകിയത്. എഡിസണിന്റെ േപരിൽ വന്ന ആ പാഴ്സലിൽനിന്നാണ് 280 എൽഎസ്ഡി സ്റ്റാംപുകൾ പിടികൂടിയത്. പിറ്റേന്ന് മൂവാറ്റുപുഴയിലെ വീട്ടിൽ നടത്തിയ റെയ്ഡിൽ 847 എൽഎസ്ഡി സ്റ്റാംപുകളും 131.66 ഗ്രാം കെറ്റാമിനും 70 ലക്ഷം രൂപയുടെ ക്രിപ്റ്റോകറൻസിയും പിടികൂടുകയും ചെയ്തു. നിലവിൽ എൽഎസ്ഡിയുടെ വിപണനത്തിലാണ് എഡിസണും കൂട്ടരും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത് എങ്കിലും കെറ്റാമിനിൽ ആയിരുന്നു തുടക്കം. ഇതേ വഴിയിൽ തന്നെയാണ് റിസോർട്ട് ഉടമയായ സഹപാഠിയും നീങ്ങിയത്.
എൻസിബിക്ക് പുറമെ ഭീകര വിരുദ്ധ സ്ക്വാഡിന്റെ കൂടി സഹകരണത്തോടെയാണ് കെറ്റാമെലോൺ കേന്ദ്രീകരിച്ചുള്ള വേട്ട നടക്കുന്നത്. എഡിസണ് യുകെ കേന്ദ്രീകരിച്ച സംഘത്തിൽ നിന്നാണ് എൽഎസ്ഡി എത്തുന്നത് എങ്കിലും കേരളമടക്കം രാജ്യത്തെ മിക്ക സ്ഥലങ്ങളിലേക്കുമാണ് ലഹരി അയച്ചിട്ടുള്ളത്. ഇതിനായി എറണാകുളം ജില്ലയിലെ വിവിധ പോസ്റ്റ്ഓഫിസുകൾ ഉപയോഗിക്കുകയും ചെയ്തു. ആരൊക്കയായിരുന്നു എഡിസണിൽനിന്ന് ലഹരി കൈപ്പറ്റിയിട്ടുള്ളത് എന്ന അന്വേഷണമാണ് വിവിധ ഏജൻസികളുടെ നേതൃത്വത്തിൽ നടക്കുന്നത്.