അനിൽ അംബാനി നോൺ-എക്സിക്യൂട്ടീവ് ചെയർമാനായിരുന്ന റിലയൻസ് കമ്യൂണിക്കേഷൻസിന്റെ (ആർകോം) അക്കൗണ്ടുകളെ ‘തട്ടിപ്പ്’ (ഫ്രോഡ്) വിഭാഗത്തിൽ ഉൾപ്പെടുത്തി റിസർവ് ബാങ്കിന് റിപ്പോർട്ട് ചെയ്യാൻ എസ്ബിഐയുടെ നീക്കം. റിപ്പോർട്ടിൽ അനിൽ അംബാനിയുടേ പേരും ഉൾപ്പെടുത്തുമെന്ന് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ, എസ്ബിഐയുടെ നീക്കം ഞെട്ടിപ്പിക്കുന്നതാണെന്ന് പ്രതികരിച്ച് അനിൽ അംബാനിക്കുവേണ്ടി കേസുകൾ കൈകാര്യം ചെയ്യുന്ന അഗർവാൾ ലോ അസോസിയേറ്റ്സ് രംഗത്തെത്തി. അനിൽ അംബാനിയുടെ വാദം കേൾക്കാതെ ഏകപക്ഷീയമായാണ് ബാങ്കിന്റെ നടപടി. അനിൽ അംബാനി കമ്പനിയുടെ നോൺ-എക്സിക്യൂട്ടീവ് ഡയറക്ടർ മാത്രമായിരുന്നെന്നും ദൈനംദിന പ്രവർത്തനങ്ങളിലോ തീരുമാനങ്ങളിലോ അദ്ദേഹത്തിന് പങ്കുണ്ടായിരുന്നെല്ലെന്നും അവർ പ്രതികരിച്ചു.

വായ്പകൾ നിഷ്ക്രിയ ആസ്തിയായതിനെ (എൻപിഎ) തുടർന്ന് പാപ്പരത്ത (ഐബിസി) നടപടി നേരിടുന്ന ആർകോം നിലവിൽ പ്രവർത്തിക്കുന്നില്ല. കമ്പനിയുടെ ഓഹരികളുടെ വ്യാപാരവും സസ്പെൻഡ് ചെയ്തിരുന്നു. ഫ്രോഡ് മുദ്ര ചാർത്തുംമുമ്പ് എസ്ബിഐ അനിൽ അംബാനിയെ കേൾക്കുകയോ ഇതു സംബന്ധിച്ച രേഖകൾ അദ്ദേഹത്തിന് നൽകുകയോ ചെയ്തിട്ടില്ലെന്നും നിയമസ്ഥാപനം ആരോപിച്ചു. ഫ്രോഡ് മുദ്ര ചാർത്താനുള്ള തീരുമാനം പിൻവലിക്കണമെന്നും അവർ ആവശ്യപ്പെട്ടിട്ടുണ്ട്.

ബാങ്ക് വായ്പകൾ വകമാറ്റി ചെലവഴിച്ചതോടെയാണ് അക്കൗണ്ടുകൾ എസ്ബിഐ തട്ടിപ്പ് ഇനത്തിൽ പെടുത്തിയത്. ആർകോമിനു വായ്പ കൊടുത്ത മറ്റു ബാങ്കുകളും ഇതേ നടപടി സ്വീകരിച്ചേക്കും. അനിൽ അംബാനിക്കും കമ്പനിയുടെ മറ്റു ഡയക്ടർമാർക്കും 5 വർഷത്തേക്കു ബാങ്കുകളുടെ വിലക്ക് നേരിടേണ്ടിവരും.ആർകോമും അനുബന്ധ സ്ഥാപനങ്ങളും 31,580 കോടി രൂപയാണ് വിവിധ ബാങ്കുകളിൽനിന്നെടുത്തത്. ഇതിൽ 13,667 കോടി രൂപ ആർകോമിന്റെ മറ്റു വായ്പകളും ബാധ്യതകളും തീർക്കാനാണു ചെലവഴിച്ചത്. സമാനമായ രീതിയിൽ ബാക്കിത്തുകയും വകമാറ്റിയെന്ന് എസ്ബിഐയുടെ ഫ്രോഡ് ഐഡന്റിഫിക്കേഷൻ കമ്മിറ്റി കണ്ടെത്തി. 2025 മാർച്ച് പ്രകാരം കമ്പനിയുടെ മൊത്തം കടബാധ്യത 40,413 കോടി രൂപയാണെന്നാണ് റിപ്പോർട്ടുകൾ.

അനിൽ അംബാനിക്കെതിരായ എസ്ബിഐയുടെ നീക്കത്തിന്റെ പശ്ചാത്തലത്തിൽ റിലയൻസസ് ഇൻഫ്രാസ്ട്രക്ചർ കമ്പനിയുടെ ഓഹരികൾ ഇന്ന് 5% ഇടിഞ്ഞ് ലോവർ-സർക്യൂട്ടിലെത്തി. 377.45 രൂപയിലേക്കാണ് ബിഎസ്ഇയിൽ ഓഹരിവില താഴ്ന്നത്. കഴിഞ്ഞമാസം 27ന് ഓഹരികൾ 52-ആഴ്ചത്തെ ഉയരമായ 425 രൂപയിൽ എത്തിയിരുന്നു.

ഇന്ത്യയിൽ പ്രതിരോധമേഖലയിലെ എയർക്രാഫ്റ്റുകളും ഹെലികോപ്ടറുകളും അറ്റകുറ്റപ്പണികളും നവീകരണങ്ങളും നടത്തുന്നതിനായി റിലയൻസ് ഇൻഫ്രാസ്ട്രക്ചറിന്റെ ഉപകമ്പനിയായ റിലയൻസ് ഡിഫൻസ് കഴിഞ്ഞദിവസം യുഎസിലെ കോസ്റ്റൽ മെക്കാനിക്സ് എന്ന കമ്പനിയുമായി 20,000 കോടി രൂപയുടെ പങ്കാളിത്തം പ്രഖ്യാപിച്ചിരുന്നു. യുഎസ് ഗവൺമെന്റിലെ പ്രതിരോധ വകുപ്പിന്റെ അംഗീകാരമുള്ള കമ്പനിയാണിത്.

(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)

English Summary:

SBI slaps ‘fraud’ tag on Rcom loan account, Anil Ambani says without hearing him.