
കോന്നിയുടെ കുറുമ്പൻ കൊച്ചയ്യപ്പൻ ഇനി ഓർമ; വില്ലനായത് ഹെർപിസ് വൈറസ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോന്നി ∙ ഇഷ്ടപ്പെട്ടവരുടെയെല്ലാം കണ്ണു നിറച്ച് കോന്നി ആനത്താവളത്തിലെ 5 വയസ്സുകാരൻ കൊച്ചയ്യപ്പൻ ഓർമയായി. കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിന്റെ പ്രധാന ആകർഷണമായിരുന്നു ഈ കുട്ടിക്കുറുമ്പൻ. ഹെർപിസ് വൈറസ് ബാധയാണു മരണ കാരണമെന്നാണു പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടം നടത്തിയ ശേഷം കുമ്മണ്ണൂർ വനത്തിൽ സംസ്കരിച്ചു. കൂടുതൽ പരിശോധനയ്ക്കായി ആന്തരാവയവങ്ങൾ ശേഖരിച്ചിട്ടുണ്ട്.ഇന്നലെ രാവിലെ 6നു പാപ്പാൻ ഷംസുദീനെത്തിയപ്പോഴാണു കുട്ടിയാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകിട്ടു വരെ ആരോഗ്യപരമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. എന്നാൽ അതിനു ശേഷം ചെറിയൊരു ക്ഷീണാവസ്ഥയുണ്ടായിരുന്നതായി അധികൃതർ പറഞ്ഞു.
സന്ദർശകർ കൂടുതലുള്ളതിനാൽ ഉറങ്ങാൻ കഴിയാത്തതിന്റെ ക്ഷീണമാണെന്നായിരുന്നു കരുതിയിരുന്നത്. 2021 ഓഗസ്റ്റ് 19ന് റാന്നി വനം ഡിവിഷനിലെ ഗൂഡ്രിക്കൽ റേഞ്ച് കൊച്ചാണ്ടി കിളിയെറിഞ്ഞാൻകല്ല് ഭാഗത്തു നിന്നാണ് ഒരു വയസ്സിൽ താഴെ പ്രായമുള്ള കുട്ടിയാനയെ കാട്ടാനക്കൂട്ടത്തിൽ നിന്ന് ഒറ്റപ്പെട്ട നിലയിൽ വനംവകുപ്പിന് ലഭിക്കുന്നത്. തിരികെ വനത്തിലേക്കു വിടാൻ ശ്രമിച്ചെങ്കിലും സാധിക്കാത്തതിനെ തുടർന്നു വനത്തിൽ താൽക്കാലിക കൂട് നിർമിച്ച് വനംവകുപ്പ് നിരീക്ഷിച്ചു.കൂട്ടത്തിലുള്ള ആനകൾ എത്താത്തതിനെ തുടർന്ന് 20 ദിവസത്തിനു ശേഷം കോന്നി ആനത്താവളത്തിൽ എത്തിച്ചു. മന്ത്രി എ.കെ.ശശീന്ദ്രനാണു കോന്നി കൊച്ചയ്യപ്പൻ എന്ന പേര് നൽകിയത്.
ഹെർപിസ് വൈറസ് മൂലം കോന്നി ആനത്താവളത്തിൽ ചരിഞ്ഞ രണ്ടാമത്തെ കുട്ടിയാനയാണ് കൊച്ചയ്യപ്പൻ. 2016ൽ ആണ് കോട്ടൂരിൽനിന്നു കൊണ്ടുവന്ന ലക്ഷ്മിയെന്ന കുട്ടിയാന ഹെർപിസ് വൈറസ് ബാധിച്ച് ചരിഞ്ഞത്. രോഗപ്രതിരോധ ശേഷി കുറവുള്ള കുട്ടിയാനകളെയാണ് വൈറസ് ഏറെ ബാധിക്കുക. ന്യൂനതകളുള്ള കുട്ടിയാനകളെ കാട്ടിൽ നിന്ന് മറ്റാനകൾ പുറംതള്ളാറുണ്ടെന്ന് അഭിപ്രായമുണ്ട്. കൊച്ചയ്യപ്പനെയും ഈ വിധത്തിൽ ആനക്കൂട്ടം ഉപേക്ഷിച്ചതാണെന്നാണ് കരുതുന്നത്. ആരോഗ്യസ്ഥിതി മെച്ചമല്ലാത്തതിനാൽ വൈറസ് പെട്ടെന്ന് ബാധിക്കുകയും ചെയ്യും. 10 വയസ്സുവരെ വൈറസ് ആനകൾക്ക് ഭീഷണിയാണ്. എന്നാൽ, മുതിർന്ന ആനകളിലും വൈറസ് ബാധയുണ്ടാകാറുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
കോന്നയിൽ 11 വർഷത്തിനിടെ ചരിഞ്ഞത് 6 ആനകൾ
ഏതാനും വർഷത്തിനിടെ കോന്നി ആനത്താവളത്തിൽ ചരിഞ്ഞത് ഒട്ടേറെ ആനകളാണ്. 2014 ഒക്ടോബറിൽ തിരുവനന്തപുരം പേപ്പാറ വനത്തിൽനിന്ന് എത്തിച്ച പിടിയാന ചരിഞ്ഞു. 2015ൽ നിലമ്പൂരിൽനിന്ന് കൊണ്ടുവന്ന കുട്ടിയാനയും പിന്നീട് ചരിഞ്ഞു.മലപ്പുറം ജില്ലയിലെ നിലമ്പൂരിൽനിന്ന് ആനത്താവളത്തിലെത്തിച്ച രണ്ട് മാസം മാത്രം പ്രായമുള്ള കുട്ടിയാന 39-ാമത്തെ ദിവസം ചരിഞ്ഞത് 2021 ഏപ്രിൽ 29നാണ്. രണ്ടാഴ്ചയായി വയറിളക്കം മൂലം അവശ നിലയിലായിരുന്നു. മുതിർന്ന താപ്പാനയായ മണി (75) ചരിഞ്ഞത് 2020 ഒക്ടോബർ മൂന്നിനാണ്. രണ്ട് ദിവസത്തിനുശേഷം 5ന് പിഞ്ചുവെന്ന കുട്ടിയാനയും ചരിഞ്ഞു. ഇടുപ്പെല്ലിലെ പ്രശ്നം മൂലം നിൽക്കാൻ കഴിയാതെ 10 മാസത്തോളം കിടപ്പിലായിരുന്നു പിഞ്ചു. കഴിഞ്ഞവർഷം ഏപ്രിൽ 30നാണ് കോടനാട് നീലകണ്ഠൻ എന്ന കൊമ്പനാന (27) ചരിഞ്ഞത് എരണ്ടക്കെട്ട് മൂലമുണ്ടായ പ്രശ്നമായിരുന്നു മരണകാരണം.
ആനത്താവളത്തിൽ ഇനി 4 ആനകൾ മാത്രം
കോന്നി ∙ കൊച്ചയ്യപ്പന്റെ വിയോഗത്തോടെ ആനത്താവളത്തിൽ ഇനി 4 ആനകൾ മാത്രമാണുള്ളത്. 1992ൽ കോന്നി വനം ഡിവിഷനിലെ മണ്ണാറപ്പാറ റേഞ്ചിൽ പാലക്കുഴിയിൽനിന്നു ലഭിച്ച പ്രിയദർശിനി (42), 1991ൽ മണ്ണാറപ്പാറ റേഞ്ചിലെ തുറയിൽ നിന്നു ലഭിച്ച മീന (34), 2003ൽ മലയാറ്റൂർ ഡിവിഷനിലെ കോടനാട് റേഞ്ചിൽ ഏറുമുഖത്ത് നിന്നു കിട്ടിയ ഈവ (23) എന്നീ പിടിയാനകളും 2014ൽ തിരുവനന്തപുരം ഡിവിഷനിലെ പരുത്തിപ്പള്ളി റേഞ്ചിലെ കുട്ടപ്പാറയിൽ നിന്നു കിട്ടിയ കൃഷ്ണ (13) എന്ന കൊമ്പാനനയുമാണ് ഇനി ആനത്താവളത്തിലുള്ളത്.