
സിബിഎല്ലിൽ നിന്ന് ഇത്തവണയും നെഹ്റു ട്രോഫിയെ ഒഴിവാക്കിയേക്കും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആലപ്പുഴ∙ ഇത്തവണത്തെ ചാംപ്യൻസ് ബോട്ട് ലീഗിലും (സിബിഎൽ) നെഹ്റു ട്രോഫി വള്ളംകളി ഒഴിവാക്കിയേക്കും. ആലപ്പുഴ, കോട്ടയം, എറണാകുളം, കൊല്ലം, തൃശൂർ ജില്ലകളിലായി 11 വള്ളംകളികളാകും സിബിഎല്ലിൽ ഉണ്ടാകുകയെന്നാണു സൂചന. സിബിഎല്ലിന്റെ ആദ്യ മൂന്നു സീസണുകളിലും നെഹ്റു ട്രോഫി ഉൾപ്പെടെ 12 വള്ളംകളികളാണ് ഉണ്ടായിരുന്നത്. ഇതിൽ നെഹ്റു ട്രോഫി വള്ളംകളി ഒഴിവാക്കി മറ്റു 11 എണ്ണം ലീഗിൽ ഉണ്ടാകുമെന്നാണു വിവരം.ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം 6 വള്ളംകളികൾ മാത്രമായാണു സിബിഎൽ നടത്തിയത്. സിബിഎല്ലിലേക്കു വള്ളങ്ങളെ തിരഞ്ഞെടുക്കുന്ന യോഗ്യതാ മത്സരമായിട്ടും നെഹ്റു ട്രോഫി വള്ളംകളിയെ കഴിഞ്ഞ വർഷവും സിബിഎല്ലിൽ ഉൾപ്പെടുത്തിയിരുന്നില്ല. സിബിഎല്ലിൽ നിന്നു നെഹ്റു ട്രോഫിക്കു നൽകിയിരുന്ന സാമ്പത്തിക സഹായവും നൽകിയില്ല. എങ്കിലും നെഹ്റു ട്രോഫി വള്ളംകളിയിൽ ആദ്യ 9 സ്ഥാനത്ത് എത്തുന്ന വള്ളങ്ങൾക്കാണു സിബിഎല്ലിൽ യോഗ്യത നൽകിയത്.
ഇത്തവണയും നെഹ്റു ട്രോഫി വള്ളംകളിയിൽ നിന്നു തന്നെ യോഗ്യത നിശ്ചയിക്കുമോ എന്നതിൽ വ്യക്തത വന്നിട്ടില്ല.നെഹ്റു ട്രോഫിയെ സിബിഎല്ലിൽ നിന്ന് ഒഴിവാക്കിയതിനെതിരെ കഴിഞ്ഞ വർഷം വ്യാപക വിമർശനം ഉയർന്നിരുന്നു. സിബിഎല്ലിനെക്കാൾ ആരാധകരുള്ളതു നെഹ്റു ട്രോഫിക്കാണെന്നതു വിനോദ സഞ്ചാര വകുപ്പിലെ ഒരു വിഭാഗത്തിനു പ്രശ്നമായെന്ന് ആരോപണമുണ്ടായിരുന്നു. സിബിഎല്ലിൽ ഒരു ഹീറ്റ്സിൽ മൂന്നു വള്ളങ്ങൾ മത്സരിക്കുമ്പോൾ നെഹ്റു ട്രോഫിയിലെ ഹീറ്റ്സിൽ നാലു വള്ളങ്ങളാണു മത്സരിച്ചിരുന്നത്.ഇതും ലീഗിൽ നിന്നു നെഹ്റു ട്രോഫിയെ ഒഴിവാക്കാൻ കാരണമായി. ഓഗസ്റ്റ് 30നാണു നെഹ്റു ട്രോഫി വള്ളംകളി. ഇതിനു പിന്നാലെ ഓണക്കാലത്തു മറ്റു വള്ളംകളികളുമുണ്ട്.സെപ്റ്റംബറിലോ ഒക്ടോബർ ആദ്യമോ സിബിഎൽ സീസൺ ആരംഭിക്കാനുള്ള ചർച്ചകളാണു പുരോഗമിക്കുന്നത്. സിബിഎല്ലിന്റെ വരുമാനം വർധിപ്പിക്കാനുള്ള ആലോചനകളും നടക്കുന്നുണ്ട്. കൂടുതൽ സ്പോൺസർമാരെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.