
2 വർഷം മുൻപ് കണ്ടെത്തിയത് രണ്ടെണ്ണത്തെ; ഇപ്പോൾ പ്രദേശമാകെ ആയിരക്കണക്കിന് ഒച്ചുകൾ: പൊറുതിമുട്ടി ജനം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പിണങ്ങോട്∙ വെങ്ങപ്പള്ളി പഞ്ചായത്തിലെ വിവിധ വാർഡുകൾ ആഫ്രിക്കൻ ഒച്ചിന്റെ വ്യാപനത്തിൽ പൊറുതിമുട്ടുന്നു. 2 വർഷം മുൻപാണ് ആദ്യമായി ഇവിടെ ഇത്തരം ഒച്ചിനെ കണ്ടത്. പ്രദേശമാകെ അന്ന് നടത്തിയ തിരച്ചിലിൽ 2 ഒച്ചുകളെ ആയിരുന്നു കണ്ടെത്തിയിരുന്നത്. എന്നാൽ ഇവ വൻ തോതിൽ പെരുകി ഇപ്പോൾ പ്രദേശമാകെ വ്യാപിച്ച നിലയിലായി. 11,12,13 വാർഡുകളിലായി ആയിരക്കണക്കിന് ഒച്ചുകൾ ഉള്ളതായി ഇവിടത്തുകാർ പറയുന്നു. അതോടെ ഈ പ്രദേശങ്ങളിൽ വിവിധയിനം കൃഷികൾ നശിക്കുന്ന അവസ്ഥയുമായി.
കുട്ടികൾ അടക്കമുള്ളവർക്ക് വിവിധ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതായും പറയുന്നു. വീടുകളുടെ അകത്തും ഇവ എത്തുന്നുണ്ട്. മഴയത്തും രാത്രി കാലങ്ങളിലും ആണ് ഇവയെ വ്യാപകമായി കാണുന്നത്. കഴിഞ്ഞ വർഷം പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയിരുന്നെങ്കിലും ഫലം കണ്ടില്ല. മറ്റു പ്രദേശങ്ങളിലും ഇത് വ്യാപിക്കാനുള്ള സാധ്യത ഏറിയിട്ടുണ്ട്. വാഹനങ്ങളുടെ ടയറിൽ ഒട്ടിപ്പിടിച്ച് വാഹനം ഓടിയെത്തുന്ന ഇടങ്ങളിലെല്ലാം ഇവ വ്യാപിക്കാനും സാധ്യത ഏറി.
ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
വെങ്ങപ്പള്ളി പഞ്ചായത്തിൽ ആഫ്രിക്കൻ ഒച്ച് വ്യാപനത്തിന്റെ ആശങ്ക ഉയർന്നതിനെത്തുടർന്ന് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. അമ്പലവയൽ കാർഷിക വിജ്ഞാന കേന്ദ്രം പ്രോഗ്രാം കോഓർഡിനേറ്റർ ഡോ. രാജൻ, ഡോ. റെനീഷ്, ഡോ. ലിഷ്മ എന്നിവർ ക്ലാസെടുത്തു. ആഫ്രിക്കൻ ഒച്ചിനെ നശിപ്പിക്കുന്നതിന് ജനകീയ തിരച്ചിൽ സംഘടിപ്പിക്കാനും യോഗത്തിൽ തീരുമാനിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം. നാസർ, സ്ഥിരം സമിതി അധ്യക്ഷ പി. ഷംന, പഞ്ചായത്തംഗങ്ങളായ അൻവർ സാദത്ത്, കെ. അനിത, പി. ശ്രീജ, കൃഷി ഓഫിസർ ടി.പി. പൗലോസ്, കൃഷി അസിസ്റ്റന്റ് കെ.കെ. ഷീജ, പി. മുഹ്സിന എന്നിവർ പ്രസംഗിച്ചു.