
തെക്കു-കിഴക്കൻ ഏഷ്യൻ രാജ്യമായ വിയറ്റ്നാമുമായി വ്യാപാരക്കരാർ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇതുപ്രകാരം 20% ഇറക്കുമതി തീരുവയായിരിക്കും വിയറ്റ്നാമിൽ നിന്ന് യുഎസിൽ എത്തുന്ന ഉൽപന്നങ്ങൾക്ക് ഇനി ബാധകം. യുഎസ്-വിയറ്റ്നാം വ്യാപാരക്കരാർ ഇന്ത്യൻ കമ്പനികൾക്ക് സമ്മര്ദമാകും. കാരണം, ട്രംപ് കഴിഞ്ഞ ഏപ്രിലിൽ പകരംതീരുവ പ്രഖ്യാപിച്ചപ്പോൾ 10% അടിസ്ഥാന തീരുവയും (ബെയ്സ് താരിഫ്) 46% തിരിച്ചടി തീരുവയും (റെസിപ്രോക്കൽ താരിഫ്) മൊത്തം 56% തീരുവയായിരുന്നു വിയറ്റ്നാമിനു ബാധകം.
ഇന്ത്യയ്ക്ക് 10% ബെയ്സ് താരിഫും 26% പകരംതീരുവയും ഉൾപ്പെടെ 36 ശതമാനമായിരുന്നു. പകരംതീരുവ നടപ്പാക്കുന്നത് ട്രംപ് ജൂലൈ 9 വരെ മരവിപ്പിച്ചിരുന്നു. ജൂലൈ 9നകം യുഎസുമായി വ്യാപാരക്കരാറിൽ എത്തിയില്ലെങ്കിൽ മാത്രമാകും പകരം തീരുവ ബാധകമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ സമയപരിധിക്ക് മുൻപ് കരാറിലെത്താനും തീരുവഭാരം 56ൽ നിന്ന് 20 ശതമാനമായി കുറയ്ക്കാനും വിയറ്റ്നാമിന് കഴിഞ്ഞു.
അതേസമയം, ഇന്ത്യ-യുഎസ് വ്യാപാരക്കരാർ ചർച്ചകൾ ഇപ്പോഴും പുരോഗമിക്കുന്നതേയുള്ളൂ. യുഎസിൽ നിന്നുള്ള കാർഷിക, ക്ഷീരോൽപന്നങ്ങൾക്ക് തീരുവ ഇളവുവേണമെന്ന ട്രംപിന്റെ ആവശ്യത്തിൽത്തട്ടി ചർച്ച നീളുകയാണ്. ട്രംപിന്റെ ആവശ്യം അംഗീകരിച്ചാൽ ഇന്ത്യയിലെ കർഷകർക്ക് തിരിച്ചടിയാകുമെന്നും രാജ്യത്ത് കടുത്ത പ്രതിഷേധങ്ങളുണ്ടാകുമെന്നും കേന്ദ്രം ആശങ്കപ്പെടുന്നുണ്ട്.
ഇലക്ട്രോണിക്സ്, വസ്ത്രങ്ങൾ, സ്റ്റീൽ, വാഹനം, അലുമിനിയം, റബർ, മെഷിനറികൾ എന്നിവയാണ് പ്രധാനമായും വിയറ്റ്നാം യുഎസിലേക്ക് കയറ്റുമതി ചെയ്യുന്നത്. യുഎസ്-വിയ്റ്റ്നാം ഡീൽ അതുകൊണ്ടുതന്നെ ഈ രംഗത്തെ ഇന്ത്യൻ കമ്പനികളുടെ ഓഹരികൾക്ക് ഇന്നു സമ്മർദമായേക്കാം. ട്രംപ് ഏപ്രിലിൽ പകരംതീരുവ പ്രഖ്യാപിച്ചതും വിയറ്റ്നാം, ചൈന. ബംഗ്ലദേശ് തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയ്ക്ക് പകരംതീരുവ കുറവായിരുന്നതും ഇന്ത്യൻ കമ്പനികൾക്ക് നേട്ടമായിരുന്നു.
നിലവിൽ യുഎസിന് ഏറ്റവുമധികം വ്യാപാരക്കമ്മി (ട്രേഡ് ഡെഫിസിറ്റ്) ഉള്ള രാജ്യങ്ങളിലൊന്നാണ് വിയ്റ്റനാം എന്നതിനാൽ ഈ കരാർ ഏറ്റവുമധികം നേട്ടമാകുന്നത് യുഎസിനാണ്. ട്രംപിന് ഇതൊരു വിജയവുമാണ്. 2019ലെ 56 ബില്യൻ ഡോളറിൽ നിന്ന് 2024ൽ വ്യാപാരക്കമ്മി 123 ബില്യനായി ഉയർന്നിരുന്നു.
യുഎസ് ഓഹരികൾ കുതിപ്പിൽ
യുഎസ്-വിയറ്റ്നാം വ്യാപാര ഡീൽ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യുഎസ് ഓഹരികൾ വൻ മുന്നേറ്റത്തിലാണ്. യുഎസും വിവിധ രാജ്യങ്ങളുമായുള്ള തീരുവ തർക്കങ്ങൾ ശമിക്കുന്നതും ഇന്ത്യയുമായുള്ള ഡീലും ഉടനെന്ന് ട്രംപ് പ്രഖ്യാപിച്ചതും ഓഹരികൾക്ക് നേട്ടമാണ്.
യുഎസിൽ സ്വകാര്യമേഖല ജൂണിൽ 33,000 തൊഴിൽനഷ്ടം കുറിച്ചെന്ന റിപ്പോർട്ട് പുറത്തുവന്നെങ്കിലും ഓഹരികളെ തളർത്തിയില്ല. യുഎസിലെ കഴിഞ്ഞമാസത്തെ മൊത്തം തൊഴിൽക്കണക്ക് ഇന്നു പുറത്തുവരും. അടിസ്ഥാന പലിശനിരക്ക് പ്രതീക്ഷച്ചതിലും നേരത്തേ കുറയാനുള്ള സാധ്യതയും ഓഹരികൾക്ക് ഉണർവേകുന്നു. ഈ മാസം തന്നെ പലിശനിരക്ക് കുറയാനുള്ള സാധ്യതയുണ്ട്.
എസ് ആൻഡ് പി500 സൂചിക 0.47% ഉയർന്ന് സർവകാല ഉയരമായ 6,227.42ൽ എത്തി. നാസ്ഡാക്കും 0.94% കുതിച്ച് റെക്കോർഡ് 20,393.13 കുറിച്ചു. എന്നാൽ, ഡൗ ജോൺസ് 0.02 പോയിന്റ് താഴ്ന്നു. സ്റ്റോക്ക് ഫ്യൂച്ചേഴ്സും കാര്യമായ നഷ്ടമില്ലാതെ വ്യാപാരം ചെയ്തു. ഏഷ്യയിൽ ജാപ്പനീസ് നിക്കേയ് 0.05%, ഹോങ്കോങ് 0.70% എന്നിങ്ങനെയും ലണ്ടനിൽ എഫ്ടിഎസ്ഇ 0.12 ശതമാനവും താഴ്ന്നു.
ഗിഫ്റ്റ് നിഫ്റ്റി പോസിറ്റീവ്
ഇന്ത്യയിൽ ഗിഫ്റ്റ് നിഫ്റ്റി ഇന്നുരാവിലെ 40 പോയിന്റുവരെ ഉയർന്നത് സെൻസെക്സും നിഫ്റ്റിയും ഇന്നു നേട്ടത്തിൽ തുടങ്ങിയേക്കാമെന്ന പ്രതീക്ഷ നൽകുന്നു. എങ്കിലും യുഎസ്-വിയറ്റ്നാം ഡീൽ ടെക്സ്റ്റൈൽസ് ഉൾപ്പെടെയുള്ള ഓഹരികൾക്ക് സമ്മർദമാകും.
ഇന്നലെ സെൻസെക്സ് 287 പോയിന്റ് (-0.34%) താഴ്ന്ന് 83,409ലും നിഫ്റ്റി 88 പോയിന്റ് (-0.35%) നഷ്ടവുമായി 25,453ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വിദേശ ധനകാര്യ സ്ഥാപനങ്ങൾ (എഫ്ഐഐ) ഇന്നലെയും 1,542 കോടി രൂപ ഇന്ത്യൻ ഓഹരികളിൽ നിന്ന് പിൻവലിച്ചു.
ടെസ്ലയ്ക്ക് തിരിച്ചടി
പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള തർക്കം രൂക്ഷതയിൽ എത്തിനിൽക്കേ ഇലോൺ മസ്കിന് ‘ഇരുട്ടടി’ നൽകി ഏപ്രിൽ-ജൂൺപാദത്തിലും ടെസ്ല വാഹന വിൽപന കുത്തനെ ഇടിഞ്ഞു. 14% ഇടിവോടെ 3.84 ലക്ഷം വാഹനങ്ങളാണ് കഴിഞ്ഞപാദത്തിൽ കമ്പനി വിറ്റഴിച്ചത്. ജനുവരി-മാർച്ചിൽ 13% നഷ്ടവും നേരിട്ടിരുന്നു. കമ്പനിയുടെ ചരിത്രത്തിൽ ആദ്യത്തെ വിൽപന ഇടിവായിരുന്നു അത്.
അതേസമയം, നിരീക്ഷകർ വിൽപന 3.56 ലക്ഷം വരെയായിരിക്കുമെന്നായിരുന്നു പ്രവചിച്ചിരുന്നത്. ഇതിനേക്കാൾ ഉയർന്ന കണക്കുപുറത്തുവിട്ടതിനാൽ ടെസ്ല ഓഹരികളെ നഷ്ടക്കണക്ക് ബാധിച്ചില്ല. ഓഹരിവില ഇന്നലെ 5% മുന്നേറി.
രൂപയും സ്വർണവും ക്രൂഡ് ഓയിലും
രൂപ ഇന്നലെ ഡോളറിനെതിരെ 3 പൈസ താഴ്ന്ന് 85.62ൽ ആണ് വ്യാപാരം അവസാനിപ്പിച്ചത്. ഓഹരി വിപണികളുടെ തളർച്ച രൂപയെയും സ്വാധീനിക്കുകയായിരുന്നു. ക്രൂഡ് ഓയിൽ വില ചെറിയ കയറ്റം കാട്ടിയതും തിരിച്ചടിയായി.
ഇന്നലെ 65-67 ഡോളർ നിലവാരത്തിലായിരുന്ന ഡബ്ല്യുടിഐ ക്രൂഡ്, ബ്രെന്റ് വിലകൾ ഇന്ന് 67-69 ഡോളർ നിലവാരത്തിലേക്ക് എത്തിയിട്ടുണ്ട്. ഒരുവേള ബ്രെന്റ് വില ബാരലിന് 70 ഡോളറിനടുത്തും എത്തി. സ്വർണവിലയിൽ വൻ ഉണർവ് പ്രകടമല്ലെങ്കിലും നിലവിൽ വ്യാപാരം ചെയ്യുന്നത് 9 ഡോളർ ഉയർന്ന് 3,347 ഡോളറിൽ. കേരളത്തിൽ ഇന്നു നേരിയ വർധനയുണ്ടാകാനുള്ള സൂചന ഇതു നൽകുന്നു.
ജപ്പാനു ട്രംപിന്റെ വെല്ലുവിളി
ജൂലൈ 9നകം യുഎസുമായി വ്യാപാരക്കരാറിനു തയാറായില്ലെങ്കിൽ ജപ്പാനുമേൽ 30-35% ഇറക്കുമതി തീരുവ ചുമത്തുമെന്ന് ട്രംപ് ഭീഷണിമുഴക്കി. ഏപ്രിലിൽ പ്രഖ്യാപിച്ച 24% പകരച്ചുങ്കത്തേക്കാൾ അധികമാണിത്. ജപ്പാനിൽ നിന്നുള്ള വാഹനങ്ങൾക്ക് നിലവിൽ 25 ശതമാനവും സ്റ്റീൽ, അലുമിനിയം എന്നിവയ്ക്ക് 50 ശതമാനവും തീരുവ ബാധകവുമാണ്. ജപ്പാനുമായി ധാരണയുണ്ടാക്കാൻ പറ്റുമെന്ന് തോന്നുന്നില്ലെന്നാണ് ട്രംപ് ഒടുവിൽ പറഞ്ഞത്; തുടർന്നായിരുന്നു ഭീഷണി. ഇതാണ് ജാപ്പനീസ് നിക്കേയ്ക്ക് തിരിച്ചടിയായതും.
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി/സ്വർണം മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)