
ജവാനിൽ ‘മഴവെള്ളം’ ഒഴിക്കാൻ പദ്ധതി; മലബാർ ഡിസ്റ്റിലറി മദ്യ പ്ലാന്റ് നിർമാണോദ്ഘാടനം 7ന്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചിറ്റൂർ ∙ മേനോൻപാറ മലബാർ ഡിസ്റ്റിലറിയിൽ മദ്യം ഉൽപാദിപ്പിക്കാനുള്ള ബ്ലെൻഡിങ് ആൻഡ് ബോട്ട്ലിങ് പ്ലാന്റ് നിർമാണോദ്ഘാടനം 7ന്. ഒന്നരപ്പതിറ്റാണ്ടു കാലത്തെ കാത്തിരിപ്പിനൊടുവിലാണു പദ്ധതിക്കു പുതുജീവനായത്. പുറമേ നിന്ന് സ്പിരിറ്റ് ഉൾപ്പെടെയുള്ള അസംസ്കൃത വസ്തുക്കൾ എത്തിച്ച് ‘ജവാൻ’ പോലുള്ള വിലകുറഞ്ഞ മദ്യമാണ് ഇവിടെ ഉൽപാദിപ്പിക്കുക. പ്ലാന്റ് നിർമാണോദ്ഘാടനം 7നു രാവിലെ 11.30നു മന്ത്രി എം.ബി.രാജേഷ് നിർവഹിക്കും. 2024 ജൂലൈയിലാണു മലബാർ ഡിസ്റ്റിലറിയിൽ മദ്യം ഉൽപാദിപ്പിക്കാനുള്ള ഭരണാനുമതി ലഭിച്ചത്. 5 ലൈൻ ബോട്ട്ലിങ് പ്ലാന്റ് സ്ഥാപിക്കുന്നതിനായി ബവ്റിജസ് കോർപ്പറേഷന് 25 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.
29.5 കോടി രൂപയുടെ പദ്ധതിയിൽ തുടക്കത്തിൽ 15 കോടി മുടക്കാനാണ് ബവ്കോ തീരുമാനിച്ചിരിക്കുന്നത്. നിലവിൽ പൂർണമായും ഓട്ടമാറ്റിക് ആയി പ്രവർത്തിക്കുന്ന 3 ബോട്ട്ലിങ് ലൈൻ സ്ഥാപിക്കാനുള്ള തയാറെടുപ്പിലാണ്. പ്രതിദിനം 1,21,500 ലീറ്റർ മദ്യം ഉൽപാദിപ്പിക്കാവുന്ന തരത്തിലാണ് പദ്ധതി തയാറാക്കിയിട്ടുള്ളത്. മദ്യം ഉൽപാദിപ്പിക്കുന്നതിനായി മഴവെള്ള സംഭരണി നിർമിച്ച് ആ വെള്ളം ഉപയോഗിക്കാൻ കഴിയുമോ എന്നുള്ളതിനാണു പ്രഥമ പരിഗണന നൽകുന്നത്. ഡിസ്റ്റിലറിയുടെ ഇരുവശങ്ങളിലുമുള്ള പുഴകളിൽ നിന്നുള്ള ശുദ്ധീകരിക്കാത്ത വെള്ളം മേനോൻപാറയിലെ കമ്പനി പരിസരത്ത് നിർമിക്കുന്ന സംഭരണിയിൽ എത്തിച്ച് ശുദ്ധീകരിക്കാനുള്ള പദ്ധതിയും പരിശോധിക്കുന്നുണ്ട്.
പഴയകെട്ടിടം പുതുക്കും; 10 മാസത്തിനകം പ്ലാന്റ് സജ്ജമാക്കും
117 ഏക്കറോളം സ്ഥലത്ത് വടകരപ്പതി, എലപ്പുള്ളി പഞ്ചായത്തുകളിലായാണു ഷുഗർ ഫാക്ടറി സ്ഥിതി ചെയ്യുന്നത്. ഷുഗർ ഫാക്ടറിയിലെ 7500 ചതുരശ്രയടി വിസ്തീർണമുള്ള പ്രധാന കെട്ടിടത്തിലാണു പ്ലാന്റ് സ്ഥാപിക്കുക. പതിറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടത്തിൽ അറ്റകുറ്റപ്പണികൾ ഉൾപ്പെടെ പൂർത്തീകരിക്കേണ്ടതുണ്ട്. 10 മാസത്തിനകം പ്ലാന്റിന്റെ പണി പൂർത്തിയാക്കുന്ന തരത്തിലുള്ള നടപടികളുമായാണു അധികൃതർ മുന്നോട്ടുപോകുന്നത്. ചാരായ നിരോധനവും തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയും കാരണം 2002ൽ ഫാക്ടറി അടച്ചുപൂട്ടിയിരുന്നു. തുടർന്ന് 2009 ജൂണിലാണ് ഈ സ്ഥലത്ത് മലബാർ ഡിസ്റ്റിലറി സ്ഥാപിക്കുന്നത്.
തുടർന്ന് ബവ്കോയ്ക്കു കീഴിൽ 10 ലൈൻ ബോട്ട്ലിങ് പ്ലാന്റ് ആരംഭിക്കാൻ നേരത്തെ പദ്ധതിയിട്ടിരുന്നു. എന്നാൽ ശക്തമായ പ്രതിഷേധത്തെ തുടർന്ന് 2018ൽ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. 7നു നടക്കുന്ന ഉദ്ഘാടനത്തിന്റെ ഭാഗമായി ചേർന്ന സംഘാടകസമിതി യോഗം എ.പ്രഭാകരൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സുജാത, എലപ്പുള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.രേവതി ബാബു, മലബാർ ഡിസ്റ്റിലറീസ് ജനറൽ മാനേജർ സുഗുണൻ, എസ്.ബി.രാജു, സുഭാഷ് ചന്ദ്രബോസ്, ബിജു തുടങ്ങിയവർ പങ്കെടുത്തു.