
കരുവന്നൂരിൽ സിബിഐ ഇല്ല; യഥാര്‍ഥ പ്രതികളെ നിയമത്തിന് മുന്നിലെത്തിക്കണമെന്ന് ഹൈക്കോടതി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി ∙ കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ് കേസില്‍ അന്വേഷണമില്ല. നേതാക്കൾ ഉൾപ്പെട്ടിട്ടുള്ള കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബാങ്കിലെ മുൻ ജീവനക്കാരൻ നല്കിയ ഹര്‍ജി തീർപ്പാക്കിക്കൊണ്ടാണ് തീരുമാനം. കേസിലെ വിചാരണ നടപടികള്‍ പുരോഗമിക്കുന്ന സാഹചര്യത്തിലാണ് കോടതിയുടെ തീരുമാനം. കേസിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാവർക്കുമെതിരെ പഴുതടച്ച അന്വേഷണം വേണമെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിട്ടുള്ളതും ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ ചൂണ്ടിക്കാട്ടി. യഥാര്‍ഥ പ്രതികളെ നിയമത്തിന് മുന്നിലെത്തിക്കണമെന്നും കോടതി നിർദേശിച്ചു.
100 കോടി രൂപയുടെ ക്രമക്കേട് നടന്നുവെന്ന് ആരോപിക്കപ്പെടുന്ന കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കരുവന്നൂർ ബാങ്കിന്റെ എക്സ്റ്റൻഷൻ കൗണ്ടറിൽ മാനേജരായിരുന്ന ഇരിങ്ങാലക്കുട പൊറത്തിശ്ശേരി സ്വദേശി എം.വി.സുരേഷാണ് കോടതിയെ സമീപിച്ചത്. കേസ് 2021 മുതൽ കോടതി മുൻപാകെയുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് കുഞ്ഞികൃഷ്ണൻ, ഇത് അനന്തമായി നീട്ടിക്കൊണ്ടു പോകാനാവില്ലെന്ന് വ്യക്തമാക്കി. കേസ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കുന്നുണ്ട്.
ഇ.ഡി റജിസ്റ്റർ ചെയ്ത ഇസിഐആറിൽ പ്രതികളാക്കിയ എല്ലാവർക്കുമെതിരെ ശക്തമായ അന്വേഷണം നടത്താൻ ഹൈക്കോടതിയുടെ മറ്റൊരു ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു. കേസുമായി ബന്ധപ്പെട്ടുള്ള ഇസിഐആറിന്റെ പകർപ്പും സത്യവാങ്മൂലങ്ങളും ഇഡിയിൽനിന്ന് ശേഖരിക്കാനും കോടതി നിർദേശിച്ചിരുന്നു. അതിനിടെ, സിപിഎമ്മിനേയും കെ.രാധാകൃഷ്ണൻ എം.പി അടക്കം പാർട്ടിയുടെ തൃശ്ശൂർ ജില്ലയിലെ മൂന്നു മുൻ ജില്ലാ സെക്രട്ടറിമാരെയടക്കം പ്രതികളാക്കി ഇ.ഡി അന്തിമ കുറ്റപത്രം കോടതിയിൽ സമർപിച്ചിട്ടുണ്ട്. അന്തിമ കുറ്റപത്രത്തിൽ പുതുതായി 27 പ്രതികളെക്കൂടി ഉൾപ്പെടുത്തിയതോടെ ആകെ 83 പ്രതികളാണ് കേസിലുള്ളത്.
കരുവന്നൂർ ബാങ്ക് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് 22 കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ഇന്ന് കോടതിയെ അറിയിച്ചു. ഇതിൽ 10 കേസുകളില്‍ കുറ്റപത്രം നല്കി. മറ്റു കേസുകളില്‍ ഉടന്‍ കുറ്റപത്രം നല്‍കും. ചില രേഖകളുടെ ഫൊറന്‍സിക് റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് ഇവ കൂടി നൽകുമെന്നും സർക്കാർ വ്യക്തമാക്കി. തുടർന്നാണ് കേസുമായി ബന്ധപ്പെട്ട അന്തിമ റിപ്പോർട്ട് വിചാരണ കോടതിയുടെ പരിഗണനയിലാണെന്ന് ചൂണ്ടിക്കാട്ടി ഹർജി തീർപ്പാക്കാൻ തീരുമാനിച്ചത്. കേസുമായി ബന്ധപ്പെട്ട് എതിർപ്പുകളുണ്ടെങ്കിൽ ഹർജിക്കാരന് വിചാരണ കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.