
‘വിസി വിശദീകരണം ചോദിച്ചിരുന്നില്ല, സസ്പെൻഷന് പിന്നിലെ കാരണം അറിയില്ല’; അന്ന് അനിൽകുമാറിനെ ഒഴിവാക്കാൻ നോക്കി, ഇന്ന് നടപടി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ സസ്പെൻഷൻ വിവരം അറിഞ്ഞത് മാധ്യമങ്ങളിലൂടെയെന്നും ഉത്തരവ് കൈയ്യിൽ കിട്ടിയില്ലെന്നും സസ്പെൻഷനിലായ കേരള സർവകലാശാല റജിസ്ട്രാർ കെ.എസ്. അനിൽ കുമാർ. സെനറ്റ് ഹാളിലെ ഭാരതാംബ വിവാദത്തിൽ നിയമപരമായ കാര്യങ്ങളാണ് താൻ ചെയ്തതെന്നും അദ്ദേഹം മനോരമ ഓൺലൈനോട് പറഞ്ഞു. ചെയ്ത കാര്യങ്ങളിൽ ഉറച്ചുനിൽക്കും. എന്താണ് ഇങ്ങനെയൊരു ഉത്തരവിന് പിന്നിലെന്ന് മനസിലാകുന്നില്ല. പിന്നിൽ രാഷ്ട്രീയമാണോ എന്നും അറിയില്ല. സസ്പെൻഷൻ ഉത്തരവിന് മുൻപ് വിസി വിശദീകരണം തേടിയിരുന്നില്ല. ഓഫിസിൽ നിന്നും ആരും സംസാരിച്ചിരുന്നില്ല. നിയമപരമായി നീങ്ങാനാണ് തീരുമാനം. കോടതിയെ സമീപിക്കുമെന്നും അനിൽകുമാർ പറഞ്ഞു.
വിസി റജിസ്ട്രാറുടെ ചുമതല നൽകിയ സീനിയർ ജോയിന്റ് റജിസ്ട്രാർ പി. ഹരികുമാർ മുൻ വിസി മഹാദേവൻപിള്ളയുടെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്നു. സിൻഡിക്കേറ്റിലെ ഭൂരിപക്ഷം ഉപയോഗിച്ച് അനിൽകുമാറിനെ തിരിച്ചെടുക്കാമെന്നായിരുന്നു സസ്പെൻഷൻ ഉത്തരവ് വന്നപ്പോൾ ഇടതുപക്ഷ സിൻഡിക്കേറ്റ് അംഗങ്ങൾ പ്രതികരിച്ചത്. എന്നാൽ അന്വേഷണ വിധേയമായുള്ള സസ്പെൻഷനു പകരം തെറ്റുകാരനല്ലെന്ന് സ്ഥാപിക്കുന്നത് വരെയാണ് വിസിയുടെ നടപടിയെന്ന് പിന്നീടാണ് അംഗങ്ങൾ അറിഞ്ഞത്. ഇതോടെ ഉത്തരവ് കിട്ടിയശേഷം നിയമവശങ്ങൾ പരിശോധിക്കുമെന്ന് ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ പറഞ്ഞു.
വൈസ് ചാൻസലറായ മോഹൻ കുന്നുമ്മലിന്റെ തീരുമാനത്തെ മറികടന്നാണ് അനിൽകുമാറിനെ സിൻഡിക്കേറ്റ് വീണ്ടും റജിസ്ട്രാർ ആക്കിയത്. അനിൽകുമാറിനെ റജിസ്ട്രാർ ആക്കുന്നതിനെ അന്ന് രണ്ട് അംഗങ്ങളും രാജ്ഭവനും എതിർത്തിരുന്നു. പുതിയ റജിസ്ട്രാററെ കണ്ടെത്താൻ വൈസ് ചാൻസലർ ഇറക്കിയ വിജ്ഞാപനം ചോദ്യം ചെയ്ത് ഇടത് സിൻഡിക്കേറ്റ് അംഗം അന്ന് സമീപിച്ചു. സിൻഡിക്കേറ്റിന്റെ അധികാരത്തെ വൈസ് ചാൻസലർ മറികടന്നുവെന്നായിരുന്നു ഹർജി.
റജിസ്ട്രാർ പദവി നീട്ടി നൽകുന്നത് സംബന്ധിച്ച് ചട്ടങ്ങളിൽ പറയുന്നില്ലെന്നും പുനർനിയമനം നൽകുന്നുവെങ്കിൽ ചട്ടങ്ങൾ പാലിച്ചാകണമെന്നുമാണ് ബിജെപി വാദിച്ചത്. അന്ന് ഹൈക്കോടതി നിർദേശ പ്രകാരം ചേർന്ന സിൻഡിക്കേറ്റിന്റെ തീരുമാനം അനുസരിക്കാതെ വിസിക്ക് വേറെ നിർവാഹമുണ്ടായിരുന്നില്ല. പുതിയ പോരിലും കോടതിയിൽ നിന്ന് അനുകൂല നിലപാട് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ. പുനർനിയമനം ലഭിച്ച ശേഷവും അതിനു മുൻപും അനിൽകുമാറും വിസിയും തമ്മിൽ ശീതയുദ്ധത്തിലായിരുന്നു.