ഇന്ത്യയിലെ കോർപ്പറേറ്റ് രംഗത്തുള്ള ചെറുപ്പക്കാർ ആഴ്ചയിൽ 70 മണിക്കൂർ ജോലി ചെയ്യണമെന്ന് ഇൻഫോസിസ് സ്ഥാപകൻ എൻ.ആർ. നാരായണമൂർത്തി കഴിഞ്ഞ വർഷം പറഞ്ഞത് രാജ്യമൊട്ടാകെ ചർച്ചകൾക്ക് വേദിയായിരുന്നു. വർക്–ലൈഫ് ബാലൻസിൽ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു. കാര്യങ്ങൾ ഇങ്ങനെയിരിക്കെയാണ് നാരായണ മൂർത്തി മുൻകൈയെടുത്ത് സ്ഥാപിച്ച ഇന്‍ഫോസിസ് ജീവനക്കാരുടെ ആരോഗ്യവും ജോലിയും ജീവിതവും തമ്മിലുള്ള സന്തുലിതാവസ്ഥയും ശാരീരികവും മാനസികവുമായ ആരോഗ്യവും കാത്തു സൂക്ഷിക്കുന്നതിനായി അധിക സമയം ജോലി ചെയ്യരുതെന്ന് ആവർത്തിച്ച് അറിയിപ്പ് നൽകുന്ന‌ത് എന്നത് കൗതുകകരമാകുന്നു.

ജോലി നിർദ്ദിഷ്ട സമയം വരെ മാത്രം

ടെക് വമ്പനായ ഇൻഫോസിസ് തങ്ങളുടെ സമയം കഴിഞ്ഞും ഓഫീസിലിരുന്ന് ജോലിയെടുക്കരുതെന്ന് കാമ്പെയ്നുകളിലൂടെയും കത്തുകളിലൂടെയുമൊക്കെ ജീവനക്കാരെ നിരന്തരം ഓർമപ്പെടുത്തികൊണ്ടിരിക്കുകയാണ്. വീട്ടിലിരുന്നു ജോലി ചെയ്യുന്നവർ പോലും നിർദ്ദിഷ്ട സമയം വരെ മാത്രം ജോലിയിൽ തുടർന്നാൽ മതി എന്നാണ് കമ്പനി കര്‍ശന നിലപാടെടുക്കുന്നത്. ഇക്കാര്യം ഓർമപ്പെടുത്തിക്കൊണ്ട് കമ്പനി ജീവനക്കാർക്ക് നിരന്തരം ഇമെയിലുകളും സന്ദേശങ്ങളുമൊക്കെ അയയ്ക്കുന്നുണ്ട്. കമ്പനി അടുത്തിടയ്ക്ക് ജീവനക്കാരുടെ ജോലി സമയം ട്രാക്ക് ചെയ്യുന്നതിനായി നിരീക്ഷണ സംവിധാനവും തയാറാക്കിയിട്ടുണ്ട്. 

ജോലിയും ജീവിതവും തമ്മില്‍ ബാലൻസ്

അധിക സമയം വർക്ക് ചെയ്ത് ജോലിയും ജീവിതവും തമ്മിലുള്ള ബാലൻസ് നഷ്ടമാക്കരുതെന്നാണ് കമ്പനി ജീവനക്കാരെ എപ്പോഴും ഓർമിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഐടി – ടെക്നോളജി രംഗത്തുള്ളവർ ശാരീരിക – മാനസിക ആരോഗ്യത്തിനു മുൻതൂക്കം നൽകണമെന്നും, നീളുന്ന ജോലി സമയവും കൃത്യതയില്ലാത്ത ഭക്ഷണ രീതിയും വേണ്ടത്ര വിശ്രമമെടുക്കാത്തതുമൊക്കെ ആരോഗ്യത്തെ ബാധിക്കുന്നതോടൊപ്പം ജോലിയിലെ മികവിനെയും ബാധിക്കുമെന്ന് ഇൻഫോസിസ് ജീവനക്കാർക്ക് അയയ്ക്കുന്ന കത്തുകളിലും സന്ദേശങ്ങളിലുമൊക്കെ വിശദീകരിക്കുന്നുണ്ട്. ഇടവേളകളെടുക്കാനും ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ തങ്ങളുടെ മാനേജർമാരോട് അക്കാര്യം ആവശ്യപ്പെടണമെന്നും കമ്പനി ജീവനക്കാരെ പ്രോൽസാഹിപ്പിക്കുന്നുണ്ട്. ഇൻഫോസിസിൽ ദിവസം 9.15 മണിക്കൂറാണ് ജോലിസമയം. ആഴ്ചയിൽ അഞ്ച് ദിവസം ജോലി ചെയ്യേണ്ടതുണ്ട്. ചുരുക്കി പറഞ്ഞാൽ തങ്ങളുടെ സ്ഥാപകന്റെ കാഴ്ചപ്പാടിനു വിരുദ്ധമായ, ജീവനക്കാരുടെ ആരോഗ്യത്തിനും മുൻഗണന നൽകുന്ന നിലപാടാണ് ഇൻഫോസിസിനുള്ളത്.

English Summary:

Infosys now actively discourages overtime, implementing new policies and monitoring systems to promote employee well-being and a healthy work-life balance. This shift marks a significant change from its founder’s previous views.