യുക്രെയ്നെതിരെ യുദ്ധം തുടരാൻ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനെ ‘സഹായിക്കുന്നത്’ ഇന്ത്യയും ചൈനയുമാണെന്ന വാദവുമായി യുഎസ് സെനറ്റർ ലിൻസി ഗ്രഹാം. യുഎസിന്റെ ഉപരോധമുണ്ടായിട്ടും റഷ്യയുടെ 70% എണ്ണയും (ക്രൂഡ് ഓയിൽ) വാങ്ങി അവരെ സാമ്പത്തികമായി സഹായിക്കുന്നത് ഇന്ത്യയും ചൈനയുമാണെന്ന് ഗ്രഹാം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

റഷ്യയുടെ എണ്ണയും ഗ്യാസും വാങ്ങുന്ന രാജ്യങ്ങൾക്കുമേൽ 500% ഇറക്കുമതി തീരുവ ഈടാക്കാനുള്ള ബിൽ തയാറായെന്നും ബിൽ അവതരിപ്പിക്കാൻ പ്രസിഡന്റ് ട്രംപിന്റെ പൂർണ സമ്മതമുണ്ടെന്നും അദ്ദേഹം പറഞ്ഞു. റഷ്യയിൽ നിന്ന് ഉൽപന്നങ്ങൾ വാങ്ങുന്ന രാജ്യങ്ങളിൽ നിന്ന് യുഎസിലെത്തുന്ന ഉൽപന്നങ്ങൾക്കുമേലാണ് 500% ‘പ്രതികാര’ ചുങ്കം ഏർപ്പെടുത്തുക. അതായത്, ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നുമുള്ള ഉൽപന്നങ്ങളെയാണ് പ്രധാനമായും ബിൽ ഉന്നമിടുന്നത്.

ട്രംപിന്റെ പച്ചക്കൊടി!

ഇന്ത്യയ്ക്കും ചൈനയ്ക്കുംമേൽ 500% ഇറക്കുമതി തീരുവ ഏർപ്പെടുത്തണമെന്ന് നിർദേശിക്കുന്ന ബിൽ മുന്നോട്ടുകൊണ്ടുപോകേണ്ട സമയമാണിതെന്ന് ട്രംപ് പറഞ്ഞതായി ഗ്രഹാം വ്യക്തമാക്കി. ബിൽ കോൺഗ്രസിൽ അവതരിപ്പിക്കാൻ ട്രംപ് സമ്മതിച്ചിട്ടുണ്ട്. ബിൽ പാസായാലും നടപ്പാക്കണോയെന്ന് അന്തിമ തീരുമാനം എടുക്കേണ്ടത് ട്രംപ് ആണെന്നും ഗ്രഹാം പറഞ്ഞു. ഓഗസ്റ്റിലായിരിക്കും ബിൽ അവതരിപ്പിക്കുക.

ഇന്ത്യയും റഷ്യയും

കോവിഡനന്തരം ഇന്ത്യയും റഷ്യയും തമ്മിലെ വ്യാപാരം കുത്തനെ കൂടിയിട്ടുണ്ട്. 2022 ഫെബ്രുവരിയിലാണ് റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്റെ തുടക്കം. പിന്നാലെ യൂറോപ്യൻ യൂണിയൻ, യുഎസ് തുടങ്ങിയവ റഷ്യയ്ക്കുമേൽ ഉപരോധം ഏർപ്പെടുത്തുകയായിരുന്നു. ഇതുവഴി പരമ്പരാഗത ഉപഭോക്താക്കളെ നഷ്ടപ്പെട്ട റഷ്യ, ഇന്ത്യയ്ക്കും ചൈനയ്ക്കും ഡിസ്കൗണ്ടോടെ ക്രൂഡ് ഓയിൽ വിൽപന നടത്തി വരുമാനം പിടിച്ചുനിർത്തുകയായിരുന്നു. 

English Summary:

Trump-Backed Bill Threatens 500% Tariff on India, China Over Russian Oil Imports