
വാട്ടർ ബിൽ 54.82 ലക്ഷം രൂപ ! ഉപയോക്താവിനെ ഞെട്ടിച്ച് ജല അതോറിറ്റി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പാലക്കാട് ∙ വെള്ളത്തിനു ശരാശരി 200 രൂപ അടയ്ക്കാറുള്ള ഉപയോക്താവിന് ഇത്തവണ കിട്ടിയത് 54.82 ലക്ഷം രൂപയുടെ ബിൽ. ഉപഭോക്താവ് ഞെട്ടി വെള്ളം കുടിച്ചെങ്കിലും തങ്ങൾക്കു വന്ന പിഴവാണെന്നു തിരിച്ചറിഞ്ഞതോടെ ജല അതോറിറ്റി ബിൽ മാറ്റി നൽകി. 400 രൂപ മാത്രമായിരുന്നു യഥാർഥ ബിൽ. പാലക്കാട് പുതുപ്പള്ളിത്തെരുവ് സ്വദേശി എ.യു.മുഹമ്മദ് യാസിറിനാണ് 54,08,292 രൂപയുടെ ബിൽ ലഭിച്ചത്. ജൂൺ 19നാണ് ജല അതോറിറ്റി ജീവനക്കാരൻ വീട്ടിലെത്തി മീറ്റർ റീഡിങ് എടുത്തത്. ലക്ഷങ്ങളുടെ കണക്കു കണ്ടപ്പോൾ ബിൽ നൽകാതെ ജീവനക്കാരൻ മടങ്ങി.
ഇന്നലെ ബിൽ യുപിഐ സംവിധാനത്തിലൂടെ അടയ്ക്കാൻ നോക്കിയപ്പോഴാണു ഭീമൻ തുകയാണെന്നു തിരിച്ചറിഞ്ഞത്. ജല അതോറിറ്റി വെബ്സൈറ്റിൽ പരിശോധിച്ചപ്പോഴും അതേ തുക. ജല അതോറിറ്റി ഓഫിസിലെത്തി പരാതിപ്പെട്ടതോടെ മീറ്റർ റീഡിങ്ങിൽ വന്ന പിഴവാണെന്നു സമ്മതിച്ചു. തെറ്റായി വന്ന ബില്ലിൽ 1.10 ലക്ഷം യൂണിറ്റ് ഉപയോഗമെന്നാണു കാണിച്ചിരുന്നത്. രണ്ടു മാസം മുൻപു വന്ന ബില്ലിൽ 16 യൂണിറ്റു മാത്രമായിരുന്നു ഉപയോഗം. മെഷീൻ റീഡിങ് നടത്തിയപ്പോഴാണു പ്രശ്നം നേരിട്ടതെന്നു യാസിർ പറഞ്ഞു. യാസിറിന്റെ പിതാവ് ഉസ്മാന്റെ പേരിലാണു വാട്ടർ കണക്ഷൻ.