
‘ജെഎസ്കെ’ കാണാൻ ഹൈക്കോടതി; സൗകര്യമൊരുക്കണമെന്ന് അഭിനവ് ചന്ദ്രചൂഡും; കേരളത്തിലേക്ക് ക്ഷണിച്ച് ജസ്റ്റിസ് നഗരേഷ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി ∙ ‘ജെഎസ്കെ– ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ നേരിൽ കണ്ട് തീരുമാനിക്കാമെന്ന് ഹൈക്കോടതി. സിനിമയുടെ പേരും കഥാപാത്രത്തിന്റെ പേരും മാറ്റാതെ സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് നൽകില്ലെന്ന സെൻസർ ബോർഡ് തീരുമാനത്തിനെതിരെ ചിത്രത്തിന്റെ നിർമാതാക്കള്‍ നൽകിയ ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. ശനിയാഴ്ച രാവിലെ 10 മണിക്ക് സിനിമ കാണാമെന്നാണ് ജസ്റ്റിസ് എൻ.നഗരേഷ് ഇന്നു വ്യക്തമാക്കി. പാലാരിവട്ടത്തെ ലാൽ മീഡിയ സ്റ്റുഡിയോയിൽ കോടതിക്ക് സിനിമ കാണാൻ സൗകര്യമൊരുക്കുമെന്ന് നിർമാതാക്കൾ അറിയിച്ചു.
സെൻസർ ബോർഡ് തീരുമാനം ചോദ്യം ചെയ്ത് നൽകിയ ഹർജിക്കു പുറമെ റിലീസ് വൈകുന്നതുകൊണ്ടുണ്ടാകുന്ന നഷ്ടം ചൂണ്ടിക്കാട്ടി നിർമാതാക്കൾ മറ്റൊരു ഹർജി കൂടി നൽകിയിരുന്നു. ഇന്ന് കേസ് പരിഗണിച്ചപ്പോൾ രണ്ടാമത്തെ ഹർജിക്ക് മറുപടി സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന് സെൻസർ ബോർഡിനു വേണ്ടി ഹാജരായ അഭിഭാഷകൻ അഭിനവ് ചന്ദ്രചൂഡ് ആവശ്യപ്പെട്ടു. ഇന്നലെ വൈകിട്ട് മാത്രമാണ് ഹർജിയുടെ പകർപ്പ് ലഭിച്ചതെന്നാണ് ഇതിനു കാരണമായി അദ്ദേഹം അറിയിച്ചത്. എന്നാൽ കേസ് അനന്തമായി നീട്ടിക്കൊണ്ടു പോവുകയാണെന്ന് ഹർജിക്കാർക്കു വേണ്ടി ഹാജരായ അഭിഭാഷകൻ ഹാരിസ് ബീരാൻ പറഞ്ഞു. എന്തു സാഹചര്യത്തിലാണ് സിനിമയ്ക്ക് അനുമതി നിഷേധിക്കുന്നതെന്ന് വ്യക്തമായി അറിയിക്കണമെന്ന് സെൻസർ ബോർഡിനോട് കോടതി നിർദേശിച്ചിരുന്ന കാര്യവും അദ്ദേഹം ഓർമിപ്പിച്ചു.
തുടർന്നാണ് സിനിമ കാണാമെന്ന് കോടതി വ്യക്തമാക്കിയത്. ഇതിന് ആവശ്യമായ സൗകര്യം ഒരുക്കാനും ഹർജിക്കാരോട് നിർദേശിച്ചു. കോടതിയും ഹർജിക്കാരും സിനിമ കാണുന്ന സാഹചര്യത്തിൽ എതിർകക്ഷിയായ തനിക്ക് സെൻസർ ബോർഡിന്റെ മുംബൈ ഓഫിസിൽ ചിത്രം കാണാൻ സൗകര്യമുണ്ടാകുമോ എന്ന് അഭിനവ് ചന്ദ്രചൂഡ് ആരാഞ്ഞു. ‘ദൈവത്തിന്റെ സ്വന്തം നാട്’ സന്ദർശിക്കാനും കൊച്ചിയിലെത്തി ചിത്രം കാണാനും സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ മകനായ അഭിനവ് ചന്ദ്രചൂഡിനെ കോടതി ക്ഷണിക്കുകയും ചെയ്തു. സെൻസർ ബോർഡിന്റെ തിരുവനന്തപുരം മേഖലാ ഓഫിസിൽനിന്ന് ചിത്രം കാണാൻ ആളെ നിയോഗിക്കുന്ന കാര്യം പരിഗണിക്കാനും കോടതി നിർദേശിച്ചു.
മത, ജാതി, വംശവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വിദ്വേഷകരമായ കാര്യങ്ങൾ സിനിമയിൽ ഉണ്ടാകരുതെന്ന മാർഗനിർദേശങ്ങൾ ലംഘിക്കപ്പെട്ടു എന്നു ചൂണ്ടക്കാട്ടിയാണ് സെൻസർ ബോർഡ് ചിത്രത്തിൽ മാറ്റങ്ങൾ വരുത്താൻ നിര്‍ദേശിച്ചത്. ജാനകി എന്ന പേര് മാറ്റണമെന്നതാണ് പ്രധാനം. ഇതിന് എതിരെയാണ് ഹർജിക്കാരുടെ ഹർജികൾ. ഹർജി ബുധനാഴ്ച വീണ്ടും പരിഗണിക്കും