
കാത്തിരിപ്പ് കേന്ദ്രം നോക്കുകുത്തി; ജനം ബസ് കാത്ത് പൊതുവഴിയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചാരുംമൂട്∙ കാത്തിരിപ്പ് കേന്ദ്രം നോക്കുകുത്തിയായതോടെ ബസ് കാത്ത് ജനത്തിന്റെ നിൽപ് മഴയത്തും വെയിലത്തും. ചുനക്കര പഞ്ചായത്ത് ജംക്ഷനിൽ പഞ്ചായത്ത് നിർമിച്ച കാത്തിരിപ്പ് കേന്ദ്രമാണ് ആർക്കും ഉപകാരമില്ലാത്തതായി മാറിയിരിക്കുന്നത്. നിർമാണം പൂർത്തിയായ കാലത്ത് കുറച്ചു നാളുകൾ ആളുകൾ ഇത് ഉപയോഗിച്ചു. എന്നാൽ മാങ്കാംകുഴി ഭാഗത്തു നിന്ന് ചാരുംമൂട് ഭാഗത്തേക്ക് വരുന്ന ബസുകൾ കാത്തിരിപ്പ് കേന്ദ്രത്തിന് നൂറ് മീറ്റർ അകലെ മാറി നിർത്തുന്നതു തുടർന്നതോടെ ജനം കാത്തിരിപ്പ് കേന്ദ്രം ഉപേക്ഷിക്കാൻ നിർബന്ധിതരായി. ഇപ്പോൾ ബസ് കാത്തു നിൽക്കുന്നത് വെയിലും മഴയുമേറ്റ് റോഡരികിലും.
ചുനക്കര പഞ്ചായത്ത് ഓഫിസ് കെട്ടിടത്തിന്റെ മതിലിനോട് ചേർന്നു നിർമിച്ച ഈ കാത്തിരിപ്പു കേന്ദ്രത്തിൽ ഇപ്പോൾ മാലിന്യങ്ങൾ നിറഞ്ഞിരിക്കുകയാണ്. ശുചീകരണം നടത്തി ഇതു യാത്രക്കാർക്ക് ഉപകാരപ്രദമായ നിലയിൽ മാറ്റിയെടുക്കണമെന്ന പലകുറി ഉയർന്നെങ്കിലും പഞ്ചായത്തോ ജനപ്രതിനിധികളോ കാര്യമായ ഇടപെടൽ നടത്തിയിട്ടില്ല. എത്രയും വേഗം ശുചീകരണം നടത്തി കാത്തിരിപ്പ് കേന്ദ്രം പ്രവർത്തനക്ഷമമാക്കാൻ വേണ്ട നടപടി വേണമെന്നാണ് വിദ്യാർഥികളടക്കമുള്ള യാത്രക്കാരുടെ ആവശ്യം.