
കിള്ളി–മേച്ചിറ–ഇഎംഎസ് അക്കാദമി റോഡ് നവീകരണം പാതിവഴിയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാട്ടാക്കട ∙ കിള്ളി– മേച്ചിറ– ഇഎംഎസ് അക്കാദമി റോഡ് നിർമാണം ഏറ്റെടുത്ത കരാർ കമ്പനിയുടെ ജോലിക്കാരെ താമസ സ്ഥലത്തു നിന്നു പുറത്തിറങ്ങാൻ അനുവദിക്കാതെ തടഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം.. ഇന്നലെ രാവിലെയാണ് സംഭവം. കിള്ളി–മേച്ചിറ റോഡ് എഫ്ഡിആർ സാങ്കേതിക വിദ്യയിൽ നവീകരിക്കുന്ന ജോലികൾ ആരംഭിച്ചിട്ട് മാസങ്ങളായി. ഇതുവരെ പൂർത്തിയായില്ല. 7.8 കിലോമീറ്റർ ദൈർഘ്യമുള്ള റോഡിന്റെ 3.4 കിലോമീറ്റർ ദൈർഘ്യമുള്ള ഒരു സ്ട്രെച്ച് മാത്രമാണ് ഭാഗികമായി പൂർത്തിയായത്. നിലവിൽ നവീകരണം നടക്കുന്ന റോഡ് പണി നിർത്തി പുതിയ റോഡ് നവീകരിക്കാൻ കരാറുകാരനെ മരാമത്ത് വകുപ്പ് നിർബന്ധിക്കുകയായിരുന്നു.
അരുവിക്കര മണ്ഡലത്തിൽ എഫ്ഡിആർ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമിക്കാനുള്ള റോഡിന്റെ ജോലികൾക്കു വേണ്ടിയാണ് കിള്ളിയിലെ പണി നിർത്തി വച്ചത്. യന്ത്ര സാമഗ്രികളും തൊഴിലാളികളെയും അവിടേക്ക് നിയോഗിച്ചു. രണ്ട് കരാറും ഒരേ കമ്പനിക്കാണു നൽകിയത്. കിള്ളി–മേച്ചിറ റോഡിന്റെ നിർമാണ ജോലികൾ നിലച്ചതോടെയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. പലവട്ടം നിലച്ചുപോയ റോഡ് പണി ആരംഭിച്ചത് അടുത്തിടെയാണ്. ഇന്നലെ രാവിലെ കരാർ കമ്പനി തൊഴിലാളികൾ താമസിക്കുന്ന നെല്ലിക്കാടുള്ള കേന്ദ്രത്തിലെത്തിയ നാട്ടുകാർ തൊഴിലാളികളെ പുറത്തിറങ്ങാൻ അനുവദിച്ചില്ല.
പതിനൊന്നരയോടെ കരാർ കമ്പനി പ്രതിനിധി സ്ഥലത്തെത്തി കിള്ളി–മേച്ചിറ റോഡ് നവീകരണം വേഗത്തിൽ പൂർത്തിയാക്കാമെന്ന് ഉറപ്പ് നൽകി. ജില്ലയിൽ എഫ്ഡിആർ സാങ്കേതിക വിദ്യയിൽ നിർമിക്കുന്ന 3 റോഡുകളുടെ കരാറാണ് കമ്പനി ഏറ്റെടുത്തിട്ടുള്ളത്. മൂന്ന് റോഡും വേഗത്തിൽ പൂർത്തിയാക്കണമെന്ന ജന പ്രതിനിധികളുടെ ആവശ്യവും, മരാമത്ത് വകുപ്പ് സമ്മർദവുമാണ് നിർമാണ ജോലികൾ ആകെ താളം തെറ്റാൻ കാരണം. അരുവിക്കര മണ്ഡലത്തിൽ റോഡ് നിർമാണം ഇഴഞ്ഞ് നീങ്ങുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാർ രംഗത്ത് വന്നിരുന്നു. ഇതോടെ മരാമത്ത് ഉദ്യോഗസ്ഥരുടെ സമ്മർദം കാരണം മെഷീനുകൾ അരുവിക്കരയിലേക്ക് മാറ്റി. തൊഴിലാളികളെയും നിയോഗിച്ചു.