
രാമരാജു ചോദിക്കുന്നു; പെൻഷൻ കുടിശിക എന്നു തരും?
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊല്ലം ∙ എല്ലാ രേഖകളും തെളിവുകളുമെല്ലാം പട്ടത്താനം മണിച്ചിത്തോട് വയലിൽ പുത്തൻവീട്ടിലെ രാമരാജുവിന് അനുകൂലം. എന്നാൽ വർഷങ്ങൾ പോരാടിയിട്ടും തനിക്ക് ലഭിക്കേണ്ട വാർധക്യകാല പെൻഷന്റെ കുടിശികത്തുക ഇതുവരെ ലഭിച്ചിട്ടില്ല. പെൻഷൻ കുടിശിക സംബന്ധിച്ച മന്ത്രിമാരുടെ അവകാശവാദങ്ങൾ മാത്രം ബാക്കി.18 മാസത്തെ വാർധക്യകാല പെൻഷൻ രാമരാജുവിന് ലഭിക്കാനുണ്ട്. ഇത് 2 ആഴ്ചയ്ക്കുള്ളിൽ നൽകണമെന്ന മനുഷ്യാവകാശ കമ്മിഷൻ ഉത്തരവ് വന്നിട്ട് 2 വർഷമായി. നിയമപോരാട്ടത്തിനും മറ്റുമായി 80,000 രൂപ ഈ എഴുപത്തിയേഴുകാരൻ ഇതിനകം ചെലവിട്ടു.
എന്നിട്ടും സർക്കാരിന്റെ മനസ്സലിയുന്നില്ല. 2013 ഡിസംബറിലാണു രാമരാജുവിന് പെൻഷൻ അനുവദിക്കുന്നത്. കിട്ടിത്തുടങ്ങിയത് 2015 ഒക്ടോബർ മുതൽ. പിന്നീട് ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ പെൻഷൻ തുകയും ലഭിച്ചു. 2016 ഓണക്കാലത്ത് സംസ്ഥാന സർക്കാർ കുടിശികകൾ വിതരണം ചെയ്തെങ്കിലും രാമരാജുവിനു മാത്രം കിട്ടിയില്ല. 2016 ൽ കുടുംബശ്രീ മുഖേന സർക്കാർ നടത്തിയ സർവേയിൽ ഉൾപ്പെട്ടവർക്കാണ് കുടിശിക അനുവദിച്ചതെന്നും രാമരാജു അതിൽ ഇല്ലാത്തതുകൊണ്ടാണ് കുടിശിക ലഭിക്കാതിരിക്കാൻ കാരണമെന്നുമായിരുന്നു വിശദീകരണം.
എന്നാൽ വിശദീകരണം സാങ്കേതിക ന്യായം മാത്രമാണെന്നും സാമൂഹിക സുരക്ഷാ പെൻഷനുകൾ എങ്ങനെ തടയാമെന്നതിൽ ഭരണാധികാരികൾ കാണിക്കുന്ന ജാഗ്രത പെൻഷൻ കുടിശിക അർഹതപ്പെട്ടവർക്കു നൽകുന്ന കാര്യത്തിലും കാണിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ചൂണ്ടിക്കാണിച്ചിരുന്നു. 2013 ഡിസംബർ മുതലുള്ള പെൻഷൻ കുടിശിക രണ്ടാഴ്ചയ്ക്കകം നൽകണമെന്നായിരുന്നു 2023 ഏപ്രിൽ 28ന് കമ്മിഷൻ അംഗം വി.കെ.ബീനാകുമാരിയുടെ ഉത്തരവ്. എന്നാൽ അധികൃതർ ഉത്തരവ് കണ്ട ഭാവം നടിച്ചില്ല.
പെൻഷൻ കുടിശിക നൽകാൻ സർക്കാരിൽ നിന്ന് ഉത്തരവുണ്ടാകുന്നതിന് അനുസരിച്ച് പെൻഷൻ ലഭിക്കുമെന്നുമാണ് രാമരാജുവിന് ലഭിക്കുന്ന മറുപടി. കുടിശിക ലഭിക്കുന്നതിനായി ഓഫിസുകൾ കയറിയിറങ്ങിയും മുഖ്യമന്ത്രിക്ക് ഉൾപ്പെടെ പരാതികൾ നൽകിയും മടുത്തു. ഒട്ടേറെ ആരോഗ്യപ്രശ്നങ്ങളും ഇദ്ദേഹത്തിനുണ്ട്. നിലവിലെ പെൻഷൻ കിട്ടുന്നുണ്ടെങ്കിലും അർഹതപ്പെട്ട പെൻഷൻ കുടിശിക ഇനിയും വൈകാതെ നൽകണമെന്നാണ് ആവശ്യം.