നേമം താലൂക്ക് ആശുപത്രിയിൽ ഉപകരണങ്ങളില്ല, ജീവനക്കാരും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നേമം ∙ താലൂക്ക് ആശുപത്രി പദവി ഉണ്ടായിട്ടും ആവശ്യത്തിന് ഉപകരണങ്ങളോ മുഴുവൻ സമയ ജീവനക്കാരും ഇല്ലാത്ത ദുരവസ്ഥയിൽ നേമം താലൂക്ക് ആശുപത്രി. ഇവിടെ എത്തിയ ശേഷം മറ്റ് ആശുപത്രികളിലേക്കുള്ള യാത്രയ്ക്കിടയിൽ ജീവൻ നഷ്ടമാകുന്നവരുണ്ട്. അതിന്റെ ഒടുവിലെ ഇരയാണ് പ്രാവച്ചമ്പലം ഇടയ്ക്കോട് സ്വദേശി കിരൺ കുമാർ (50). നെഞ്ചുവേദനയെ തുടർന്ന് തിങ്കളാഴ്ച അർധരാത്രി നേമം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ കിരൺ കുമാറിന് യഥാസമയം ഇസിജി പരിശോധന നടത്തി ചികിത്സ നൽകാൻ കഴിയാത്തതാണ് മരണത്തിലേക്കു നയിച്ചത്.
ആശുപത്രിയിൽ ഇസിജി യന്ത്രം ഉണ്ടെങ്കിലും അതു പ്രവർത്തിപ്പിക്കാനുള്ള ടെക്നിഷ്യൻ ഉണ്ടായിരുന്നില്ല. തുടർന്ന് ജനറൽ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് രോഗം തിരിച്ചറിഞ്ഞത്. വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയച്ചെങ്കിലും പുലർച്ചെ മരിച്ചു. ഓട്ടോ ഡ്രൈവറായ ഇദ്ദേഹം ഭാര്യയും രണ്ടു പെൺ മക്കളുമായി വീട്ടിൽ നിന്ന് ഓട്ടോ ഓടിച്ചാണ് നേമം താലൂക്ക് ആശുപത്രിയിലും തുടർന്ന് ജനറൽ ആശുപത്രിയിലും എത്തിയത്. കടുത്ത ഹൃദ്രോഗ ബാധ കണ്ടെത്തിയതിനാൽ അവിടെ നിന്ന് ആംബുലൻസിൽ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
നേമം താലൂക്ക് ആശുപത്രിയിൽ രാവിലെ 9 മുതൽ വൈകിട്ട് 4 വരെ മാത്രമാണ് ഇസിജി യന്ത്രം പ്രവർത്തിപ്പിക്കാൻ ആൾ ഉള്ളത്. ദിവസവേതന അടിസ്ഥാനത്തിൽ ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റിയാണ് ജീവനക്കാരനെ നിയമിച്ചത്.എക്സ്റേ, രക്ത പരിശോധനാ ലാബ് എന്നിവയുടെ സ്ഥിതിയും സമാനമാണ്. സ്വകാര്യ ലാബുകളെ സഹായിക്കാനാണ് ജീവനക്കാരെ നിയോഗിക്കാത്തത് എന്നാണ് ആരോപണം. ഡോക്ടർമാർ എഴുതുന്ന മരുന്നുകൾ പോലും ഫാർമസിയിൽ നിന്ന് കൃത്യമായി ലഭിക്കുന്നില്ലെന്ന് സാധു സംരക്ഷണ സമിതി ചെയർമാൻ ശാന്തിവിള സുബൈർ പറഞ്ഞു. സ്റ്റോക്കില്ലെന്ന് പറഞ്ഞാണ് രോഗികളെ പറഞ്ഞയയ്ക്കുന്നത്. ജീവിത ശൈലീ രോഗങ്ങൾക്കുള്ള മരുന്നുകളും ഡോക്ടർമാർ എഴുതുന്നതിന്റെ പകുതിപോലും ഫാർമസിയിൽ നിന്ന് നൽകുന്നില്ല.