
മുട്ടാർ നീർച്ചാലിന് ‘പ്ലാസ്റ്റിക് സർജറി’! ശുചീകരണം പാതി പിന്നിട്ടപ്പോൾ പുറത്തുവന്നത് പ്ലാസ്റ്റിക് മല
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പന്തളം ∙ അമൃത് പദ്ധതിയുടെ ഭാഗമായി മുട്ടാർ നീർച്ചാൽ ശുചീകരണ ജോലികൾ പാതിപിന്നിട്ടപ്പോൾ പുറത്തുവന്നത് ടൺ കണക്കിനു പ്ലാസ്റ്റിക്. ചെളിയിൽ അടിഞ്ഞുകൂടിയ ഇവ വേർതിരിച്ചെടുക്കുന്നത് അധികൃതർക്ക് വെല്ലുവിളിയാകും. പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ തുടക്കത്തിൽ കുറുന്തോട്ടയം പാലം മുതൽ ചന്തഭാഗം വരെയാണ് ജോലികൾ. ചന്തയ്ക്ക് സമീപത്തെ വിസ്തൃതമായ ഭാഗത്തെ പോള നീക്കിയപ്പോൾ മാലിന്യശേഖരം പുറത്തുവന്നത്. യന്ത്രസഹായത്തോടെ ചെളി നീക്കുന്നതിനനുസരിച്ച് കൂടുതൽ മാലിന്യം പുറത്തുവരികയാണ്. കഴിഞ്ഞ 2 ദിവസം കൊണ്ട് മാത്രം നീക്കം ചെയ്ത മാലിന്യം ചന്തയുടെ വശത്ത് മലപോലെ കൂട്ടിയിട്ടിരിക്കുകയാണ്. 2018ലെ പ്രളയത്തിൽ ചാൽ നിറഞ്ഞു വെള്ളമൊഴുകിയിരുന്നു.
കിഴക്കോട്ടും മാലിന്യക്കൂമ്പാരം
മുട്ടാർ പാലം വരെയുള്ള ചാൽ ശുചീകരണം പൂർത്തിയായാൽ കുറുന്തോട്ടയം പാലം മുതൽ കടയ്ക്കാട് ഭാഗം വരെ 1.3 കിലോമീറ്ററിലാണ് ജോലികൾ ഇനി നടത്തേണ്ടത്. ഇതിന്റെയും തുടക്കം മുതൽ വൻ തോതിൽ മാലിന്യമുണ്ട്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ശുചീകരണം തുടങ്ങിയത്. ഒരാഴ്ച പിന്നിട്ടിട്ടും പകുതി ഭാഗം പോലും പൂർത്തിയാക്കാനാവാത്ത വിധത്തിലാണ് മാലിന്യം അടിഞ്ഞുകൂടിയിട്ടുള്ളത്.
സംസ്കരണം എങ്ങനെ?
ചെളിക്കൊപ്പം നീക്കം ചെയ്തിട്ടുള്ള പ്ലാസ്റ്റിക് മാലിന്യം വേർതിരിച്ചു ക്ലീൻ കേരളയ്ക്ക് കൈമാറാനായിരുന്നു അധികൃതരുടെ തീരുമാനം. എന്നാൽ, കണക്കുകൂട്ടലുകൾ തെറ്റിച്ചു വൻ തോതിൽ മാലിന്യം പുറത്തുവന്നതോടെ വേർതിരിക്കലിന് ഏത് മാർഗം സ്വീകരിക്കുമെന്നതിൽ അധികൃതർക്ക് സംശയമുണ്ട്. ശുചീകരണം പൂർത്തിയാകുന്ന മുറയ്ക്ക് അന്തിമ തീരുമാനമെടുക്കാനാണ് തീരുമാനം. യന്ത്ര സഹായത്തോടെ പ്ലാസ്റ്റിക് വേർതിരിക്കുന്നതും പരിഗണിക്കുന്നുണ്ട്. ബാക്കിവരുന്ന ചെളി ജലാംശം മാറിയ ശേഷം പൊതുശ്മശാനം പരിഗണിക്കുന്ന ഭാഗത്തെ കുഴികൾ നികത്താനും ഉപയോഗിക്കും. ശുചീകരണത്തിനു മാത്രം 22 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ചന്ത മുതൽ മുട്ടാർ പാലം വരെയും പാലം മുതൽ പടിഞ്ഞാറോട്ടും സംരക്ഷണഭിത്തിയും നിർമിക്കും. ഇതിന് 36 ലക്ഷം രൂപയുടെ രണ്ടു പദ്ധതിയാണ് തയാറാക്കിയിട്ടുള്ളത്.