
നേരേകടവ്-മാക്കേക്കടവ് പാലം: അവസാന പൈൽ ക്യാപ്പിന്റെ കോൺക്രീറ്റിങ് പൂർത്തിയായി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വൈക്കം ∙ നേരേകടവ് – മാക്കേക്കടവ് പാലത്തിന്റെ അവസാന പൈൽ ക്യാപ്പിന്റെ കോൺക്രീറ്റിങ് പൂർത്തിയായി. പാലം നിർമാണവുമായി ബന്ധപ്പെട്ട നൂറാമത്തെ കോൺക്രീറ്റിങ് ആണിത്. നിലവിൽ 100 പൈലുകളും 23 പൈൽ ക്യാപ്പും 21 പിയർ ക്യാപ്പും 2 നാവിഗേഷൻ സ്പാനുകളിലായുള്ള 8 ഗർഡറുകളും 20 സ്പാനിലേക്കുള്ള 80 ഗർഡറിൽ 54 എണ്ണവും പൂർത്തിയാക്കി. ഇതോടൊപ്പം മാക്കേക്കടവ് ഭാഗത്തെ 13 സ്പാനുകളിലെ മുഴുവൻ ഗർഡറുകളുടെ ലോഞ്ചിങ്ങും 12 സ്പാനുകളിലെ ഡക്ക് സ്ലാബും കെർബും പൂർത്തിയായി.
മധ്യഭാഗത്തായി 47.16 മീറ്റർ നീളമുള്ള 2 നാവിഗേഷൻ സ്പാനും 35.76 മീറ്റർ നീളമുള്ള 4 സ്പാനും 35.09 മീറ്റർ നീളമുള്ള 16 സ്പാനും ഉൾപ്പെടെ 22 സ്പാനാണുള്ളത്. പാലത്തിന്റെ ഇരുകരകളിലുമായി 60 മീറ്റർ നീളത്തിൽ സമീപനപാതയുമുണ്ട്. കൂടാതെ സർവീസ് റോഡുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. അടുത്ത വർഷം ആദ്യം പാലത്തിന്റെ നിർമാണം പൂർത്തിയാക്കാനാണ് പിഡബ്ല്യുഡിയുടെയും കരാറുകാരന്റെയും തീവ്രശ്രമം. 800 മീറ്റർ നീളത്തിലും ഇരുവശങ്ങളിലും നടപ്പാത ഉൾപ്പെടെ 11.23 മീറ്റർ വീതിയിലുമാണ് പാലം നിർമിക്കുന്നത്.
2016ലാണ് പാലം നിർമാണം ആരംഭിച്ചത്. ഒന്നര വർഷത്തോളം അതിവേഗത്തിൽ നീങ്ങിയ പാലം നിർമാണം സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് കോടതിയും കേസുമായി പിന്നീട് നിലച്ചു. 2021 ഡിസംബറിൽ കോടതിയിലെ കേസുകൾ തീർപ്പായി. ഇതു പരിഹരിച്ചപ്പോൾ എസ്റ്റിമേറ്റ് തുക റിവൈസ് ചെയ്യേണ്ട സാഹചര്യമുണ്ടായി. തുടർന്ന് 97.65 കോടിയുടെ റിവൈസ് എസ്റ്റിമേറ്റ് ചെയ്ത് 2024 മാർച്ച് ഒന്നിനു വീണ്ടും പണികൾ ആരംഭിച്ചു.
നിയുക്ത തുറവൂർ – പമ്പ ഹൈവേയുടെ ഭാഗമായുള്ള രണ്ടാമത്തെ പാലമാണ് നേരേകടവ് – മാക്കേക്കടവ്. നിർമാണത്തിന്റെ ആദ്യഘട്ടമായ തുറവൂർ പാലം നിർമാണം 2015ൽ പൂർത്തിയാക്കിയിരുന്നു. അവസാന പൈൽ ക്യാപ്പിന്റെ കോൺക്രീറ്റ് സി.കെ.ആശ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ബിജു, ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ആനന്ദവല്ലി, വൈസ് പ്രസിഡന്റ് സി.പി.അനൂപ്, പഞ്ചായത്ത് അംഗം ജിനു ബാബു, ഗിരിജ പുഷ്കരൻ, സാബു പി.മണലൊടി, വി.മോഹൻ കുമാർ, പി.ഡി.സാബു തുടങ്ങിയവർ പങ്കെടുത്തു.