
കൃഷികൾ കശക്കിയെറിഞ്ഞ് കാട്ടാന; പരാതിപ്പെട്ടിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ല
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഉടുമ്പന്നൂർ ∙ പഞ്ചായത്തിൽ വേളൂർ പൊങ്ങൻതോട് ഭാഗത്ത് കാട്ടാനകൾ കൃഷി നശിപ്പിക്കുന്നത് പതിവാകുന്നു. വാഴയിൽ ജോർജിന്റെ പത്തോളം തെങ്ങിൻ തൈകൾ, 15 കമുക്, 20 റബർതൈകൾ എന്നിവയാണ് ഇന്നലെ കാട്ടാനകൾ നശിപ്പിച്ചത്. കൂടാതെ ജോസഫ് ജോൺ വാഴയിലിന്റെയും ഒട്ടേറെ കൃഷികൾ നശിപ്പിച്ചു. 50 കുടുംബങ്ങളാണ് വേളൂർ പൊങ്ങൻതോട് ഭാഗത്ത് താമസിക്കുന്നത്. ഓണം സീസൺ ലക്ഷ്യമിട്ട് ഇവിടെ ഒട്ടേറെ കർഷകരാണ് വാഴക്കൃഷി നടത്തിയിട്ടുള്ളത്. ഇവയെല്ലാം ഒറ്റരാത്രി കൊണ്ടാണ് കാട്ടാനകൾ നശിപ്പിച്ചത്.
വൈകിട്ടോടെ കൃഷിയിടങ്ങളിൽ കൂട്ടമായി ഇറങ്ങുന്ന കാട്ടാനകൾ വ്യാപകമായാണ് നാശം വിതയ്ക്കുന്നത്. വിഷയം പലപ്രാവശ്യം അധികൃതരെ അറിയിച്ചിട്ടും തിരിഞ്ഞു നോക്കുന്നില്ലെന്നാണു ആരോപണം. ലക്ഷങ്ങൾ മുടക്കിയാണ് ഈ മേഖലയിലെ കർഷകർ കൃഷി ചെയ്യുന്നത്. കർഷകരുടെ കൃഷിക്കും ജീവനും സംരക്ഷണത്തിനായി കിടങ്ങുകൾ താഴ്ത്തി ആനകൾ കടക്കാത്ത വിധം നിർമിക്കണമെന്നാണു പ്രദേശവാസികളുടെ ആവശ്യം.
കാട്ടാനയുടെ മുന്നിൽപ്പെട്ട് വ്യാപാരി രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ട്!
മുള്ളരിങ്ങാട് ∙ കാട്ടാനയുടെ മുന്നിൽപ്പെട്ട വ്യാപാരി രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ട്. മുള്ളരിങ്ങാട് വലിയകണ്ടം ചാലിൽ ബേക്കറി ഉടമ കൂറ്റപ്പിള്ളിൽ ജോയി ആണ് ആനയുടെ മുന്നിൽപ്പെട്ടത്. ഇന്നലെ വെളുപ്പിന് അഞ്ചിനായിരുന്നു സംഭവം. കടയിലേക്ക് പോകാനായി വീട്ടിൽനിന്ന് ബൈക്കിൽ വരുന്നതിനിടെ ആന തൊട്ടടുത്ത പറമ്പിൽ നിന്ന് റോഡിലേക്ക് ഇറങ്ങുകയായിരുന്നു. ഒരു ആന മാത്രമാണ് ഉണ്ടായിരുന്നത്.
ഇത് തൊട്ടടുത്തുവരെ എത്തിയത്തോടെ ബൈക്ക് ഉപേക്ഷിച്ച് ജോയി ഓടി രക്ഷപ്പെട്ടു. ആന പിറകെ എത്താത്തതിനാലാണ് രക്ഷപ്പെട്ടതെന്നും ജോയി പറഞ്ഞു. ആന ജനങ്ങളെ ഓടിക്കുന്നത് നിത്യ സംഭവമായി മാറിയിരിക്കുകയാണെന്ന് മേഖലയിലെ ജനങ്ങൾ പറയുന്നത്. മാത്രമല്ല റോഡിൽ വെളിച്ചമില്ലാത്തതും അപകടസാധ്യത വർധിപ്പിക്കുന്നു. റോഡിനോട് ചേർന്നുള്ള ഭാഗത്തെ അടിക്കാടുകൾ തെളിക്കാത്തതിനാൽ വനത്തിൽ നിൽക്കുന്ന മൃഗങ്ങളെ കാണാൻ പറ്റില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. വിഷയത്തിൽ അടിയന്തരമായി അധികൃതർ ഇടപെടണമെന്നാണ് ജനങ്ങളുടെ ആവശ്യം.