
നെൽപാടങ്ങളിൽ ഞണ്ടു ശല്യം; വീണ്ടും നടീൽ നടത്താൻ കഴിയാതെ കർഷകർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചിറ്റിലഞ്ചേരി∙ നെൽപാടങ്ങളിൽ ഞണ്ടു ശല്യം രൂക്ഷമായി. മേലാർകോട് കൃഷിഭവൻ പരിധിയിൽ പുത്തൻതറ പാടശേഖരത്തിലാണ് ഞണ്ടുകൾ വ്യാപകമായി കൃഷി നശിപ്പിക്കുന്നത്. നടീൽ നടത്തിയ ചെടികൾ വെട്ടിമുറിക്കുകയാണ് ഞണ്ടുകൾ ചെയ്യുന്നത്. കനത്തമഴയെ അതിജീവിച്ച നെൽച്ചെടികളിലാണ് ഞണ്ടുകളുടെ ആക്രമണം. ചെടികളുടെ അടിഭാഗമാണ് വെട്ടി മുറിക്കുന്നത്. ഇത് മൂലം ചെടികൾ അഴുകി നശിച്ചു പോകുകയാണ്.
വീണ്ടും നടീൽ നടത്താൻ സാധിക്കാത്ത അവസ്ഥയിലാണ് കർഷകർ. കനത്ത മഴയാണ് ഞണ്ടുകൾ കൂടാൻ കാരണമെന്ന് പറയുന്നു. സാധാരണ ഗതിയിൽ പാടങ്ങൾ ഉഴുതു മറിച്ചിട്ടാൽ കൊറ്റികളെത്തി ഞണ്ടുകളെ ഭക്ഷണമാക്കും.എന്നാൽ ഇത്തവണ കൊറ്റികൾ പാടങ്ങളിൽ കൂടുതലായി എത്തിയിട്ടില്ലെന്ന് കർഷകർ പറയുന്നു. ഇതാണ് ഞണ്ടുകളുടെ എണ്ണം വർധിക്കാൻ കാരണം. നടീൽ നടത്തിയ പാടങ്ങളിൽ കനത്തു പെയ്ത മഴ വൻ നാശമാണ് വരുത്തിയത്. പലയിടങ്ങളിലും ചെടികൾ ഒഴുകിപ്പോയി. ഇതിനിടയിലാണ് ഞണ്ടുകളും ദുരിതമായി മാറുന്നത്. ഒരു പാടത്തിന്റെ പല ഭാഗത്തായിട്ടാണ് ഞണ്ടുകൾ വെട്ടി നശിപ്പിക്കുന്നത്.
ഇനി ഇവിടങ്ങളിൽ ഞാർ ശേഖരിച്ച് നടീൽ നടത്തിയാൽ തന്നെ വിളവെടുപ്പ് പല തട്ടിലാകും. എന്തു ചെയ്യുമെന്നറിയാത്ത അവസ്ഥയിലാണ് കർഷകർ. പല മരുന്നുകൾ പരീക്ഷിച്ചെങ്കിലും ഫലപ്രദമായില്ലെന്ന് കർഷകർ പറയുന്നു. തരി രൂപത്തിലുള്ള കാർട്ടപ്പ് എന്ന കീടനാശിനി ഏതെങ്കിലും പിണ്ണാക്കുമായി കലർത്തി വരമ്പിന്റെ അരികത്തുകൂടി ഇട്ടു കൊടുക്കുകയും ശല്യം രൂക്ഷമാകുന്നുവെങ്കിൽ തരി രൂപത്തിലുള്ള കാർട്ടപ്പ് 5 കിലോ ഒരു ഏക്കർ പാടത്ത് വിതറുകയും ചാലുകൾ 3 ദിവസം കെട്ടിവയ്ക്കുകയും ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.