
യുവാക്കൾക്ക് ആവേശമായി വേടൻ; പുരസ്കാരം ഏറ്റുവാങ്ങി പുസ്തകം തിരിച്ചുനൽകി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തളിക്കുളം ∙ ‘‘കടലമ്മ കരഞ്ഞല്ലേ പെറ്റത്..’’ വേടൻ പാടിയപ്പോൾ കടൽത്തീരം കൂടെപ്പാടി. സദസ്സ് ഒന്നടങ്കം പാട്ടുമായി കൂടെ കൂടിയപ്പോൾ കടലല പോലെ തീരത്തും പാട്ടിന്റെ അല പൊങ്ങി. വേടൻ അറിഞ്ഞു, ആ കടൽത്തീരത്തിന്റെ പേര് സ്നേഹതീരം തന്നെയെന്ന്. നവീകരിച്ച പ്രിയദർശിനി പബ്ലിക് ലൈബ്രറിയുടെ ഉദ്ഘാടന ചടങ്ങിൽ പ്രഥമ പ്രിയദർശിനി പുരസ്കാരം ഏറ്റുവാങ്ങാൻ എത്തിയതായിരുന്നു വേടൻ (ഹിരൺദാസ് മുരളി). തനിക്കു സമ്മാനമായി കിട്ടിയ ഒരു ലക്ഷം രൂപ ലൈബ്രറിയിൽ പുസ്തകം വാങ്ങുന്നതിനായി ടി.എൻ.പ്രതാപനെ തിരികെയേൽപിച്ചാണ് വേടൻ സ്നേഹം മടക്കിയത്. കൊണ്ടുവന്ന പുസ്തകങ്ങളും കൈമാറി. പ്രതാപന്റെ പിറന്നാളാണെന്ന സർപ്രൈസ് പൊട്ടിച്ച വേടൻ വേദിയിൽ കേക്കും മുറിച്ചു.
മനുഷ്യസഹജമായ ചില തെറ്റുകൾ പറ്റിയെന്നും അതിനി ആവർത്തിക്കില്ലെന്നും പറയുന്ന ഒരാളെ യുവത ഏറ്റെടുക്കുന്നതാണ് വേടന്റെ കാര്യത്തിൽ കേരളം കണ്ടതെന്ന് പുരസ്കാരം സമ്മാനിച്ചുകൊണ്ട് ഷാഫി പറമ്പിൽ എംപി പറഞ്ഞു. വേടന്റെ വരികൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയതിന് ചിലർ വിശദീകരണം ചോദിക്കുന്നത് ആ വരികൾ അവർക്ക് അസ്വസ്ഥത ഉണ്ടാക്കിയതുകൊണ്ടാണ്. ആ വരികൾ നമുക്ക് ചുറ്റുപാടുകളിലേക്കു കണ്ണോടിക്കാൻ പ്രചോദനം നൽകുന്നുവെന്നും ഷാഫി പറഞ്ഞു. നവീകരിച്ച പ്രിയദർശിനി ലൈബ്രറിയുടെ ഉദ്ഘാടനം ആലങ്കോട് ലീലാകൃഷ്ണനും അശോകൻ ചരുവിലും ചേർന്നു നിർവഹിച്ചു.
നാട്ടുകാർ സംഭാവന നൽകിയതും സംഭാവന നൽകിയ പണം കൊണ്ടു വാങ്ങിയതുമായ 5000 പുസ്തകങ്ങളാണ് ഇപ്പോൾ ലൈബ്രറിയിലുള്ളത്. അടുത്ത വായനദിനത്തിൽ പ്രിയദർശിനി ലൈബ്രറിയിൽ 10,000 പുസ്തകങ്ങൾ ഉണ്ടായിരിക്കുമെന്ന് ടി.എൻ.പ്രതാപൻ പറഞ്ഞു. സി.സി.മുകുന്ദൻ എംഎൽഎ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ.പ്രസാദ്, കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ, ഗഫൂർ തളിക്കുളം എന്നിവർ പ്രസംഗിച്ചു. ലൈബ്രറിയിൽ സന്ദർശനം നടത്തിയാണ് വേടൻ മടങ്ങിയത്.