
ബാരാപോൾ: ഗർത്തം കണ്ടെത്തിയ സ്ഥലം സന്ദർശിച്ച് മന്ത്രി; ‘അപകടരഹിതമാക്കും, വിദഗ്ധ സംഘത്തെ നിയോഗിക്കും’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇരിട്ടി ∙ ബാരാപോൾ അപകടരഹിത പദ്ധതിയാക്കുമെന്നും പ്രദേശവാസികളുടെ ആശങ്ക പരിഹരിക്കുമെന്നും മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. കനാലിൽ വൻ ഗർത്തം കണ്ടെത്തിയ സാഹചര്യത്തിൽ സ്ഥലം സന്ദർശിച്ചശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സുരക്ഷിതത്വം ഉറപ്പാക്കിക്കൊണ്ടുള്ള പ്രവൃത്തികൾ തീരുമാനിക്കുന്നതിനു വിദഗ്ധ സംഘത്തെ നിയോഗിക്കും. ‘ജീവൻ നഷ്ടമായാൽ പണം നൽകിയാൽ തിരിച്ചുകിട്ടില്ലെന്നു’ ഉത്തമ ബോധ്യം ഉണ്ടെന്നും അതിനാലാണ് സ്ഥിതി മനസ്സിലാക്കുന്നതിനായി താൻ നേരിട്ടെത്തിയതെന്നും ആശങ്ക അറിയിച്ച പഞ്ചായത്ത് ജനപ്രതിനിധികളോടും സ്ത്രീകൾ ഉൾപ്പെടെയുള്ള പ്രദേശവാസികളോടും മന്ത്രി വ്യക്തമാക്കി.
3 കിലോമീറ്റർ ദൂരം വരുന്ന കനാലിന്റെ 1.4 കിലോമീറ്റർ ദൂരം അപകട മേഖലയാണെന്നും പൂർണമായും പുനർനിർമിക്കണമെന്നും ആയിരുന്നു പ്രദേശവാസികളുടെയും ജനപ്രതിനിധികളുടെയും ആവശ്യം. മന്ത്രിയുടെ അഡിഷനൽ പ്രൈവറ്റ് സെക്രട്ടറി പി.വി.കൃഷ്ണദാസ്, കെഎസ്ഇബി കോഴിക്കോട് ജനറേഷൻ വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ കെ.എം.സലീന, ബാരാപോൾ അസിസ്റ്റന്റ് എൻജിനീയർ പി.എസ്.യദുലാൽ, സിവിൽ വിഭാഗം (പഴശ്ശി) എക്സിക്യൂട്ടീവ് എൻജിനീയർ കെ.സി.അനിൽകുമാർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എം.കെ.അജിത്ത്, അസിസ്റ്റന്റ് എൻജിനീയർമാരായ ടി.പി.മനോജ്, എം.കിഷോർ, തുഷാര, എം.സി,ബിന്ദു, സബ് എൻജിനീയർ എം.ടി.സനൂപ്ദാസ്, അയ്യൻകുന്ന് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഐസക് ജോസഫ്, അംഗങ്ങളായ ബിജോയി പ്ലാത്തോട്ടം, സജി മച്ചിത്താനി, ഷൈനി വർഗീസ്, സെലീന ബിനോയി, ജനതാദൾ എസ് സംസ്ഥാന സെക്രട്ടറി പി.പി.ദിവാകരൻ, ജില്ലാ പ്രസിഡന്റ് കെ.മനോജ്, ജില്ലാ ജനറൽ സെക്രട്ടറി ബാബുരാജ് ഉളിക്കൽ, രാഗേഷ് മന്ദബേത്ത് എന്നിവരും ഒപ്പമുണ്ടായിരുന്നു.
പ്രതീക്ഷയായി മന്ത്രിയുടെ അപ്രതീക്ഷിത സന്ദർശനം
ബാരാപോളിലെ ഭീഷണിക്കിടെ വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി അപ്രതീക്ഷിതമായി സ്ഥലത്തെത്തിയത് പ്രതീക്ഷ പകരുന്നതായി. പദ്ധതിയുടെ ഉടമസ്ഥരായ കെഎസ്ഇബിയുടെ ഉന്നത ഉദ്യോഗസ്ഥരോ ചെയർമാനോ ബോർഡ് അംഗങ്ങളോ ഇനിയും സ്ഥലത്തെത്തിയിട്ടില്ല. ഇന്നലെ കണ്ണൂരിൽ മുഖ്യമന്ത്രിക്കൊപ്പമുള്ള യോഗത്തിൽ നിന്നാണു മന്ത്രിയെത്തിയത്. 2 മണിക്കൂറോളം മേഖലയിൽ തുടർന്ന അദ്ദേഹം കനാലിനു പകരം പൈപ്പ് ഇടാനുള്ള സാധ്യത ഉദ്യോഗസ്ഥരോടു ആരാഞ്ഞു. ഇപ്പോഴത്തെ അളവിൽ വെള്ളം ഒഴുകി എത്തില്ലെന്നതുൾപ്പെടെയുള്ള സാങ്കേതിക പ്രശ്നങ്ങൾ എൻജിനീയർമാർ മന്ത്രിയെ ധരിപ്പിച്ചു. ജിയോളജി വിഭാഗത്തിന്റെയും കൂടുതൽ വിദഗ്ധരുടെയും അഭിപ്രായം തേടണമെന്നും എല്ലാ കാര്യവും വിശദമായി പരിശോധിച്ചു അമിത ചെലവ് വരാത്തതും കൂടുതൽ സുരക്ഷിതത്വം ഉറപ്പാക്കുന്നതുമായ പ്രവൃത്തികൾ തയാറാക്കി ശുപാർശ സമർപ്പിക്കണമെന്നും മന്ത്രി നിർദേശിച്ചു.