
ആഗോള സാമ്പത്തികമേഖലയുടെ ശ്രദ്ധാകേന്ദ്രമായി വീണ്ടും യുഎസ്. ഫെഡറൽ ഗവൺമെന്റിന്റെ ചെലവുചുരുക്കൽ ലക്ഷ്യമിട്ട് പ്രസിഡന്റ് ട്രംപ് കൊണ്ടുവന്ന ‘ബിഗ്, ബ്യൂട്ടിഫുൾ ടാക്സ്’ ബിൽ സെനറ്റിൽ കഷ്ടിച്ച് ഒറ്റവോട്ടിന് പാസായി. ട്രംപിന്റെ പാർട്ടിക്കാരിൽത്തന്നെ (റിപ്പബ്ലിക്കൻസ്) ചിലർ എതിർത്തുവോട്ടു ചെയ്തതാണ് അനുകൂല വോട്ട് കുറയാൻ കാരണം. ഇനി ബിൽ വീണ്ടും ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്സിനു മുന്നിലെത്തും. അവിടെ ഭൂരിപക്ഷം ഡെമോക്രാറ്റുകൾക്കാണെന്ന ആശങ്ക നിഴലിക്കുന്നു. ഇതിനിടെ, ട്രംപിന്റെ പകരംതീരുവ നയം ഇല്ലായിരുന്നെങ്കിൽ യുഎസ് നേരത്തേതന്നെ അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാമായിരുന്നു എന്ന വാദവുമായി കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ ചെയർമാൻ ജെറോം പവൽ രംഗത്തെത്തി.
പലിശ കുറയ്ക്കണമെന്ന് ട്രംപ് ആവർത്തിച്ചാവശ്യപ്പെട്ടിട്ടും കുലുങ്ങാത്തയാളാണ് പവൽ. 2026 മേയ് വരെ പവലിന് ചെയർമാൻ പദവിയിൽ കാലാവധിയുണ്ട്. എന്നാൽ, ഇപ്പോഴേ പവലിന്റെ പകരക്കാരനെ നിശ്ചയിക്കാനുള്ള തിടുക്കത്തിലാണ് ട്രംപ് എന്നത്, യുഎസ് സാമ്പത്തികരംഗത്ത് ആശങ്ക വിതയ്ക്കുന്നു. പ്രസിഡന്റും കേന്ദ്രബാങ്കും തമ്മിലെ ബന്ധം വഷളാകുന്നത് യുഎസ് ഓഹരി വിപണികളെ തളർത്തും; നിക്ഷേപകരെയും യുഎസിൽ നിന്ന് പിൻവലിഞ്ഞ് നിൽക്കാൻ പ്രേരിപ്പിക്കും.
വീണ്ടും തീരുവയുദ്ധം?
പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഏപ്രിലിൽ പ്രഖ്യാപിച്ച പകരംതീരുവ നടപ്പാക്കുന്നത് അദ്ദേഹം ജൂലൈ 9 വരെ മരവിപ്പിച്ചിരുന്നു. ജൂലൈ 9ന് മുമ്പ് യുഎസുമായി വ്യാപാരക്കരാറിൽ എത്താത്ത രാജ്യങ്ങൾക്കുമേൽ വീണ്ടും പകരംതീരുവ ഏർപ്പെടുത്തുമെന്ന് ട്രഷറി സെക്രട്ടറി സ്കോട് ബെസ്സന്റ് വ്യക്തമാക്കിയിരുന്നു. യുഎസുമായി തീരുവയിൽ ഏറ്റുമുട്ടലിന് മുതിർന്ന യൂറോപ്യൻ യൂണിയനും കാനഡയും കൊളംബിയയും ട്രംപിന്റെ ഭീഷണിക്ക് വഴങ്ങി ചർച്ചയ്ക്ക് തയാറായി.
ഇന്ത്യയുമായി ഡീൽ ഉടനെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. കുറഞ്ഞ നികുതിനിരക്കുകൾ അടങ്ങിയ കരാറാണ് പ്രാബല്യത്തിൽ വരികയെന്ന സൂചനയും അദ്ദേഹം നൽകി. അതേസമയം, യുഎസ് കാർഷികോൽപന്നങ്ങൾക്ക് ഇന്ത്യയിൽ തീരുവ ഇളവ് നൽകുന്നത് സംബന്ധിച്ച് ഇനിയും സമവായമായിട്ടില്ല. താരിഫ് വിഷയത്തിൽ ട്രംപിന്റെ പുതിയ ഇര ജപ്പാനാണ്. ജപ്പാനിൽ അരിക്ഷാമം രൂക്ഷം. എന്നാൽ, യുഎസിന്റെ അരി വാങ്ങാൻ അവർ തയാറാകുന്നില്ലെന്നും അതിനു തിരിച്ചടി നേരിടേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മസ്കിനെ ‘നാടുകടത്താൻ’ ട്രംപ്
ടെസ്ല, സ്പേസ്എക്സ്, എക്സ് എന്നിവയുടെ മേധാവി ഇലോൺ മസ്കിനെ അദ്ദേഹത്തിന്റെ ജന്മനാടായ ദക്ഷിണാഫ്രിക്കയിലേക്ക് നാടുകടത്തുന്നത് സംബന്ധിച്ച് ‘ആലോചിക്കുമെന്ന്’ ട്രംപ് ഇന്നലെയും ആവർത്തിച്ചു. മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞതിങ്ങനെ ‘‘മസ്കിനെ നാടുകടത്തുന്നത് ആലോചിക്കും. ഇലോണിനെതിരെ ഡോജിന്റെ അന്വേഷണമുണ്ടാകും. ഡോജ് ഒരു ഭീകര ജീവിയാണ്. അത് ഇലോണിനെ വിഴുങ്ങും! ഇലോൺ വൻതോതിൽ സബ്സിഡി നേടിയയാളാണ്’’.
വൻതോതിൽ ഗവൺമെന്റ് സബ്സിഡി കിട്ടിയതുകൊണ്ടാണ് മസ്കിന് റോക്കറ്റും ഇവിയുമൊക്കെ നിർമിക്കാനായതെന്നും അല്ലായിരുന്നെങ്കിൽ കടയുംപൂട്ടി മസ്കിന് സ്വന്തം നാടായ ദക്ഷിണാഫ്രിക്കയിലേക്ക് പോകേണ്ടിവരുമായിരുന്നെന്നും ട്രംപ് പറഞ്ഞിരുന്നു. ഡോജിന്റെ അന്വേഷണമുണ്ടാകുമെന്ന ട്രംപിന്റെ വാദം ഇന്നലെ ടെസ്ല ഓഹരികൾക്ക് തിരിച്ചടിയായി. ഓഹരിവില 5.3 ശതമാനം ഇടിഞ്ഞു.
അതേസമയം, ട്രംപിന്റെ വാക്കുകൾ പ്രകോപനമുണ്ടാക്കുന്നതാണെന്നും എന്നാൽ, താൻ തൽകാലം അടങ്ങുന്നതായും മസ്ക് എക്സിൽ കുറിച്ചു. അമേരിക്കയെ പാപ്പരാക്കുന്നതാണ് ട്രംപിന്റെ ബില്ലെന്നും പാപ്പരായാൽ നമ്മൾ എങ്ങനെ ചൊവ്വയിലെത്തുമെന്നും എക്സിൽ മസ്ക് ചോദിച്ചു.
ഓഹരികളിൽ സമ്മിശ്ര നേട്ടം
യുഎസിലെ ചലനങ്ങളുടെ പശ്ചാത്തലത്തിൽ ഓഹരി വിപണികൾ സമ്മിശ്ര പ്രകടനമാണ് നടത്തുന്നത്. യുഎസ് ഫ്യൂച്ചേഴ്സ് കാര്യമായ നേട്ടമുണ്ടാക്കിയില്ല. യുകെ-യുഎസ് വ്യാപാര കരാർ, യുഎസ്-യൂറോപ്യൻ യൂണിയൻ ചർച്ച എന്നിവയുടെ പശ്ചാത്തലത്തിൽ ലണ്ടന്റെ എഫ്ടിഎസ്ഇ 0.28% ഉയർന്നു. ട്രംപിന്റെ കണ്ണിലെ പുതിയ കരടായ ജപ്പാന്റെ ഓഹരി വിപണി നിക്കേയ് 0.99% ഇടിഞ്ഞു. ഹോങ്കോങ് 0.27% നേട്ടത്തിലാണ്.
ഉഷാറില്ലാതെ ഗിഫ്റ്റ് നിഫ്റ്റി
ഇന്ത്യയിൽ ഗിഫ്റ്റ് നിഫ്റ്റി 0.03% മാത്രം നേട്ടത്തിലാണ്. സെൻസെക്സും നിഫ്റ്റിയും കാര്യമായ നേട്ടത്തമില്ലാതെയോ നഷ്ടത്തിലോ വ്യാപാരം ആരംഭിക്കുമെന്ന സൂചന ഇതു നൽകുന്നു. ഇന്ത്യ-യുഎസ് വ്യാപാരക്കരാർ ചർച്ചകളിലേക്കാണ് പ്രധാന ഉറ്റുനോട്ടം.
ജൂണിലെ കാർ വിൽപനക്കണക്കുകൾ ഇന്നലെ പുറത്തുവന്നിരുന്നു. വാർഷികാടിസ്ഥാനത്തിൽ വിൽപന 6.4% കുറഞ്ഞത് വാഹന ഓഹരികളെ സമ്മർദത്തിലാക്കും. ജൂണിൽ ജിഎസ്ടി വരുമാനം 6.2% ഉയർന്നെങ്കിലും ഏപ്രിൽ, മേയ് മാസങ്ങളിൽ നിന്ന് വ്യത്യസ്തമായി വരുമാനം രണ്ടുലക്ഷം കോടി രൂപയ്ക്ക് താഴെയെത്തിയെന്നതും തിരിച്ചടിയാണ്. വ്യാവസായിക ഉൽപാദന സൂചികയുടെ (ഐഐപി) വളർച്ച മുരടിച്ചെന്ന റിപ്പോർട്ടും കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഇന്നലെ സെൻസെക്സ് 90 പോയിന്റ് (+0.11%) മാത്രം നേട്ടത്തിൽ 83,697ലും നിഫ്റ്റി 24 പോയിന്റ് (+0.10%) ഉയർന്ന് 25,541ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
രൂപയും ഡോളറും സ്വർണവും
ട്രംപിന്റെ സാമ്പത്തിക നയങ്ങളുടെ പശ്ചാത്തലത്തിൽ യുഎസ് ഡോളർ ഇൻഡക്സ് 96 നിലവാരത്തിലേക്ക് ഇടിഞ്ഞിരുന്നു. 4 വർഷത്തെ താഴ്ചയാണിത്. 1973നുശേഷം നേരിടുന്ന ഏറ്റവും വലിയ വീഴ്ചയിലൂടെയുമാണ് ഡോളർ കടന്നുപോകുന്നത്. രൂപ ഇന്നലെ ഡോളറിനെതിരെ 17 പൈസ ഉയർന്ന് 85.59 എന്ന നിലയിലുമെത്തി.
ഡോളറിന്റെ വീഴ്ച മുതലെടുത്ത് സ്വർണം കുതിപ്പ് തുടരുകയാണ്. ഇന്നും രാജ്യാന്തരവില ഔൺസിന് 33 ഡോളർ ഉയർന്ന് 3,331 ഡോളറിലാണുള്ളത്. ഇന്നലെ കേരളത്തിലും വില കുതിച്ചുകയറിയിരുന്നു; ഇന്നും കൂടിയേക്കാമെന്ന സൂചനയാണ് രാജ്യാന്തര വില നൽകുന്നത്.
ക്രൂഡ് വില 65-67 ഡോളർ നിലവാരത്തിൽ തുടരുകയാണെങ്കിലും ചാഞ്ചാട്ടമുണ്ട്. ഡബ്ല്യുടിഐ ക്രൂഡ് വില ബാരലിന് 0.09%, ബ്രെന്റ് വില 0.16% എന്നിങ്ങനെ ഉയർന്നാണ് വ്യാപാരം ചെയ്യുന്നത്. ക്രൂഡ് വില വീണ്ടും കൂടിത്തുടങ്ങിയാൽ രൂപയ്ക്കും ഇന്ത്യൻ ഓഹരികൾക്കും അതു സമ്മർദമാകും. എന്നാൽ, ഉൽപാദനം കൂട്ടാനുള്ള ഒപെക് പ്ലസിന്റെ നീക്കം വിലയെ താഴ്നന നിലവാരത്തിൽ തന്നെ നിലനിർത്തുമെന്നാണ് വിലയിരുത്തലുകൾ.
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി/സ്വർണം മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)