ഉക്കിനടുക്ക മെഡിക്കൽ കോളജ്: നാഷനൽ മെഡിക്കൽ കൗൺസിൽ വെർച്വൽ മീറ്റ് നടത്തി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാസർകോട് ∙ ഈ വർഷം കോഴ്സ് ആരംഭിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്ന കാസർകോട് ഗവ.മെഡിക്കൽ കോളജിലെ സൗകര്യങ്ങൾ സംബന്ധിച്ച് നാഷനൽ മെഡിക്കൽ കൗൺസിൽ വെർച്വൽ മീറ്റ് നടത്തി വിശദവിവരങ്ങൾ ശേഖരിച്ചു. ഉക്കിനടുക്ക മെഡിക്കൽ കോളജിലെയും മെഡിക്കൽ കോളജ് ആശുപത്രി നിർമാണം പൂർത്തിയാകും വരെ മെഡിക്കൽ കോളജ് ആശുപത്രിയായി പ്രവർത്തനത്തിനു ഒരുക്കിയ കാസർകോട് ജനറൽ ആശുപത്രിയിലെയും സൗകര്യങ്ങളാണ് വെർച്വൽ മീറ്റ് വഴി മെഡിക്കൽ കൗൺസിൽ സംഘം പരിശോധിച്ചത്.
വിഡിയോ ദൃശ്യവും പരിശോധിച്ചു
ജനറൽ ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങൾ, ഭൗതിക സാഹചര്യം, ശുചിത്വം, ക്ലിനിക്കൽ സൗകര്യങ്ങൾ, ഐസിയു, ഓഫിസ് സംവിധാനം, മനുഷ്യ വിഭവശേഷി സൗകര്യം, ഒപി, ഐ പി വിഭാഗങ്ങളിലെ നിലവിലുള്ള സ്ഥിതി തുടങ്ങിയവ സംഘം മുൻപാകെ ഹാജരാക്കി. നിലവിലുള്ള വാർഡുകളുടെയും മറ്റും വിഡിയോ ദൃശ്യം നൽകി. ദിവസവും വിവിധ വിഭാഗങ്ങളിലായി 1100 ഒപി, 170 ഐപി അഡ്മിഷൻ ഉണ്ടെന്ന് വിശദീകരിച്ചു. താൽക്കാലിക ജീവനക്കാർ ഉൾപ്പെടെ 350 പേർ വിവിധ വിഭാഗങ്ങളിൽ ഉണ്ട്. വിവിധ മെഡിക്കൽ കോളജുകളിൽ നിന്നു ഡപ്യൂട്ടേഷനിലെത്തിയ ഡോക്ടർമാർ ഉൾപ്പെടെ ഹാജരായി. മെഡിക്കൽ, സർജറി, ഓർത്തോ, ഗൈനക്, ന്യൂറോ, ഫിസിഷ്യൻ, ഇഎൻടി തുടങ്ങിയ വിഭാഗങ്ങളിലെ മേധാവികൾ വെർച്വൽ മീറ്റിൽ പരിശോധനയിൽ ആവശ്യമായ വിശദീകരണം നൽകി. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ഇന്ദു, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ.ശ്രീകുമാർ മുകുന്ദൻ, മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ.പ്രവീൺ തുടങ്ങിയവർ മെഡിക്കൽ കൗൺസിൽ മുൻപാകെ വിവരങ്ങൾ നൽകി.
കോഴ്സുകൾ ഈ വർഷം തന്നെ
അതേസമയം, കാസർകോട് ഗവ മെഡിക്കൽ കോളജിൽ ഈ വർഷം തന്നെ കോഴ്സുകൾ ആരംഭിക്കാൻ ആവശ്യമായ നടപടികൾ പുരോഗമിക്കുകയാണെന്ന് ആരോഗ്യ വകുപ്പ് സെക്രട്ടറി അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കണ്ണൂരിൽ നടന്ന അവലോകനയോത്തിലാണ് ഇക്കാര്യം അറിയിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയായി കാസർകോട് ജനറൽ ആശുപത്രി പ്രവർത്തിക്കും. കാസർകോട് മെഡിക്കൽ കോളജിൽ ഹോസ്പിറ്റൽ ബ്ലോക്കിന്റെ നിർമാണം കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തീകരിക്കുന്നതിന് ഉത്തരവായിട്ടുണ്ട്.
കരാറുകാരനെ പുറത്താക്കും
നിലവിലെ നിർമാണ കരാറുകാരുമായി കരാർ അവസാനിപ്പിക്കുന്നതിനുള്ള ഉടമ്പടികൾ കിറ്റ്കോ തയാറാക്കിയിട്ടുണ്ട്. അത് പൂർത്തിയാകുന്നതോടെ ഹോസ്പിറ്റൽ ബ്ലോക്ക് നിർമാണം കിഫ്ബി മുഖേന പൂർത്തിയാക്കാൻ സാധിക്കും.കാസർകോട് മെഡിക്കൽ കോളജിലേക്ക് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള ജനങ്ങൾക്ക് എത്തിച്ചേരാൻ റോഡ് സൗകര്യങ്ങൾ വികസിപ്പിക്കേണ്ടതുണ്ടെന്ന് കലക്ടർ യോഗത്തിൽ ചൂണ്ടിക്കാട്ടി.