
റോഡ് നവീകരണം ഭംഗിവാക്കായി; ചീപ്രം ഊരുകാർക്ക് ദുരിതയാത്ര തന്നെ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അമ്പലവയൽ ∙ റോഡ് നവീകരിക്കുമെന്ന വാഗ്ദാനം പാഴ്വാക്കായതോടെ നെല്ലാറാച്ചാൽ ചീപ്രം ഊരുകാർ ദുരിത യാത്ര തുടരുന്നു. ഊരിലേക്കുള്ള റോഡ് കനത്ത മഴയത്ത് ചെളിക്കുളമായി. ഇതിനിടെ, അസുഖ ബാധിതനായ ശങ്കരനെ കസേരയിലിരുത്തി ചുമന്ന് ആശുപത്രിയിലെത്തിക്കേണ്ട അവസ്ഥയുമുണ്ടായി. ഊര് മുതൽ നെല്ലാറച്ചാൽ വ്യൂ പോയിന്റ് വരെ നാട്ടിലെ യുവാക്കൾ കസേരയിലിരുത്തിയാണു കൊണ്ടുപോയത്. നേരത്തേ, മൃതദേഹം ചുമന്ന് എത്തിക്കേണ്ട അവസ്ഥയും ഊരിലുള്ളവർക്കുണ്ടായിരുന്നു. സംഭവം വാർത്തയായതോടെ ഊരിലേക്ക് റോഡും കുടിവെള്ളവും ഉടൻ എത്തിക്കുമെന്ന് അധികൃതർ വാക്കു നൽകിയെങ്കിലും നടപ്പായില്ല.
മഴ ശക്തമായതോടെ ഊരിലുള്ളവരുടെ ദുരിതവും ഇരട്ടിയായി. ആശുപത്രിയിലോ പണിക്കോ പോകാനോ കഴിയാത്ത അവസ്ഥയിലാണിവർ. ഇരുപതിലേറെ കുടുംബങ്ങളാണ് ഇവിടെ യാത്ര സൗകര്യമില്ലാതെ ദുരിതത്തിലായത്.മുട്ടിൽ പഞ്ചായത്തിലുൾപ്പെട്ട ഭാഗത്ത് ഊരിലേക്കു കോൺക്രീറ്റ് റോഡ് നിർമിക്കുന്നതിന് 55 ലക്ഷവും കുടിവെള്ള പദ്ധതിക്കായി 95.5 ലക്ഷവും പ്രഖ്യാപിച്ചിരുന്നു.
കലക്ടർ അധ്യക്ഷയായ ആദിവാസി പുനരധിവാസ വികസന മിഷനാണ് പദ്ധതി നടപ്പാക്കുമെന്ന് അറിയിച്ചത്. മൃതദേഹം ചുമന്ന് കൊണ്ടു പോകേണ്ടിവന്നതിന്റെ പശ്ചാത്തലത്തിൽ മാസത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കുമെന്നാണ് അന്ന് അറിയിച്ചിരുന്നത് ഇപ്പോൾ രണ്ട് വർഷത്തോളമാകുമ്പോഴും പദ്ധതിയെ കുറിച്ച് ഒരു വിവരവുമില്ല. ജില്ലാ പുനരധിവാസ വികസന മിഷൻ അന്ന് സംസ്ഥാന ആദിവാസി പുനരധിവാസ മിഷന് പദ്ധതിയുടെ അംഗീകാരത്തിനായി സമർപ്പിച്ചിരുന്നു. തുടർ നടപടികൾക്ക് അധികൃതർ ശ്രമിക്കാത്തതിനാൽ പദ്ധതി മുടങ്ങിയെന്നാണ് വിവരം.