
കാലാവധി കഴിഞ്ഞ വാഹനങ്ങൾക്ക് ഇനി ഡൽഹിയിൽ ഇന്ധനം ലഭിക്കില്ല; ബാധിക്കുന്നത് 62 ലക്ഷത്തോളം വാഹനങ്ങളെ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ന്യൂഡൽഹി∙ സർക്കാർ നിർദേശിച്ച പ്രവർത്തന കാലാവധി കഴിഞ്ഞ വാഹനങ്ങൾക്ക് ഇന്ന് മുതൽ ഇന്ധനം ലഭിക്കില്ല. വായു മലിനീകരണം തടയുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടി. ഇന്ധന സ്റ്റേഷനുകളിൽ ഇതു സംബന്ധിച്ച നോട്ടിസുകൾ പതിച്ചു. അധികൃതർ നടപടികളും ആരംഭിച്ചു. 15 വർഷമോ അതിൽ കൂടുതലോ പഴക്കമുള്ള പെട്രോൾ വാഹനങ്ങൾക്കും 10 വർഷമോ അതിൽ കൂടുതലോ പഴക്കമുള്ള ഡീസൽ വാഹനങ്ങൾക്കുമാണ് ഇന്ധനം നൽകുന്നത് നിരോധിച്ചത്.
സെന്റർ ഫോർ സയൻസ് ആൻഡ് എൻവയോൺമെന്റിന്റെ 2024 നവംബറിൽ പുറത്തിറക്കിയ വിശകലനം അനുസരിച്ച് ഡൽഹിയിലെ മലിനീകരണത്തിന്റെ പകുതിയിലധികവും വാഹനങ്ങളിൽ നിന്നാണ്. ഇതിനെ തുടർന്ന് എല്ലാത്തരം കാലഹരണപ്പെട്ട വാഹനങ്ങൾക്കെതിരെയും അധികൃതർ കർശന നടപടി നിർദേശിക്കുകയായിരുന്നു. സർക്കാർ നടപടി ഡൽഹിയിൽ മാത്രം ഏകദേശം 62 ലക്ഷം (61,14,728) വാഹനങ്ങളെ ബാധിക്കും. ഹരിയാനയിൽ 27.5 ലക്ഷം കാലഹരണപ്പെട്ട വാഹനങ്ങളും, ഉത്തർപ്രദേശിൽ 12.69 ലക്ഷവും, രാജസ്ഥാനിൽ 6.2 ലക്ഷവും വാഹനങ്ങളുണ്ട്.
കാലഹരണപ്പെട്ട വാഹനങ്ങൾ എത്തുന്ന ഇന്ധന സ്റ്റേഷനുകളിൽ ഡൽഹി , ട്രാഫിക് പൊലീസ്, ഡൽഹി മുനിസിപ്പൽ കോർപറേഷൻ ഉദ്യോഗസ്ഥർ എന്നിവരെ ഉൾപ്പെടുത്തി ഗതാഗത വകുപ്പ് പരിശോധനാ പദ്ധതി തയാറാക്കിയിട്ടുണ്ട്. പഴയ വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കുന്നത് ഈ ഉദ്യോഗസ്ഥർ തടയും. ഒരു ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനെ പമ്പിൽ ഡ്യൂട്ടിക്ക് നിയോഗിക്കും. സംഘർഷങ്ങൾ ഒഴിവാക്കാൻ ഓരോ പെട്രോൾ പമ്പിലും രണ്ട് അധിക പൊലീസ് ഉദ്യോഗസ്ഥരെയും വിന്യസിക്കും.
498 ഇന്ധന സ്റ്റേഷനുകളിൽ സ്ഥാപിച്ചിട്ടുള്ള ഓട്ടമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ ക്യാമറകൾ വഴി കാലഹരണപ്പെട്ട വാഹനങ്ങളെ തിരിച്ചറിയും. വാഹൻ ഡാറ്റാബേസുമായി സംയോജിപ്പിച്ചിട്ടുള്ള ഈ ക്യാമറകൾ നമ്പർ പ്ലേറ്റുകൾ പരിശോധിക്കുകയും ഇന്ധന സ്റ്റേഷൻ ഓപ്പറേറ്റർക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്യും. ഈ വാഹനങ്ങളുടെ വിവരങ്ങൾ പൊലീസുമായി പങ്കുവയ്ക്കും. പദ്ധതി നടപ്പിലാക്കുന്നതിനു മുൻപ് മുന്നൊരുക്കങ്ങൾ നടത്തണമായിരുന്നെന്ന് പമ്പുടമകളുടെ സംഘടന ആവശ്യപ്പെട്ടു. പുതിയ നിർദേശത്തെക്കുറിച്ച് ജനങ്ങൾക്ക് ബോധവൽക്കരണം നടത്തണമായിരുന്നെന്ന് വാഹന ഉടമകളും അഭിപ്രായപ്പെട്ടു.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല. ഇത് AFP (Prakash SINGH) ൽ നിന്ന് എടുത്തിട്ടുളളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.