
കുട്ടനാട് വെള്ളത്തിൽ; സ്കൂളുകളിൽ ഹാജർ തീരെ കുറവ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കുട്ടനാട് ∙ ജലനിരപ്പിൽ നേരിയ കുറവുണ്ടായെങ്കിലും അപകട നിലയ്ക്കു മുകളിൽ ജലനിരപ്പ് തുടരുന്നതിൽ കുട്ടനാട്ടുകാർ ആശങ്കയിൽ. കിടങ്ങറ ഒഴിച്ചുള്ള എല്ലാ മേഖലയിലും ജലനിരപ്പ് അപകട നിലയ്ക്കു മുകളിലാണ്. നീരേറ്റുപുറത്ത് അരയടിയോളം വെള്ളം താഴ്ന്നു. താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്നലെ പ്രവർത്തിച്ചെങ്കിലും ഹാജർ തീരെ കുറവായിരുന്നു. ചില സ്കൂളുകളിലടക്കം വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. സ്കൂളുകളിലേക്ക് എത്തേണ്ട വഴികളെല്ലാം വെള്ളക്കെട്ട് ആയതിനാൽ രക്ഷിതാക്കൾക്കു കുട്ടികളെ സ്കൂളിലേക്ക് എത്തിക്കാൻ സാധിക്കാതെ വന്നതാണു ഹാജർ കുറയാൻ കാരണമായത്. കൂടാതെ വീടുകളിൽ വെള്ളം കയറിയതു മൂലം പല കുട്ടികളും ബന്ധുവീടുകളിൽ അഭയം തേടിയിട്ടുണ്ട്.
വീടുകളിൽ നിന്നു വെള്ളം ഇറങ്ങാത്തതിനാൽ പലർക്കും തിരിച്ചെത്താൻ സാധിച്ചിട്ടുമില്ല. ചില സ്കൂളുകളിൽ ഹൈസ്കൂൾ മാത്രമാണ് ഇന്നലെ പ്രവർത്തിച്ചത്. താഴ്ന്ന ക്ലാസുകാർക്കു പ്രധാനാധ്യാപിക അവധി നൽകി. ചില സ്കൂളുകളിൽ ഉച്ചയ്ക്കുശേഷം അവധി നൽകി. മങ്കൊമ്പിൽ 75 കുട്ടികൾ പഠിക്കുന്ന എൽപി സ്കൂളിൽ ഇന്നലെ 11 കുട്ടികളാണുണ്ടായിരുന്നത്. റോഡുകളിൽ വെള്ളക്കെട്ടു തുടരുന്നതിനാൽ സ്കൂൾ ബസുകൾക്കു പല സ്ഥലങ്ങളിലേക്കും സർവീസ് നടത്താൻ സാധിച്ചില്ല. ഓട്ടോയിലും സൈക്കിളിലും സ്കൂളിൽ പോയിരുന്ന കുട്ടികൾക്കും വെള്ളക്കെട്ട് പ്രതിസന്ധി സൃഷ്ടിച്ചു.
ചില സ്കൂളുകളിൽ ഇന്നലെ ഓൺലൈൻ ക്ലാസുകളാണു ക്രമീകരിച്ചത്. വേലിയേറ്റത്തിനു നേരിയ കുറവുണ്ടായതോടെ പള്ളാത്തുരുത്തി മേഖലയിൽ ഇന്നലെ 9 സെന്റീമീറ്ററും ജലനിരപ്പു താഴ്ന്നു. കിടങ്ങറ, മങ്കൊമ്പ് ഭാഗങ്ങളിൽ 5 സെന്റീമീറ്ററും നെടുമുടി, ചമ്പക്കുളം, കാവാലം മേഖലയിൽ 4 സെന്റീമീറ്ററും ജലനിരപ്പ് താഴ്ന്നു.
വ്യാപാരികളെ സർക്കാർ സംരക്ഷിക്കണം
തകഴി ∙ വള്ളപ്പൊക്കം മൂലം ദുരിതം അനുഭവിക്കുന്ന കുട്ടനാട്ടിലെ വ്യാപാരികൾക്കു വേണ്ട അടിയന്തര സഹായം സർക്കാർ നൽകിയും ബാങ്കുകളിൽ നിന്ന് എടുത്ത എല്ലാ വ്യാപാര വായ്പകൾക്കും കുറഞ്ഞത് 2 വർഷത്തെ മോറാട്ടോറിയം ഏർപ്പെടുത്തിയും ചെറുകിട വ്യാപാരികളെ സംരക്ഷിക്കണമെന്നു വ്യാപാരി വ്യവസായ സമിതി തകഴി ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. ഏരിയ പ്രസിഡന്റ് കെ.ആർ.ഗോപകുമാർ സെക്രട്ടറി ഫിലിപ്പ് ചെറിയാൻ, ഹരിദാസ് കൈനകരി, ജിജി ചിത്രം, കെ.എം.മാത്യു തകഴി, ജോൺസൻ ഇടിക്കുള തുടങ്ങിയവർ പ്രസംഗിച്ചു.