റെയിൽവേ ട്രാക്കിൽ മരം വീണു, ട്രെയിൻ ഗതാഗതം മുടങ്ങി; അപകടം ഒഴിവാക്കി ട്രാക്ക് മെയ്ന്റയ്നർ ഇ.എസ്.അനന്തുവിന്റെ ഇടപെടൽ
ചെങ്ങന്നൂർ ∙ കോട്ടയം പാതയിൽ റെയിൽവേ ട്രാക്കിൽ മരം വീണു ട്രെയിൻ ഗതാഗതം രണ്ടര മണിക്കൂറോളം മുടങ്ങി. ഇന്നലെ വൈകിട്ട് 6.40ന് ചെറിയനാടിനും ചെങ്ങന്നൂരിനും മധ്യേ പേരിശേരി മഠത്തുംപടി ലവൽക്രോസിനു സമീപം മരം കടപുഴകി വീഴുകയായിരുന്നു.
റെയിൽവേയുടെ വൈദ്യുതി ലൈനിനു മുകളിലേക്കു വീണ മരത്തിന് തീയുംപിടിച്ചു.നാഗർകോവിൽ – കോട്ടയം പാസഞ്ചർ ട്രെയിൻ ചെറിയനാട്ടു നിന്നു ചെങ്ങന്നൂരിലേക്കു പുറപ്പെട്ട ശേഷമാണ് മരം വീണത് ശ്രദ്ധയിൽപെട്ടത്.
ഇ.എസ്.അനന്തു.
പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന ചെറിയനാട് ഗ്യാങ്ങിലെ ട്രാക്ക് മെയ്ന്റയ്നർ ഇ.എസ്.അനന്തുവിന്റെ അവസരോചിതമായ ഇടപെടൽ മൂലമാണ് അപകടമൊഴിവായത്. മരം വീണ സ്ഥലത്തുനിന്ന് 600 മീറ്ററോളം പിന്നിലേക്ക് ഓടിയ അനന്തു അപായ സിഗ്നൽ നൽകി ട്രെയിൻ നിർത്തുകയായിരുന്നു.
റെയിൽവേ ഉദ്യോഗസ്ഥരെത്തി ലൈൻ ഓഫ് ചെയ്ത ശേഷം രാത്രി 8 മണിയോടെ അഗ്നിരക്ഷാസേനയെത്തി മരം വെട്ടിമാറ്റി. തിരുവനന്തപുരം ഭാഗത്തേക്കുള്ള ട്രെയിനുകൾ എട്ടരയോടെയും കോട്ടയം ഭാഗത്തേക്കുള്ള ട്രെയിനുകൾ 9.18നും സർവീസ് പുനരാരംഭിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]