
ചോരച്ചുവപ്പും ചെഞ്ചായ നാടകവും; പിടിവള്ളിയായി ‘റീത്ത്’, വാടാ പോടാ വിളികളും ഡെസ്കിൽ കയറിനിൽക്കലും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തൃശൂർ ∙ ‘ചോരച്ചുവപ്പിൽ’ മുങ്ങിനീരാടി പ്രതിപക്ഷ കോൺഗ്രസ് അംഗങ്ങളും ‘ചെഞ്ചായ നാടകം’ എന്ന് പരിഹസിച്ച് ഇടതു ഭരണപക്ഷ അംഗങ്ങളും നേർക്കുനേർ പോരാടാൻ ഇരിപ്പിടം വിട്ടിറങ്ങിയതോടെ കോർപറേഷൻ കൗൺസിൽ യോഗം യുദ്ധസമാനമായി. റോഡുകളിൽ ജീവൻ പൊലിയുന്ന വിഷയത്തിൽ സർവശക്തിയോടെ പ്രതിഷേധിക്കാൻ പ്രതിപക്ഷവും സർവസജ്ജമായി പ്രതിരോധിക്കാൻ ഇടത് അംഗങ്ങളും കച്ചകെട്ടിയതോടെ അനഭിലഷണീയമായ കാഴ്ചകൾക്കാണ് കോർപറേഷൻ സാക്ഷ്യംവഹിച്ചത്. പോർവിളികളും ഡെസ്കിൽ കയറി നിൽക്കലും സസ്പെൻഷൻ പ്രഖ്യാപനവും വാടാ പോടാ വിളികളും ഭീഷണികളുമായി ഒരു മണിക്കൂറിലധികം യോഗം സംഘർഷഭരിതമായിരുന്നു.
‘ചോര’പൊഴിച്ച് തുടക്കം
നഗരത്തിൽ കുഴിയിൽ വീഴാതിരിക്കാൻ വെട്ടിച്ച ബൈക്കിൽ ബസിടിച്ച് യുവാവ് മരിക്കുകയും കുഴിയിൽ വീണ് സ്കൂട്ടർ യാത്രികരായ ദമ്പതികൾക്കു പരുക്കേൽക്കുകയും ചെയ്ത സംഭവങ്ങളിൽ മേയർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് അംഗങ്ങൾ ശരീരത്തിൽ ചുവപ്പുമഷി ഉപയോഗിച്ച് പ്രതീകാത്മക ചോരവീഴ്ത്തി യോഗത്തിനു മുൻപേ കൗൺസിൽ ഹാളിനു പുറത്ത് സമരം ആരംഭിച്ചു. തല മുതൽ ഉടലാകെ ചോരയിൽ കുളിച്ച വേഷത്തിലാണ് വനിത കൗൺസിലർമാർ അടക്കമുള്ളവർ ഹാളിലേക്കു പ്രവേശിച്ചത്.
യോഗം ആരംഭിച്ചയുടൻ എംജി റോഡിൽ യുവാവ് അപകടത്തിൽ മരിക്കാനിടയായ വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം എണീറ്റുനിന്ന് കൗൺസിൽ ഹാളിലും പ്രതിഷേധം തുടർന്നു.പ്രശ്നം ഉണ്ടാക്കാനുള്ള സ്ഥലം ഇതല്ല എന്ന ആമുഖത്തോടെ യോഗ നടപടികളിലേക്കു കടക്കാൻ മേയർ എം.കെ.വർഗീസ് ആവശ്യപ്പെട്ടു. എംജി റോഡിൽ അപകടത്തിൽ മരിച്ച വിഷ്ണുദത്തിനും കൊടകരയിൽ കെട്ടിടം ഇടിഞ്ഞുവീണു മരിച്ച അതിഥി തൊഴിലാളികൾക്കും കൗൺസിൽ അനുശോചനം അറിയിച്ചു. ചർച്ചയ്ക്കു സമയം തരുമെന്ന് മേയർ അറിയിച്ചതോടെ അജൻഡ വായിക്കാൻ ആരംഭിച്ചു.
അടിതടയായി ആദ്യ അജൻഡ
പ്രതിപക്ഷ നേതാവ് രാജൻ ജെ.പല്ലൻ മേയറായിരിക്കെ 2014ൽ ഒരു സ്വകാര്യ സ്ഥാപനത്തിന് വഴിവിട്ട് വെള്ളവും വൈദ്യുതിയും നൽകിയത് അഴിമതിയാണെന്നും ഇതുമൂലം കോർപറേഷന് 24 ലക്ഷം രൂപയുടെ അധിക ബാധ്യത ഉണ്ടായെന്നും രാജൻ പല്ലൻ കൗൺസിൽ സ്ഥാനം രാജിവയ്ക്കണമെന്നും സിപിഐയിലെ ഐ.സതീഷ് കുമാർ ആദ്യ അജൻഡ അവതരണത്തിൽ ആരോപണം ഉന്നയിച്ചു. എംജി റോഡിൽ കോർപറേഷന്റെ അനാസ്ഥ മൂലമുണ്ടായ അപകട മരണത്തിൽ മേയർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ചർച്ച നടത്തണമെന്നും ആവശ്യപ്പെട്ട് രാജൻ പല്ലൻ എഴുന്നേറ്റതോടെ അജൻഡയിൽനിന്ന് ചർച്ചചെയ്യാൻ അദ്ദേഹത്തെ ഭരണപക്ഷത്തെ വർഗീസ് കണ്ടംകുളത്തി വെല്ലുവിളിച്ചു.
വെല്ലുവിളി ഏറ്റെടുക്കുന്നതായി അറിയിച്ച രാജൻ പല്ലൻ അന്നത്തെ കൗൺസിൽ ഏകകണ്ഠമായി എടുത്ത തീരുമാനത്തിലാണ് സ്വകാര്യ സ്ഥാപനവും കോർപറേഷനും സംയുക്തമായി ആരംഭിച്ച സംരംഭത്തിന് വൈദ്യുതി സൗജന്യം നൽകിയതെന്ന് പറഞ്ഞു. സ്വകാര്യ ഇ വന്റ് മാനേജ്മെന്റ് കമ്പനി ഷോപ്പിങ് ഫെസ്റ്റിവലിന്റ ഭാഗമായി നടത്തിയ പരിപാടിയുടെ 12 ല ക്ഷം രൂപ അടവാക്കാതെയും ബിനി ടൂറിസ്റ്റ് ഹോമിന് 25 ല ക്ഷം രൂപ ഇളവു ചെയ്തും കോ ർപറേഷനു നഷ്ടമുണ്ടാക്കിയ നിങ്ങൾക്കു നാണമില്ലേയെന്നും രാജൻ പല്ലൻ തിരിച്ചടിച്ചു.
പിടിവള്ളിയായി ‘റീത്ത്’
ചർച്ച ചെയ്യാതെ പുറത്തിറങ്ങാനാണു ശ്രമമെങ്കിൽ മേയറുടെ കസേരയിൽ റീത്ത് വച്ച് പ്രതിഷേധിക്കുമെന്ന പ്രസ്താവനയാണ് ഒരുമണിക്കൂർ നീണ്ട സംഘർഷത്തിൽ കലാശിച്ചത്. ‘അതൊക്കെ നന്നായി കൈകാര്യം ചെയ്യാൻ അറിയുന്നവരാണ് ഞങ്ങളെന്നും രാജൻ പല്ലൻ റീത്തുമായി വന്നാൽ പണിയറിയുമെന്നും’ വർഗീസ് കണ്ടംകുളത്തി വെല്ലുവിളിക്കുകയും മാപ്പ് പറയാൻ ആവശ്യപ്പെടുകയും ചെയ്തതോടെ രംഗം കനത്തു. ഭരണപക്ഷ കൗൺസിലർമാർ പ്രതിപക്ഷ നേതാവിനെ വളഞ്ഞും മേയറെ പ്രതിരോധിച്ചും നടുത്തളത്തിലെത്തി. കോൺഗ്രസ് അംഗങ്ങളും എണീറ്റതോടെ കയ്യാങ്കളിയായി.
‘അപ് ആൻഡ് ഡൗൺ’ വെല്ലുവിളി
സംഘർഷത്തിനിടെ കോൺഗ്രസ് അംഗം ജയപ്രകാശ് പൂവത്തിങ്കൽ ഡെസ്ക്കിനു മുകളിൽ കയറിയതോടെ പ്രതിഷേധത്തിന്റെ രൂപം മാറി. ജയപ്രകാശിനെ കൗൺസിലിൽനിന്ന് സസ്പെൻഡ് ചെയ്തതായി മേയർ അറിയിച്ചതോടെ 10 കോൺഗ്രസ് അംഗങ്ങൾ കൂടി ഡെസ്ക്കിൽ കയറിനിന്നു. വരാനിരിക്കുന്ന 2 കൗൺസിലുകളിൽ നിന്ന് ഇവരെയും കൂടി സസ്പെൻഡ് ചെയ്തതായി മേയർ അറിയിച്ചതോടെ മുഴുവൻ അംഗങ്ങളും ഡെസ്കിൽ കയറിനിന്ന് പ്രതിഷേധം ആരംഭിച്ചു. മുകളിൽനിന്ന് റീത്ത് ഉയർത്തിക്കാട്ടി പ്രതിപക്ഷവും താഴെനിന്ന് കോൺഗ്രസ് പ്രതിഷേധം നാടകമെന്ന് അപഹസിച്ച് ഭരണപക്ഷവും മുദ്രാവാക്യം വിളി തുടർന്നു.
‘ജനങ്ങളുടെ ജീവനു വിലകൽപ്പിക്കാത്ത മേയർ രാജിവയ്ക്കുക’ എന്നെഴുതിയ പ്ലക്കാർഡുകളുമായി ബിജെപി കൗൺസിലർമാർ കറുത്ത തുണികൊണ്ട് വായ്മൂടിക്കെട്ടി നടുത്തളത്തിലിരുന്ന് പ്രതിഷേധിച്ചു. സർവകക്ഷി യോഗം വിളിച്ച് ചർച്ച ചെയ്യാമെന്ന് അറിയിച്ച് 12.25ന് മേയർ ചേംബറിലേക്കു പോയെങ്കിലും കോൺഗ്രസ്, ബിജെപി അംഗങ്ങൾ നടുത്തളത്തിൽ പ്രതിഷേധം തുടർന്നു. 12.45ന് മേയർ തിരികെ അധ്യക്ഷ സ്ഥാനത്തെത്തി ചർച്ചചെയ്തു മുന്നോട്ടുപോകുമെന്ന് അംഗങ്ങളെ അറിയിച്ചു. മാറ്റിവയ്ക്കേണ്ട ഗൗരവമായ വിഷയങ്ങൾ ഒഴികെ മറ്റ് അജൻഡകൾ പാസാക്കിയതായും അറിയിച്ച് കൗൺസിൽ പിരിച്ചുവിട്ടു. ഇതിനിടെ, പ്രതിപക്ഷ നേതാവിനെ സഭ്യമല്ലാത്ത ഭാഷയിൽ മേയർ എം.കെ.വർഗീസ് അപഹസിച്ചതായി ആരോപണമുയർന്നു.